മാവൂർ: പരീക്ഷണാടിസ്ഥാനത്തിൽ നട്ട മണ്ണില്ലാ ജൈവചേന കൃഷിക്ക് നൂറുമേനി വിളവ്. ചെറൂകുളത്തൂരിലെ പാരമ്പര്യ കർഷകനും കെ.എസ്.ഒയിൽനിന്ന് വിരമിച്ച ജീവനക്കാരനുമായ മുള്ളാറുവീട്ടിൽ ചന്ദ്രെൻറ വീട്ടുമുറ്റത്ത് ചെയ്ത കൃഷിയിലാണ് വിളവ്. പെരുവയൽകൃഷി ഓഫിസർ ദിവ്യ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. അഞ്ചു ചാക്കിലായി ചെയ്ത കൃഷിയിൽനിന്ന് 43.5 കിലോ ചേന വിളവ് കിട്ടി. സാധാരണ മണ്ണിൽ കൃഷി ചെയ്താൽ അഞ്ചോ ആറോ കിലോ തൂക്കമുള്ള ചേനയാണ് വിളയാറുള്ളത്.
എന്നാൽ ഒമ്പത് കിലോയോളം തൂക്കമുള്ള ചേനയാണ് ചാക്കിൽവിളഞ്ഞത്. കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിലായിരുന്നു കൃഷി. ഇത് വിജയമായതോടെയാണ് ഈ വർഷം കൂടുതൽ നട്ടത്. നല്ല ഉറപ്പുള്ളതും വെള്ളം നിൽക്കാത്തതുമായ വലിയ പ്ലാസ്റ്റിക് ചാക്കിലാണ് കൃഷി ചെയ്യുന്നത്. ഇതിൽ പകുതിയിലധികം കരിയിലകൾ നിറക്കും. അതിനുമുകളിൽ ചേന വിത്ത് വെച്ചശേഷം ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേർക്കും. തുടർന്ന് വീണ്ടും കരിയിലകൾ നിറച്ചു.
കൂടാതെ, ചാക്ക് അൽപം ഉയർത്തി വെക്കാൻ അടിയിൽ ഇഷ്ടിക വെച്ചിരുന്നു. ഇടക്കിടെ ജൈവവളമായ ചാരം, ചാണക വെള്ളം, കമ്പോസ്റ്റ്, ബയോ സ്ലെറി നേർപ്പിച്ചത് എന്നിവ നൽകിയിരുന്നു. മണ്ണില്ലാത്തവർക്കും കൃഷി ഭൂമിയില്ലാത്തവർക്കും എളുപ്പത്തിൽ ചെയ്യാവുന്ന കൃഷിരീതിയാണിതെന്ന് ചന്ദ്രൻ പറയുന്നു. പരിസരത്തുമുള്ള ചപ്പുചവറുകൾ ചാക്കിൽ നിക്ഷേപിക്കുന്നതിലൂടെ പരിസര ശുചീകരണവും സാധ്യമാകും. മഴക്കാലാരംഭത്തിലാണ് കൃഷി ചെയ്തത്.
മുറ്റത്തും പറമ്പിലും ടെറസിലും ചെയ്യാവുന്ന രീതിയിലാണ് കൃഷിയെന്നും ചന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.