മാവൂർ: ആവശ്യത്തിന് വാക്സിൻ ലഭ്യമാകാത്തതിനെ തുടർന്ന് ചെറൂപ്പ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ബഹളവും സംഘർഷവും. കോവിഡ് പ്രോട്ടോകോൾപോലും ലംഘിച്ച് ആളുകൾ കൂട്ടംകൂടിയതോടെ പൊലീസെത്തിയാണ് ബഹളം അവസാനിപ്പിച്ചത്. ആഴ്ചയിൽ അഞ്ച് ദിവസം വാക്സിൻ കുത്തിവെപ്പ് നടക്കുന്ന ചെറൂപ്പ ആശുപത്രിയിൽ കഴിഞ്ഞ ദിവസം 500 ഡോസ് വാക്സിനാണ് എത്തിയത്. അതിൽ 350 ഡോസ് തിങ്കളാഴ്ചതന്നെ കുത്തിവെച്ചതോടെ 150 വാക്സിൻ മാത്രമാണ് ബാക്കിയായത്.
ചൊവ്വാഴ്ച വാക്സിൻ കുത്തിവെപ്പിനായി 500ലധികം പേർ ചെറു ആശുപത്രിയിൽ എത്തുകയും വരിനിൽക്കുകയും ചെയ്തു. സ്റ്റോക്കുള്ള 150 ഡോസ് കുത്തിവെക്കുന്നതിനായി, രാവിലെ ആദ്യമെത്തിയ 150 പേർക്ക് ടോക്കൺ നൽകുകയായിരുന്നു. ശേഷിക്കുന്നവരോട് അടുത്ത ദിവസം വരാനാവശ്യപ്പെട്ട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടതോടെ ആളുകൾ ബഹളംവെക്കുകയും വാക്കുതർക്കവും സംഘർഷവും ഉടലെടുക്കുകയുമായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പോലും ലംഘിച്ച് ആളുകൾ കൂട്ടംകൂടി ബഹളംവെച്ചതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന്, മാവൂർ പൊലീസ് എത്തിയാണ് ആളുകളെ പിരിച്ചുവിട്ടത്. ചൊവ്വാഴ്ച കൂടുതൽ വാക്സിൻ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ എത്തിയിട്ടില്ല. മെഡിക്കൽ കോളജ് ആശുപത്രിയുടെ ഹെൽത്ത് യൂനിറ്റായ ചെറൂപ്പ ആശുപത്രിയിൽ മാവൂർ, പെരുവയൽ, പെരുമണ്ണ, ചാത്തമംഗലം, വാഴക്കാട് ഗ്രാമപഞ്ചായത്തുകളിൽനിന്നുള്ള ആളുകൾ വാക്സിൻ കുത്തിവെക്കാൻ എത്തുന്നുണ്ട്. അതിനാൽ, ഇവിടെ ഇപ്പോൾ ദിവസവും തിരക്കേറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.