മാവൂർ: കാട്ടുപന്നി ആക്രമണത്തിൽ വീട്ടമ്മക്ക് സാരമായി പരിക്കേറ്റു. മാവൂർ സൗത്ത് അരയങ്കോട് വളയങ്കോട്ടുമ്മൽ ആമിനക്കാണ് (60) പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11.30ഓടെ വീടിനടുത്തുള്ള റോഡിൽവെച്ചാണ് ആക്രമണം. ആടിന് ഇലകൾ ശേഖരിക്കാൻ വീടിനടുത്ത വയലിലേക്ക് പോകുമ്പോൾ ഓടിവന്ന കാട്ടുപന്നി കുത്തിവീഴ്ത്തുകയായിരുന്നു. സൗത്ത് അരയങ്കോട് -മുക്കിൽ റോഡിലാണ് സംഭവം. ഈ സമയത്ത് റോഡിൽ ആരുമുണ്ടായിരുന്നില്ല.
വീണിടത്തുവെച്ചും പന്നി ആക്രമിച്ചു. പരിക്കേറ്റ ആമിന വീട്ടിലെത്തി സംഭവം അറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ ഉടൻ കുഴഞ്ഞുവീഴുകയും ചെയ്തു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചതവും പൊട്ടലും പരിക്കുമുണ്ട്. ആന്തരികാവയവങ്ങൾക്കും ചതവുപറ്റി.
ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടുപന്നിശല്യമുള്ള പ്രദേശമാണിത്. രണ്ടുവർഷം മുമ്പ് കാട്ടുപന്നി ആക്രമണത്തിൽനിന്ന് ഇവർ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തൊട്ടടുത്ത പറമ്പിൽ പശുവിനെ കെട്ടാൻ പോകുമ്പോൾ കാട്ടുപന്നി ആക്രമിക്കാൻ കുതിച്ചുവരുകയായിരുന്നു. പരിസരവാസി ഓടിവന്നാണ് അന്ന് രക്ഷപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.