മാവൂർ: വായോളി വീട്ടുമുറ്റത്ത് പന്തുതട്ടിയും സൈക്കിൾ ചവിട്ടിയും കളിക്കാൻ ഇനി മുഹമ്മദ് ഹാഷിമില്ല. സംസ്ഥാനത്ത് നിപയുടെ മൂന്നാം വരവിൽ കുട്ടിത്തം മാറാത്ത ഹാഷിമിെൻറ ജീവനാണ് കവർന്നത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ പാഴൂർ മുന്നൂര് വായോളി അബൂബക്കർ-വാഹിദ ദമ്പതികളുടെ ഏക മകനെയാണ് അതിതീവ്ര വൈറസായ നിപ തട്ടിയെടുത്തത്. ഇനി ഈ വീട്ടിൽ പിതാവും മാതാവും മാത്രം. കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസിലാണ് ഹാഷിം പഠിക്കുന്നത്. ഈ വർഷം ചേർന്ന സ്കൂളിലെ കൂട്ടുകാരെ ഒരുനോക്കുകാണാൻപോലും കഴിയാതെയാണ് ഹാഷിമിെൻറ വിടവാങ്ങൽ. കോവിഡ് കാരണം ക്ലാസുകൾ ഓൺലൈനിലായതിനാൽ മൊബൈൽ സ്ക്രീനിലെ ദൃശ്യങ്ങളിലൊതുങ്ങി ഹാഷിമുമായി സഹപാഠികൾക്കുള്ള പരിചയം. പാഴൂർ എ.യു.പി സ്കൂളിലാണ് ഏഴാംതരം വരെ ഹാഷിം പഠിച്ചത്. ഓൺലൈൻ ക്ലാസ് കഴിഞ്ഞാൽ സമീപവീടുകളിലെ കുട്ടികളുമായി കളിക്കാനിറങ്ങും. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള ഈ കൂട്ടുകാരെല്ലാം ഇപ്പോൾ നിരീക്ഷണത്തിലാണ്.
അർധരാത്രി നാടുണർന്നു; ജാഗ്രതക്കായി
മാവൂർ: ശനിയാഴ്ച രാത്രി 11.30ഓടെ 12കാരന് നിപ സ്ഥിരീകരിച്ചെന്ന സന്ദേശം വന്നതുമുതൽ നാടുണർന്ന് ജാഗ്രത തുടങ്ങി. 12ഓടെ അസി. പൊലീസ് കമീഷണർ സുദർശനെൻറ നേതൃത്വത്തിൽ പൊലീസ് പാഴൂരിലെത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഓളിക്കൽ ഗഫൂറും അംഗങ്ങളായ ഇ.പി. വത്സലയും റഫീഖും ആർ.ആർ.ടി വളൻറിയർമാരും മാവൂർ സി.ഐ വിനോദൻ, പ്രിൻസിപ്പൽ എസ്.ഐ വി.ആർ. രേഷ്മ എന്നിവരും സ്ഥലത്തെത്തി. തുടർന്ന് ഈ പ്രദേശത്തേക്കുള്ള മുഴുവൻ വഴികളും അടച്ചു. പാഴൂരിലെയും സമീപ വാർഡുകളിലെയും പോക്കറ്റ് റോഡുകളാണ് അർധരാത്രിതന്നെ അടച്ചത്. വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന നിർദേശവും നൽകി. പുലർച്ച മൂന്നോടെയാണ് റോഡുകളെല്ലാം അടച്ച് പൊലീസും ആരോഗ്യപ്രവർത്തകരും പിരിഞ്ഞുപോയത്. രാവിലെ ഒമ്പതോടെ കൂളിമാട്-പുൽപറമ്പ് റോഡും അടച്ചു. കൂളിമാട് മാവൂർ പൊലീസും പുൽപറമ്പിൽ മുക്കം പൊലീസും ബാരിക്കേഡ് സ്ഥാപിച്ച് പിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.
പാഴൂർ, മുന്നൂര് പ്രദേശത്ത് അവശ്യസാധനങ്ങൾ എത്തിക്കാൻ ആർ.ആർ.ടി വളൻറിയർമാർ രംഗത്തുണ്ട്. കൂളിമാടിൽ ഏതു സാഹചര്യവും നേരിടാൻ ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തി. കൂളിമാട്, പാഴൂർ, ചിറ്റാരിപിലാക്കൽ, പുൽപറമ്പ് ഭാഗങ്ങളിൽ 16 സ്ഥലത്ത് റോഡുകൾ അടച്ചു.
നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് അർധരാത്രിതന്നെ പ്രദേശത്തെ റോഡുകൾ അടക്കുന്നു
നിപ: നിയന്ത്രണം മൂന്ന് തദ്ദേശ സ്ഥാപന പരിധിയിൽ
മാവൂർ: നിപ സ്ഥിരീകരിച്ചതിനെതുടർന്ന് മൂന്നു കിലോമീറ്റർ പരിധിയിൽ നിയന്ത്രണം ഏർപ്പെടുത്തി.
ചാത്തമംഗലം, കൊടിയത്തൂർ ഗ്രാമപഞ്ചായത്തുകളുടെയും മുക്കം നഗരസഭയുടെയും പരിധിയിൽപെടുന്ന സ്ഥലങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. രോഗം സ്ഥിരീകരിച്ച വാർഡായ ചാത്തമംഗലം ഒമ്പതാം വാർഡ് ഞായറാഴ്ച പുലർച്ചതന്നെ അടച്ചിരുന്നു. സമീപ വാർഡുകളിലും റോഡുകൾ അടച്ച് ഗതാഗതം തടഞ്ഞു. ആവശ്യമെങ്കിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് നിയന്ത്രണം വ്യാപിപ്പിക്കാൻ ആേലാചിക്കുന്നുണ്ട്. നിലവിൽ പ്രധാന റോഡിൽ ഗതാഗതം തടസ്സപ്പെടുത്തിയത് കൂളിമാട്-പുൽപറമ്പ് ഭാഗത്താണ്. ഇവിടെ പൊലീസ് ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
അടിയന്തരമായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ്
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തിലുള്ളവരെ അടിയന്തരമായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് സൗകര്യം ഉറപ്പുവരുത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിർദേശിച്ചു. നിപ പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ച ശേഷം അവലോകനയോഗം നടത്തുകയായിരുന്നു മന്ത്രി. ഒരു വാര്‍ഡ് ഇവർക്കായി ഉടന്‍ പ്രവര്‍ത്തനക്ഷമമാകും. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട ജീവനക്കാരുടെ ഒഴിവുകള്‍ ഉടന്‍ നികത്തുമെന്നും മന്ത്രി അറിയിച്ചു.
ആശങ്കപ്പെടാനില്ലെന്ന്
കോഴിക്കോട്: ഓമശ്ശേരി ശാന്തി ആശുപത്രിയിൽ നിപ ബാധയുള്ളയാളെ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് ആശങ്കപ്പെടാനില്ലെന്ന് അധികൃതർ അറിയിച്ചു. എമർജൻസി ഡിപ്പാർട്മെൻറിൽ എത്തിയ രോഗിയെ കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ഡോക്ടർ, നഴ്സുമാർ എന്നിവർ പരിചരിച്ചത്. മാസ്ക് ധരിച്ചതിനാൽ സ്രവങ്ങളും മറ്റും പുറത്തേക്കുവരുന്ന അവസ്ഥയില്ലായിരുന്നു. ഒരു മണിക്കൂറിനകം മൊബൈൽ ഐ.സി.യു വാഹനത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. പൂർണ സുരക്ഷസംവിധാനം പാലിച്ചതിനാൽ സ്ഥാപനത്തിലെ ആർക്കും പ്രയാസം റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗിയുമായി ബന്ധപ്പെട്ട ജീവനക്കാർ ക്വാറൻറീനിലാണെന്നും അറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.