കവർച്ചക്കേസ് പ്രതി ഹരിഷ

മാവൂരിലെ മൊബൈൽ കടയിലെ കവർച്ച: പ്രതി പിടിയിൽ

മാവൂർ: കെട്ടാങ്ങൽ റോഡിലെ അൽഫലാഹ് മൊബൈൽ കടയുടെ പൂട്ടുതകർത്ത് കവർച്ച നടത്തിയ കേസിലെ പ്രതിയെ മാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക ചിക്കബല്ലാപൂർ തിമ്മംപള്ളി തട്ടനഗരിപള്ളിയിലെ ഹരിഷയാണ് (22) അറസ്റ്റിലായത്.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് കവർച്ച നടന്നത്. 12 മൊബൈൽ ഫോണുകളും അഞ്ച് ഹെഡ് സെറ്റുകളുമാണ് കവർന്നത്. ആന്ധ്രാപ്രദേശിന്റെ അതിർത്തി ഗ്രാമമായ ഡോറനാലപ്പള്ളി എന്ന സ്ഥലത്തുനിന്നാണ് മാവൂർ എസ്.ഐ ബിജു ഭാസ്കർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ രജീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സന്തോഷ്, സജീവ്, ഷിനോജ് എന്നിവർ ചേർന്ന് പ്രതിയെ പിടിച്ചത്.

ഇയാൾ കവർന്ന ഫോണുകളുടെ ഐ.എം.ഇ.ഐ നമ്പർ സൈബർ സെല്ലിന് കൈമാറിയിരുന്നു. ഫോൺ സ്വിച്ച് ഓൺ ചെയ്തപ്പോൾ ഇത് പിന്തുടർന്നാണ് പൊലീസ് പിടികൂടിയത്. നാട്ടുകാർ എതിർത്തെങ്കിലും ഇത് വകവെക്കാതെ മൊബൈൽ ഫോണുകൾ പൊലീസ് കണ്ടെടുത്തു.

ഇടതു കൈക്കും ഇടതു കാലിനും ചെറിയ വൈകല്യമുള്ള പ്രതി, ഭിക്ഷാടകനെപ്പോലെ കടകളിൽ കയറിയിറങ്ങിയാണ് മോഷണത്തിന് തയാറെടുക്കാറുള്ളത്. കടകളിലെ പ്രത്യേകതകൾ മനസ്സിലാക്കിയശേഷം പിന്നീട് കാമറകളില്ലാത്ത കടകളിൽ മോഷണം നടത്തുകയാണ് രീതി.

കവർച്ച നടന്ന ദിവസം പകൽ മാവൂരിലെ കടകളിൽ ഇയാൾ ഭിക്ഷാടനത്തിന് എത്തിയിരുന്നു. കവർച്ചക്ക് പോകുന്നതിന്റെയും തിരിച്ചുവരുന്നതിന്റെയും ദൃശ്യങ്ങളും ഭിക്ഷാടനത്തിനെത്തിയപ്പോഴുള്ള ദൃശ്യങ്ങളും ആളെ തിരിച്ചറിയാൻ സഹായിച്ചു.

ഏത് സംസ്ഥാനക്കാരനാണെന്ന് മനസ്സിലാകാതിരിക്കാൻ ഭിക്ഷാടനസമയത്ത് പ്രതി സംസാരിക്കാറില്ല. മുത്തൂറ്റ് ധനകാര്യ സ്ഥാപനത്തിൽ മോഷണശ്രമം നടത്തിയതിന് മുമ്പ് ജയിലിൽ കിടന്നിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കമീഷണർ ഡി.ഐ.ജി എ. അക്ബർ, ഡി.സി.പി ഡോ. ശ്രീനിവാസ്, എ.സി.പി കെ. സുദർശൻ എന്നിവരും സിറ്റി സൈബർ സെല്ലടക്കമുള്ള ശാസ്ത്രീയ സംവിധാനങ്ങളുടെ എല്ലാവിധ സഹായങ്ങളും നൽകിയതുകൊണ്ടാണ് അഞ്ചുദിവസം കൊണ്ടുതന്നെ അന്തർസംസ്ഥാന ബന്ധമുള്ള പ്രതിയെ പിടിക്കാൻ കഴിഞ്ഞതെന്ന് മാവൂർ സി.ഐ കെ. വിനോദൻ പറഞ്ഞു.

Tags:    
News Summary - Mobile shop robbery in Mavur-Suspect arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.