മാവൂർ: കൂറ്റൻ മാവ് കടപുഴകി മണിക്കൂറുകൾ ഗതാഗതം മുടങ്ങി. കുറ്റിക്കടവ്-കോഴിക്കോട് റോഡിൽ കുറ്റിക്കടവ് പള്ളിബസാറിൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെയാണ് സംഭവം. റോഡരികിലെ 12 അടി വണ്ണമുള്ള മാവാണ് ഹൈടെൻഷൻ വൈദ്യുതി ലൈനിന് മുകളിലൂടെ റോഡിന് കുറുകെ വീണത്. സമീപത്തെ വീടിന്റെ ചുറ്റുമതിൽ തകരുകയും വീടിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. രണ്ട് വൈദ്യുതിത്തൂണുകളും തകർന്നു. മുടങ്ങിയ വൈദ്യുതി തിങ്കളാഴ്ച സന്ധ്യയോടെയാണ് പുനഃസ്ഥാപിച്ചത്.
മുക്കം, വെള്ളിമാടുകുന്ന് സ്റ്റേഷനുകളിൽനിന്ന് മൂന്ന് യൂനിറ്റ് അഗ്നിരക്ഷാസേനയും മാവൂർ പൊലീസും നാട്ടുകാരും ചേർന്നാണ് മരം മുറിച്ചുമാറ്റിയത്. വലിയ മരമായതിനാൽ മൂന്ന് മണിക്കൂറോളം പ്രയത്നിച്ചാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മുക്കം ഫയർ സ്റ്റേഷൻ ഓഫിസർ എം. അബ്ദുൽ ഗഫൂർ, വെള്ളിമാടുകുന്ന് സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫിസർ ഗ്രേഡ് പി.എം. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാസേനയാണ് മരം വെട്ടിമാറ്റിയത്. സമീപത്തെ മറ്റൊരു കൂറ്റൻ മാവ് ആഴ്ചകൾക്കുമുമ്പ് കടപുഴകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.