മാവൂർ: തിങ്കളാഴ്ച ഗതാഗതത്തിന് തുറന്നുകൊടുത്ത എളമരം കടവ് പാലത്തിന്റെ മാവൂർ ഭാഗത്തെ അപ്രോച്ച് റോഡിൽ സുരക്ഷ സംവിധാനങ്ങൾ ഇല്ലാത്തത് ആദ്യദിവസം തന്നെ അപകടങ്ങൾക്ക് കാരണമായി. ചൊവ്വാഴ്ച രാവിലെ മൂന്നോളം അപകടങ്ങൾ ഇവിടെ ഉണ്ടായി. ഭാഗ്യംകൊണ്ട് മാത്രമാണ് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. അപകടങ്ങൾ ആവർത്തിക്കപ്പെട്ടതോടെ മാവൂർ പൊലീസ് സ്ഥലത്തെത്തി താൽക്കാലിക സംവിധാനങ്ങൾ സ്ഥാപിച്ചു.
ഒഴിഞ്ഞ ബാരലുകൾ നിരത്തിയാണ് ഗതാഗതം നിയന്ത്രിക്കുന്നത്. ആറു ഭാഗത്തേക്ക് വാഹനങ്ങൾ കടന്നുപോകുന്ന എളമരം പാലം ജങ്ഷനിൽ റൗണ്ട് എബൗട്ടോ മറ്റു സുരക്ഷ സംവിധാനങ്ങളോ ഇല്ലാത്തത് അപകടസാധ്യതക്ക് കാരണമാകുമെന്ന് ''മാധ്യമം'' കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
പാലത്തിൽനിന്ന് മാവൂർ - കൂളിമാട് റോഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതും തിരിച്ച് വാഹനങ്ങൾ പാലത്തിലേക്ക് പ്രവേശിക്കുന്നതും അപകടങ്ങൾക്ക് കാരണമാകുമെന്ന് നേരത്തെ തന്നെ ആശങ്കയുണ്ടായിരുന്നു. വാഹനങ്ങൾ ഓടിത്തുടങ്ങി അപകടസാധ്യതകളും മറ്റും പരിശോധിച്ച് വിലയിരുത്തിയശേഷം റൗണ്ട് എബൗട്ട് സ്ഥാപിക്കാനാണ് തീരുമാനം. തിങ്കളാഴ്ച ഒരുക്കിയ താൽക്കാലിക സുരക്ഷസംവിധാനം ഈ പരിശോധനയുടെ ഭാഗം കൂടിയാണ്. റോഡിൽ ഡിവൈഡർ ലൈനുകളും വരക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.