മാവൂർ: പെരുവയൽ ഗ്രാമ പഞ്ചായത്തിലെ ചെറുകുളത്തൂരിൽ വീട് നിലംപൊത്തിയത് നാടിനെ ഒന്നടങ്കം ഞെട്ടിച്ചു. ആളുകൾ ഉള്ളിൽ കുടുങ്ങിക്കിടക്കുന്നെന്ന് അറിഞ്ഞതോടെ നാടൊന്നടങ്കം ഇവിടേക്ക് ഒഴുകി.
മഴയും മഴക്കെടുതിയും വർധിച്ച സമയമായതിനാൽ വീട്ടുകാർ ഉൾപ്പെട്ടെന്ന ഭീതിയായിരുന്നു ആദ്യം. അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാൻ കഠിനശ്രമം വേണ്ടിവന്നു. നിർമാണത്തിലെ അപാകതയാണ് വീട് തകരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് റവന്യൂവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും അറിയിച്ചു. ബലക്ഷയമുള്ള അടിത്തറയും ചുമരുമാണ് വീടിനുള്ളെതന്നാണ് നിഗമനം. ഓടിട്ട ഒറ്റനില വീടായിരുന്നു ഇത്. അതിനു യോജിച്ച അടിത്തറയാണുണ്ടായിരുന്നത്. തറക്ക് കോൺക്രീറ്റ് ബെൽറ്റുണ്ടായിരുന്നില്ലത്രെ. ഇതിനു മുകളിൽ ഇരുനില പടുത്തുയർത്തിയപ്പോൾ താങ്ങാനാവാത്തതാണ് തകരാൻ കാരണമെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു.
ഏതാനും മാസംമുമ്പാണ് വീട് നവീകരണം തുടങ്ങിയത്. അടിത്തറയടക്കം ബലമുള്ളതല്ലാത്തതിനാൽ മുകൾനിലയടക്കം കോൺക്രീറ്റ് ചെയ്ത് നിർമിക്കുന്നത് അപകടമാണെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നുവത്രെ. ഓടിട്ട മേൽക്കൂര പൊളിച്ചുമാറ്റുകയായിരുന്നു.
ജനലിനു മുകളിൽ ചുമർ പൊളിച്ചുമാറ്റിയാണ് പടുത്തുയർത്തുന്നത്. ആദ്യനില കോൺക്രീറ്റ് ചെയ്തശേഷം സിമൻറുകട്ട ഉപയോഗിച്ചാണ് മുകൾനില പടുത്തുയർത്തിയത്. മുകൾനില കോൺക്രീറ്റ് കഴിഞ്ഞത് ഏതാണ്ട് ഒരുമാസം മുമ്പാണ്. ജനലുകളും വാതിലും ഉറപ്പിച്ചശേഷം സിമൻറുതേപ്പ് തുടങ്ങിയത് ഞായറാഴ്ചയാണ്. ഒമ്പത് ഇതര സംസ്ഥാന തൊഴിലാളികൾ ഈ വീട്ടിൽ താമസിച്ചാണ് തേപ്പ് നടത്തുന്നത്. അരുൺദാസ് വിദേശത്താണുള്ളത്. വീട് നവീകരണപ്രവൃത്തി തുടങ്ങിയശേഷം ഭാര്യ സജിഷയും രണ്ടു മക്കളും സജിഷയുടെ വീട്ടിലാണ് താമസം.
വീട്ടിലെ ഫർണിച്ചറും മറ്റും സാധനസാമഗ്രികളും സജിഷയുടെ വീട്ടിലേക്കും അയൽപക്കത്തെ വീട്ടിലേക്കും മാറ്റിയിരിക്കുകയാണ്. അതിനാൽ ഇവ രക്ഷിച്ചെടുക്കാനായി. ഡെപ്യൂട്ടി കമീഷണർ സപ്നിൽ എം. മഹാജൻ, എ.സി.പി സുദർശൻ, സ്പെഷൽ ബ്രാഞ്ച് എ.സി ഉമേഷ്, മാവൂർ സി.ഐ കെ. വിനോദൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. തഹസിൽദാർ ഗോകുൽദാസ്, ഡെപ്യൂട്ടി തഹസിൽദാർ പി.എസ്. വിജയൻ, വിേല്ലജ് ഓഫിസർ വി.കെ. അനിൽകുമാർ എന്നിവരും സ്ഥലത്തെത്തി. േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു നെല്ലൂളി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുഹ്റാബി തുടങ്ങിയവരും സ്ഥലത്തെത്തി.
മാവൂർ: ചെറുകുളത്തൂരിൽ നിർമാണത്തിലിരിക്കുന്ന വീടുതകർന്നുണ്ടായ അപകടത്തിൽ വീടിനകത്ത് കുടുങ്ങിയിട്ടും മുഴുവൻപേർക്കും ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യംകൊണ്ടുമാത്രം. കോൺക്രീറ്റ് സ്ലാബ് തുരന്നാണ് ഉള്ളിൽ അകപ്പെട്ട ഒരാളെ രക്ഷിച്ചത്.
ചുമരും കല്ലും ബീമുമെല്ലാം താങ്ങിനിന്നതിനാൽ ഇയാളുടെ ദേഹത്ത് പതിക്കാെത രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റയാൾക്ക് കാലിന് പൊട്ടലുണ്ട്. ഇയാളുടെ കാൽ ബീമിന് അടിയിൽപ്പെട്ടിരുന്നു. ജാക്കികൊണ്ടുവന്ന് ബീം ഉയർത്തിയാണ് ഇയാളെ പുറത്തെടുത്തത്.
ഇയാളുടെ തലയും ഉടൽ ഭാഗവും പുറത്തുനിന്ന് കാണുന്നനിലയിലായിരുന്നു. ഓടിരക്ഷപ്പെടുന്നതിനിടെയാണ് ഇയാൾ അടിയിൽപ്പെട്ടത്. മറ്റുള്ളവരെല്ലാം ഉള്ളിൽ അകപ്പെട്ടിരുന്നില്ല. പലരും തകർന്നുവീഴുന്നതിനിടെ ചാടിയും മറ്റും രക്ഷപ്പെടുകയായിരുന്നു. എങ്കിലും എല്ലാവർക്കും പരിക്കുണ്ട്. പുറത്ത് കാണുന്നവിധം അകപ്പെട്ടവരെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരുമെത്തി രക്ഷപ്പെടുത്തുകയായിരുന്നു.
തൊട്ടടുത്ത് വെണ്ണാറയിൽ അജിത്തിെൻറ വീട്ടുകാർ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ഘോരശബ്ദം കേട്ട് ഓടിയെത്തുകയായിരുന്നു. പുറത്തിറങ്ങിനോക്കിയപ്പോൾ വീട് ഒന്നടങ്കം നിലംപൊത്തിയതാണ് കാണുന്നത്. ഏതാനും തൊഴിലാളികൾ ചുറ്റുപാടും നിലവിളിച്ചോടുന്നതാണ് ശ്രദ്ധയിൽപ്പെട്ടത്.
മാവൂർ: വർഷങ്ങളോളം മണലാരണ്യത്തിൽ കഷ്ടപ്പെട്ട് സമ്പാദിച്ച് വാങ്ങിയ വീടാണ് നിമിഷനേരംകൊണ്ട് നിലംപൊത്തിയത്.
പ്രവാസിയായ അരുൺദാസ് മായനാട് സ്വദേശിയാണ്. ഭാര്യ ചെറുകുളത്തൂർ പിലാക്കിൽ സജിഷയുടെ വീട്ടിൽനിന്ന് അധികം ദൂരമില്ല വെണ്ണാറയിലിലേക്ക്. കരുതിയ സമ്പാദ്യംകൊണ്ട് പുതിയൊരു വീട് അന്വേഷിച്ചപ്പോഴാണ് വീട് വിൽക്കാനുണ്ടെന്ന് അറിഞ്ഞ് എത്തുന്നത്.
ഏഴ് സെൻറിലെ ഓടിട്ട വീട് അഞ്ചുവർഷംമുമ്പ് ഇവർ സ്വന്തമാക്കുകയായിരുന്നു. ഏഴുവർഷംമുമ്പാണ് ഈ വീട് നിർമിച്ചത്. മണ്ണെടുത്ത് താഴ്ത്തിയാണ് നിർമാണം. വീടുകൾ നിർമിച്ചുവിൽക്കുന്നവരിൽനിന്നാണ് വാങ്ങിയത്. സജിഷക്ക് ഈയടുത്താണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി കിട്ടുന്നത്. തുടർന്നാണ് വീട് വലുതാക്കാൻ തീരുമാനിച്ചത്. സജിഷയും മക്കളും എല്ലാ ദിവസവും നിർമാണ പുരോഗതി അറിയാൻ സ്ഥലത്ത് വരാറുണ്ട്. പലപ്പോഴും വൈകുന്നേരമാണ് എത്താറുള്ളത്.
വീടുതകർന്നെന്ന വിവരം അറിഞ്ഞതോടെ സജിഷ പിലാക്കലിലുള്ള സ്വന്തം വീട്ടിൽ കരഞ്ഞ് തളർന്ന് കിടപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.