മാവൂർ: തെക്കൻ തിരുവിതാംകൂറിലാണ് ജനിച്ചതെങ്കിലും തൊഴിലിടം മാവൂരിലായതോടെ കോഴിക്കോടൻ നാടകവേദികളിലെ സ്ഥിരസാന്നിധ്യമായി മാറിയ നടനാണ് മാവൂർ കണ്ണിപ്പറമ്പ് ‘ഉപാസന’യിൽ ആർ. ഗോപിനാഥ്. നിരവധി നാടകങ്ങളിലും സീരിയലിലും സിനിമകളിലും വേഷമിട്ട് ശ്രദ്ധനേടി.
കൊല്ലം കൊട്ടാരക്കര കൊട്ടക്കാട്ട് രാമൻ നായരുടെയും കീഴ്പാലഴികത്ത് കല്യാണിയമ്മയുടെയും മകനായി 1939ലാണ് ജനനം. 12ാം വയസ്സിൽ അരങ്ങിലെത്തിയ ഗോപിനാഥ് വിദ്യാർഥിയായിരിക്കെ മോണോ ആക്ട്, പ്രച്ഛന്നവേഷം മത്സരങ്ങളിൽ സമ്മാനം നേടിയിരുന്നു.
1961ലാണ് മാവൂർ ഗ്വാളിയോർ റയോൺസിൽ ജീവനക്കാരനായെത്തിയത്. തുടർന്ന് അഭിനയരംഗത്ത് സജീവമാകുകയായിരുന്നു. ത്രിവേണി കലാസംഘടനയിലാണ് തുടക്കം. പിന്നീട് ഉപാസന, ധ്വനി, ഉപാസന നാടകസമിതികളിലും മുഖ്യനടനായി.
കോഴിക്കോടൻ ഭാഷ സംസാരിച്ച് നിരവധി മുസ്ലിം കഥാപാത്രങ്ങൾക്ക് വേഷമിട്ടു. കലിംഗ തിയറ്റേഴ്സ്, മലബാർ തിയറ്റേഴ്സ് എന്നീ പ്രഫഷനൽ നാടകസമിതികളിലും എണ്ണമറ്റ അമേച്വർ നാടകസമിതികളിലും സഹകരിച്ചു. 2000ലധികം വേദികളിൽ അഭിനയിച്ചു. തെരുവുനാടകങ്ങളിലും വേഷമിട്ടു.
വി.കെ. കൃഷ്ണമേനോൻ അവാർഡ്, പള്ളം ട്രോഫി, 1989ലെ മികച്ച നടനുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ് എന്നിവയടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.
കസവ്, സ്കൂൾ ഡയറി, അഗ്നിപുത്രി, കാഴ്ചകൾ, എം.ടി കഥകൾ, ബഷീർ കഥകൾ, സുൽത്താൻ വീട് സീരിയലുകളിലും യാനം, മിഴിയടയുംമുമ്പേ ഡോക്യുമെന്ററികളിലും കല്ലായിക്കടവത്ത് ഹോം സിനിമയിലും അഭിനിയിച്ചു. വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ആനമല, മുത്തം മണിമുത്തം, വാരിക്കുഴി, പാലേരി മാണിക്യം, ഇന്ത്യൻ റുപ്പി തുടങ്ങിയവയാണ് വേഷമിട്ട സിനിമകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.