ബേപ്പൂർ: കോഴിക്കോട് ലോക്സഭ മണ്ഡലത്തിലെ ബേപ്പൂർ നിയമസഭ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കുമെങ്കിലും പാർലമെൻറ് തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനെയാണ് പിന്തുണക്കാറ്. നിയമസഭ തെരഞ്ഞെടുപ്പുകളിൽ 13 തവണ ഇടതിനെ കൈവിടാതെ ഒപ്പംനിന്ന ചരിത്രമാണ് മണ്ഡലത്തിനുള്ളത്. ജയിപ്പിച്ചവരെത്തന്നെ വീണ്ടും വിജയിപ്പിക്കുന്ന പാരമ്പര്യവും ബേപ്പൂരിനുണ്ട്. എൻ.പി. മൊയ്തീൻ, എളമരം കരീം, വി.കെ.സി. മമ്മദ് കോയ എന്നിവർ രണ്ടുതവണ വീതവും ടി.കെ. ഹംസയും കെ. ചാത്തുണ്ണി മാസ്റ്ററും മൂന്നുതവണ വീതവും വിജയികളായി.
1977ലും 1980ലും എൻ.പി. മൊയ്തീൻ കോൺഗ്രസിനുവേണ്ടി ജയിച്ചതൊഴിച്ചാൽ പിന്നീട് ഒരിക്കൽപോലും ബേപ്പൂർ മണ്ഡലത്തിൽ കോൺഗ്രസിന് സാന്നിധ്യമറിയിക്കാൻ കഴിഞ്ഞിട്ടില്ല. തുടർന്ന് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടതുമുന്നണിക്ക് തന്നെയാണ് വിജയം. പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ പക്ഷേ, യു.ഡി.എഫ് മിക്കപ്പോഴും മേൽക്കൈ നേടുക പതിവാണ്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 10,423 വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലം യു.ഡി.എഫിന് നൽകിയത്. 1991ൽ പരസ്യമായ കോ-ലീ-ബി പരീക്ഷണത്തിനും ബേപ്പൂർ വേദിയായെങ്കിലും ഇടതുമുന്നണിയെ മറികടക്കാൻ സാധിച്ചില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 13 ശതമാനം വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്.
2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബേപ്പൂർ പോർട്ട്, മാറാട്, ബേപ്പൂർ എന്നീ കോർപറേഷൻ വാർഡുകൾ ബി.ജെ.പിക്കൊപ്പം നിന്നുവെങ്കിലും 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ വാർഡുകളെല്ലാം എൽ.ഡി.എഫിനൊപ്പമായിരുന്നു. ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികളും കടലുണ്ടി ഗ്രാമപഞ്ചായത്തും കോഴിക്കോട് കോർപറേഷന്റെ 14 വാർഡുകളും ചേർന്നതാണ് ബേപ്പൂർ മണ്ഡലം. മൂന്നുതവണ കോഴിക്കോടിന്റെ എം.പി എന്ന നിലയിൽ യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവനും രണ്ടു തവണ ബേപ്പൂരിന്റെ എം.എൽ.എ എന്ന നിലക്ക് എൽ.ഡി.എഫ് സ്ഥാനാർഥി എളമരം കരീമും ബേപ്പൂരുകാർക്ക് സുപരിചിതരാണ്.
അതിനാൽതന്നെ ഇരുവരും ബേപ്പൂരിൽ വൻ പ്രചാരണമാണ് നടത്തുന്നത്. രാഘവന് മണ്ഡലത്തിലുള്ള വ്യക്തിബന്ധങ്ങൾ മുതൽക്കൂട്ടാകുമെന്ന് യു.ഡി.എഫ് പറയുമ്പോൾ മണ്ഡലത്തിലെ ചെറുകിട വ്യവസായ മേഖലയിൽ അനേകം തൊഴിലാളികളുള്ളത് തൊഴിലാളി നേതാവ് എന്ന നിലക്ക് കരീമിന് മുതൽക്കൂട്ടാണെന്ന് എൽ.ഡി.എഫും പറയുന്നു. ബേപ്പൂർ തുറമുഖ വികസനം ഉൾപ്പെടെയുള്ളവയാണ് മണ്ഡലത്തിലെ വികസന ചർച്ചയിൽ പ്രധാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.