മാവൂർ: ചാലിയാറിൽ കവണക്കല്ലിൽ റെഗുലേറ്ററിന്റെ ഷട്ടർ താഴ്ത്തുമ്പോൾ മാവൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വയലുകളിലെ കൃഷി വെള്ളത്തിൽ മുങ്ങി നശിക്കുന്നത് പരിഹരിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി മൈനർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ വിവിധയിടങ്ങളിൽ പരിശോധന നടത്തി.
മണന്തലക്കടവിലെ പൂളക്കോട്, കൽപള്ളി വാലുമ്മൽ, കണ്ണിപറമ്പ് ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. പൂളക്കോട് തോട്ടിൽ വി.സി.ബി നിർമിക്കുന്നതിനുള്ള സാധ്യത ഉദ്യോഗസ്ഥർ പരിശോധിച്ചു. ഊർക്കടവിൽ കവണക്കല്ല് റെഗുലേറ്ററിന്റെ ഷട്ടറിടുമ്പോൾ മാവൂർ പാടത്തുൾപ്പെടെ വെള്ളം കയറി നെൽകൃഷി വ്യാപകമായി നശിക്കുന്നത് പതിവാണ്.
പൂളക്കോട് തോടിനു കുറുകെ വി.സി.ബിയും സമീപത്ത് പമ്പ് ഹൗസും നിർമിക്കുന്നതിനുള്ള നടപടി തുടങ്ങാൻ തീരുമാനിച്ചു. റെഗുലേറ്ററിന്റെ ഷട്ടർ ഇട്ടതുമൂലം ചാലിയാർ പുഴയോടു ചേർന്നുള്ള മാവൂർ പാടത്ത് മൂന്ന് ഏക്കറോളം ഭാഗത്ത് നെൽകൃഷി നശിച്ചിരുന്നു. മറ്റു വയലുകളിലും സമാന സംഭവങ്ങളുണ്ടായി.
വിഷയം ഗ്രാമപഞ്ചായത്ത് വികസന സെമിനാറിൽ കർഷകർ ഉന്നയിച്ചിരുന്നു. തുടർന്ന് മാവൂർ കൃഷി ഓഫിസർ ഡോ. ദർശന ദിലീപ് മൈനർ ഇറിഗേഷൻ വകുപ്പിന് ഇതുസംബന്ധിച്ച് കത്ത് നൽകിയിരുന്നു. വിഷയം കലക്ടറുടെ ശ്രദ്ധയിൽപെടുത്താനും ഉദ്ദേശ്യമുണ്ട്. കൽപള്ളി വാലുമ്മൽ വി.സി.ബിക്ക് നിലവിൽ ഷട്ടറുകൾ ഇല്ല. ഇവിടെ ഷട്ടർ സ്ഥാപിക്കാനും നടപടിയെടുക്കും.
കണ്ണിപറമ്പിൽ ചെറുപുഴയിൽനിന്ന് വെള്ളം കയറുന്നത് തടയാനും നടപടിയുണ്ടാകും. മൈനർ ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ സത്യൻ, അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ അജയൻ, അസിസ്റ്റൻറ് എൻജിനീയർ തസ്‌ന, ഓവർസിയർ അഖില എന്നിവരാണ് സന്ദർശിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. രഞ്ജിത്ത്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. അപ്പു കുഞ്ഞൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ഉണ്ണികൃഷ്ണൻ, എം.പി. അബ്ദുൽ കരീം, മാവൂർ കൃഷി ഓഫിസർ ഡോ. ദർശന ദിലീപ് തുടങ്ങിയവരും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.