മാവൂർ: ജീവിതം പാതിവഴിയിൽ മുറിഞ്ഞുപോകുമെന്ന ആശങ്കയിലുള്ളവരടക്കം ആറുപേർക്ക് പുതുജീവൻ നൽകിയ ആദിത്തിന് നാട് വിടചൊല്ലി. നേത്ര-അവയവദാനത്തിലൂടെ പ്രസിദ്ധമായ ഗ്രാമമായ ചെറുകുളത്തൂരിലെ തറമണ്ണിൽ നാരായണൻ നായരുടെ മകൾ സ്മിതയുടെയും പെരുമൺപുറ ലന്യ നിവാസിലെ മനോഹരന്റെയും മകൻ ആദിത്താണ് അവയവദാനത്തിലൂടെ അനശ്വരനായത്.
എൻ.ജി.ഒ ക്വാർട്ടേഴ്സ് ജി.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർഥിയായ ആദിത്തിന്റെ (16) ഹൃദയം ഇനി ഒറ്റപ്പാലം സ്വദേശി സ്വഗീൽ അമീറിന്റെ ശരീരത്തിൽ തുടിക്കും. കരൾ കോഴിക്കോട് സ്വദേശി രാജനും വൃക്കകൾ ചെറുവാടി സ്വദേശി നസീറക്കും (41), മലപ്പുറം സ്വദേശി ഷാഹിനക്കും പുതുജീവനേകി.
ആദിത്തിന്റെ കണ്ണുകൾ മറ്റ് രണ്ടുപേർക്കും വെളിച്ചമേകും. മകന്റെ അകാലവേർപാടിൽ വേദന കടിച്ചമർത്തി രക്ഷിതാക്കൾ മറ്റുള്ളവരുടെ ജീവിതദുരിതമകറ്റാൻ തീരുമാനമെടുക്കുകയായിരുന്നു.
ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽതല്ലുന്ന കാലത്ത് മാനവികതയുടെ ഉദാത്തമാതൃക സൃഷ്ടിച്ചു ഈ കുടുംബം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ആദിത്ത് മസ്തിഷ്കാഘാതത്തെ തുടർന്ന് മരിച്ചത്. മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ രക്ഷിതാക്കൾ അവയവദാനത്തിന് തയാറാകുകയായിരുന്നു.
കോഴിക്കോട് മെട്രോമെഡ് ഇന്റർനാഷനൽ കാർഡിയാക് സെന്ററിലെ ട്രാൻസ്പ്ലാന്റ് സർജൻ ഡോ. വി. നന്ദകുമാറിന്റെ നേതൃത്വത്തിൽ ഡോ. അശോക് ജയരാജ്, ഡോ. അബ്ദുൽ റിയാദ്, ഡോ.അബ്ദുൽ ജലീൽ, ഡോ. ഗോപാലകൃഷ്ണൻ രാമൻ, ഡോ. ലക്ഷ്മി, ഡോ. വ്യാസ് എന്നിവരടങ്ങുന്ന സംഘമാണ് സർജറി പൂർത്തിയാക്കിയത്.
കഴിഞ്ഞ ഒരാഴ്ചയായി കോഴിക്കോട് ഇഖ്റാ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു ആദിത്ത്. സർക്കാറിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനി യുടെ സഹായത്തോടെ വൃക്കകൾ കോഴിക്കോട് മെഡിക്കൽ കോളജിലെയും ഇഖ്റ ഹോസ്പിറ്റലിലെയും രോഗികൾക്കും കരൾ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കുമാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.