കോഴിക്കോട്: പൊലീസ് വാഹനപരിശോധന നടത്തുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ കവർന്ന ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ട യുവാവ് അറസ്റ്റിലായി. കാസർകോട് ചെർക്കളം സ്വദേശി പൈക്ക ഹൗസിൽ അബ്ദുൽ ശുഹൈബിനെയാണ് (20) നടക്കാവ് പൊലീസ് ഇൻസ്പെക്ടർ പി.കെ. ജിജീഷ് അറസ്റ്റ് ചെയ്തത്.
കൊട്ടാരം റോഡിൽ വാഹനപരിശോധന നടത്തവെ പൊലീസിനെ കണ്ട ഇയാൾ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പരിശോധനയിൽ ബൈക്കിന്റെ പിന്നിലെ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയതായും മുന്നിൽ വ്യാജ നമ്പറാണ് പതിച്ചതെന്നും മനസ്സിലായി. തുടരന്വേഷണത്തിൽ ബൈക്ക് മംഗളൂരുവിൽനിന്ന് കളവുപോയതാണെന്നും ഉടമസ്ഥൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും കണ്ടെത്തി. പ്രദേശത്തെ സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഇയാൾ കോഴിക്കോട്ടെ ജ്യൂസ് കടയിൽ ജ്യൂസ് മേക്കറായി ജോലിചെയ്തുവരുകയാണെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് അറസ്റ്റ്. കാസർകോടുള്ള സുഹൃത്തുമായി ചേർന്നാണ് ബൈക്ക് കവർന്നതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. പ്രതിയെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നടക്കാവ് സബ് ഇൻസ്പെക്ടർമാരായ ബിനു മോഹൻ, ബാബു പുതുശ്ശേരി, എ.എസ്.ഐ ശശികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീകാന്ത്, എം.വി. ബബിത്ത്, കുറുമണ്ണിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.