മാവൂർ: ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറുമ്പോൾ പ്ലാറ്റ്ഫോമിനും വണ്ടിക്കുമിടയിലൂടെ ട്രാക്കിലേക്ക് വീഴുന്നതിനിടെ ബാലനെയും പിതാവിനെയും രക്ഷിച്ച് ആർ.പി.എഫ് ഉദ്യോഗസ്ഥൻ. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ മേയ് 25നുണ്ടായ സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ വൈറലായിരുന്നു.
മാവൂർ ചെറൂപ്പ കൂടത്തുംകുഴി മീത്തൽ എം.പി. മുഹമ്മദ് ഇല്യാസാണ് ദുരന്തത്തിൽനിന്ന് കുട്ടിയെയും പിതാവിനെയും രക്ഷപ്പെടുത്തിയത്. മേയ് 25ന് വൈകീട്ട് 5.20ന് 12617 എറണാകുളം-നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസിൽ കയറാനെത്തിയ കുടുംബമാണ് അപകടത്തിൽപെട്ടത്. കോഴിക്കോട് നാലാം നമ്പർ പ്ലാറ്റ്ഫോമിലാണ് സംഭവം.
വൈകിയെത്തിയ ഇവർ ട്രെയിൻ ഓടിത്തുടങ്ങിയപ്പോൾ ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു. ദമ്പതികളിലെ യുവതി ആദ്യം കമ്പാർട്ട്മെന്റിൽ കയറി. യുവാവ് ലഗേജുകൾ ഓരോന്നായി കമ്പാർട്ട്മെന്റിനകത്തേക്ക് എറിഞ്ഞശേഷം രണ്ടു ബാഗുമായി മകനോടൊപ്പം ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ, സ്റ്റെപ്പിൽ കാൽ വെക്കുമ്പോഴേക്കും വേഗം കൂടിയ ട്രെയിനിൽ കയറാനാകാതെ പ്ലാറ്റ്ഫോമിനും വണ്ടിക്കുമിടയിലൂടെ രണ്ടുപേരും ട്രാക്കിലേക്ക് വീഴാൻ തുടങ്ങി. പ്ലാറ്റ്ഫോമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഹമ്മദ് ഇല്യാസ് ഇതുകണ്ട് ഉടൻ ഓടിയെത്തി മകനെയും പിതാവിനെയും പ്ലാറ്റ്ഫോമിലേക്ക് വലിച്ചിട്ടതിനാൽ അപകടം ഒഴിവായി. ഈ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.
ഉദ്യോഗസ്ഥന്റെ സമയോചിത ഇടപെടലിലൂടെ രണ്ടു ജീവനുകളാണ് രക്ഷപ്പെട്ടത്. ഉദ്യോഗസ്ഥൻ ട്രെയിൻ മാനേജറെ (ഗാർഡിനെ) വിവരം ധരിപ്പിച്ചതോടെ അദ്ദേഹം വണ്ടി നിർത്തുകയും തുടർന്ന് രണ്ടുപേരെയും ഇതേ ട്രെയിനിൽ കയറ്റിവിടുകയുമായിരുന്നു.
ഓടുന്ന ട്രെയിനിൽ കയറുന്നതുവഴി അപകടങ്ങൾ സംഭവിക്കുന്നത് പതിവാണെന്ന് ഇല്യാസ് പറയുന്നു. റെയിൽവേ ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും ഓടിക്കയറാൻ വരുന്നവരെ തടഞ്ഞാൽ വണ്ടി മിസ്സായെന്ന് പറഞ്ഞ് തർക്കിക്കുകയാണ് പതിവ്.
18 വർഷമായി ആർ.പി.എഫിൽ ജോലി ചെയ്യുന്ന ഇല്യാസ് ആർ.പി.എഫിന്റെ ദേശീയ ഫുട്ബാൾ താരം കൂടിയാണ്. സതേൺ റെയിൽവേക്കുവേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. ചെറൂപ്പ കൂടത്തുംകുഴി മീത്തൽ എം.പി. മുഹമ്മദിന്റെയും സുബൈദയുടെയും മകനാണ് ഇല്യാസ്. ഭാര്യ: വി.പി. സുംന. മകൾ: ഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.