മാവൂർ: നിപ ബാധിച്ച് വിദ്യാർഥി മരിച്ച പാഴൂർ മുന്നൂര് പ്രദേശം കേന്ദ്രസംഘം സന്ദർശിച്ചു. 12കാരന് രോഗം പകർന്നത് റമ്പുട്ടാൻ പഴത്തിൽനിന്നാണെന്ന് കേന്ദ്ര സംഘം നടത്തിയ പരിശോധനയിൽ സംശയിക്കുന്നു. മുഹമ്മദ് ഹാഷിമിെൻറ പിതാവ് അബൂബക്കറിെൻറ ഉടമസ്ഥതയിൽ പുൽപറമ്പ് ചക്കാലൻകുന്നിനു സമീപത്തെ പറമ്പിൽ റമ്പുട്ടാൻ മരമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അബൂബക്കർ ഇതിലെ പഴങ്ങൾ പറിച്ച് വീട്ടിൽകൊണ്ടുവന്നിരുന്നു. മുഹമ്മദ് ഹാഷിം ഇത് കഴിച്ചിരുന്നുവെന്നാണ് വിവരം. വീട്ടിലുള്ളവർക്കുപുറമെ പരിസര വീട്ടിലുള്ള കുട്ടികളും ഇത് കഴിച്ചിരുന്നുവത്രെ. ഇവരെല്ലാവരും നിലവിൽ ഐസൊലേഷനിലാണ്. കേന്ദ്രസംഘവും ആരോഗ്യവകുപ്പ് അധികൃതരും റമ്പുട്ടാൻ മരത്തിൽ നടത്തിയ പരിശോധനയിൽ പല പഴങ്ങളും പക്ഷികൾ കൊത്തിയ നിലയിലാണ്. മരത്തിൽ വവ്വാലുകളും വരാറുണ്ടെന്ന് പരിസര വാസികൾ പറയുന്നു. രോഗബാധ ഉണ്ടായത് റമ്പുട്ടാനിൽനിന്നാണോയെന്ന് വിശദ പരിശോധനയിൽ മാത്രമേ കണ്ടെത്താനാവൂ എന്ന് കേന്ദ്ര വിദഗ്ധ സംഘത്തിെൻറ തലവൻ ഡോ. പി. രവീന്ദ്രൻ 'മാധ്യമ'ത്തോട് പറഞ്ഞു.
ബാലെൻറ റൂട്ട് മാപ്പ് ഇങ്ങനെ
കോഴിക്കോട്: നിപ കാരണം മരണം സ്ഥിരീകരിച്ച ബാലെൻറ ആഗസ്റ്റ് 27 മുതലുള്ള റൂട്ട് മാപ്പ് ആരോഗ്യവിഭാഗം പുറത്തുവിട്ടു. ആഗസ്റ്റ് 27ന് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനും 5.30നുമിടയിൽ പാഴൂരിൽ അയൽപക്കത്തെ കുട്ടികൾക്കൊപ്പം കളിച്ച കുട്ടി 28ന് മുഴുവൻ വീട്ടിലായിരുന്നു. 29ന് ഞായറാഴ്ച രാവിലെ 8.30നും 8.45നുമിടയിൽ ഓട്ടോയിൽ എരഞ്ഞിമാവിൽ ഡോ. മുഹമ്മദിെൻറ സെൻട്രൽ ക്ലിനിക്കിലെത്തി. രാവിലെ ഒമ്പതിന് ഓട്ടോയിൽ തിരിച്ച് വീട്ടിലെത്തി. 30ന് വീട്ടിലായിരുന്നു. 31ന് ചൊവ്വാഴ്ച രാവിലെ 9.58നും 10.30നുമിടയിൽ അമ്മാവെൻറ ഓട്ടോയിൽ മുക്കം ഇ.എം.എസ് ആശുപത്രിയിൽ. അന്ന് 10.30നും 12നുമിടയിൽ അതേ ഓട്ടോയിൽ ഓമശ്ശേരി ശാന്തി ആശുപത്രിയിലെത്തി. ഒരുമണിക്ക് ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ. െസപ്റ്റംബർ ഒന്നിന് ബുധനാഴ്ച രാവിലെ 11ന് ആംബുലൻസിൽ കോഴിക്കോട് മിംസ് ആശുപത്രി ഐ.സി.യുവിൽ.
മാതാപിതാക്കളെ മെഡിക്കൽ കോളജിലേക്കു മാറ്റി
മാവൂർ: മുഹമ്മദ് ഹാഷിമിെൻറ മാതാപിതാക്കളെയും പിതൃസഹോദരനെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഞായറാഴ്ച വൈകീട്ടോടെയാണ് ഇവരെ ആശുപത്രിയിലേക്കു മാറ്റിയത്.
ശരീരവേദനയും അസ്വാസ്ഥ്യവും തോന്നിയതിനെതുടർന്നാണിത്. നിരീക്ഷണത്തിലുള്ളവരെ തിങ്കളാഴ്ച കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ ട്രൂനാറ്റ് പരിശോധന നടത്തും. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍നിന്ന് ഇതിനായി സംഘമെത്തി ലാബ് സജ്ജീകരിക്കും. ഇതിൽ പോസിറ്റിവാണെന്ന് കണ്ടെത്തിയാല്‍ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ കണ്ഫര്മേറ്റിവ് പരിശോധന നടത്തും. 12 മണിക്കൂറിനുള്ളില്‍ ഈ ഫലം ലഭ്യമാക്കാമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു.
സഹായകമായത് സ്വകാര്യ ആശുപത്രിയുടെ ജാഗ്രത
കോഴിക്കോട്: നിപയുടെ രണ്ടാം വരവ് കൈവിട്ടു പോകാതിരിക്കാൻ സഹായകമായത് സ്വകാര്യ ആശുപത്രിയുടെ ജാഗ്രത. വൈറൽ എൻസഫലൈറ്റിസ് ബാധിച്ച ഏതു രോഗിക്കും നിപ സാധ്യത ഉണ്ടാവാമെന്ന നിഗമനത്തിൽ പരിശോധന നടത്തണമെന്നാണ് ചട്ടം. ഇതിെൻറ അടിസ്ഥാനത്തിൽ മുഹമ്മദ് ഹിഷാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടൻ സ്രവ പരിശോധനക്ക് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു. മെഡി.കോളജിൽനിന്ന് വെൻറിലേറ്ററിലാണ് രോഗിയെ കൊണ്ടുവന്നത്. നിപ പോസിറ്റിവാണെന്ന് സ്ഥിരീകരിച്ച് താമസിയാതെ കുട്ടി മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.