കൊഴിഞ്ഞുപോക്കും പുതിയ പാർട്ടിയും; മാവൂരിൽ സി.പി.എം പ്രതിരോധത്തിൽ

മാവൂർ: മുൻ ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അടക്കമുള്ള പ്രവർത്തകരുടെയും അനുഭാവികളുടെയും കൊഴിഞ്ഞുപോക്കും പുതിയ പാർട്ടിയിൽ ഇവരുടെ അംഗത്വവും മാവൂരിൽ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നു. ജില്ല പഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷനും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും രണ്ടു തവണ മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന വി. ബാലകൃഷ്ണൻ നായരാണ് സി.പി.എം വിട്ടത്. നിലവിൽ മാവൂർ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റായ വി. ബാലകൃഷ്ണൻ നായർ കുറച്ചുനാളായി പാർട്ടി പ്രവർത്തനങ്ങളിൽനിന്ന് അകന്നുനിൽക്കുകയാണ്.

നിലവിൽ പാർട്ടി അംഗത്വം പുതുക്കിയിട്ടില്ലാത്ത ഇദ്ദേഹം പുതുതായി രൂപവത്കരിച്ച കേരള പ്രവാസി അസോസിയേഷനിൽ അംഗത്വമെടുക്കുകയും ചെയ്തു. പ്രവാസികൾ നയിക്കുന്ന രാജ്യത്തെ ആദ്യത്തെ സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയെന്ന് അവകാശപ്പെട്ട് രൂപവത്കരിച്ചതാണ് കേരള പ്രവാസി അസോസിയേഷൻ. ബാലകൃഷ്ണൻ നായരുടെ മകൻ രാജേന്ദ്രൻ വെള്ളപ്പാലത്താണ് ഈ പാർട്ടിയുടെ ദേശീയ ചെയർമാൻ. തെരഞ്ഞെടുപ്പ് കമീഷന്റെ അംഗീകാരം നേടിയ പാർട്ടിയുടെ അംഗത്വ കാമ്പയിൻ ഉദ്ഘാടനം ശനിയാഴ്ച കോഴിക്കോട്ട് നടന്നിരുന്നു. മാവൂരിൽനിന്ന് നിരവധി സി.പി.എം അനുഭാവികൾ അംഗത്വം എടുത്തെന്നും കൂടുതൽ പേർ സി.പി.എം വിടുമെന്നുമാണ് അവകാശവാദം.

യോഗത്തിൽ മെംബർഷിപ് ഏറ്റുവാങ്ങി സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത് സി.പി.എം കച്ചേരിക്കുന്ന് സൗത്ത് ബ്രാഞ്ച് മുൻ സെക്രട്ടറി സജീവനാണ്. ജനാധിപത്യ മഹിള അസോസിയേഷൻ മുൻ യൂനിറ്റ് ഭാരവാഹിയും പാർട്ടി അംഗവുമായ ഭാര്യ ശ്രീജയും ഡി.വൈ.എഫ്.ഐ യൂനിറ്റ് കമ്മിറ്റി മെംബറും പാർട്ടി അംഗവുമായ മകൻ ശ്രീജിത്തും മെംബർഷിപ് എടുത്തവരിൽപെടും. പാർട്ടിയുടെ പഞ്ചായത്ത് കമ്മിറ്റി രൂപവത്കരണം അടുത്ത ദിവസം നടക്കുന്നുണ്ട്. സി.പി.എം ഭരിക്കുന്ന മാവൂർ സർവിസ് സഹകരണ ബാങ്ക് ഭൂമി ഇടപാടിൽ ഉയർന്ന സാമ്പത്തിക ക്രമക്കേട് ആരോപണമടക്കമുള്ള വിഷയമാണ് പാർട്ടി വിടാൻ കാരണമെന്നാണ് ബാലകൃഷ്ണൻ നായരുടെ വാദം. അതേസമയം, വിവിധ താൽപര്യങ്ങൾക്ക് പാർട്ടി വിട്ടവരും പല ഘട്ടങ്ങളിൽ നടപടി നേരിട്ടവരുമാണ് ഇവരെന്നാണ് സി.പി.എമ്മിന്റെ വിശദീകരണം.

സി.പി.എമ്മിൽനിന്ന് മൂന്നുപേരെ പുറത്താക്കി

മാവൂർ: പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ടതിന് സി.പി.എം കുന്ദമംഗലം ഏരിയ കമ്മിറ്റിക്കു കീഴിലുള്ള മാവൂർ ലോക്കലിലെ മൂന്നംഗങ്ങളെ പുറത്താക്കിയതായി ജില്ല കമ്മിറ്റി അറിയിച്ചു. കച്ചേരിക്കുന്ന് ബ്രാഞ്ച് അംഗങ്ങളായ സജീവൻ, ശ്രീജ, ശ്രീജിത്ത് എന്നിവരെയാണ് പുറത്താക്കിയത്.

Tags:    
News Summary - CPM in defense in the Mavoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.