മാവൂർ: ഗ്രാമപഞ്ചായത്തിൽ ചാലിയാർ പുഴയിലെ വിവിധ കടവുകളിൽ വീണ്ടും അനധികൃത മണൽക്കടത്ത് രൂക്ഷമായി. രാത്രിയിൽ വ്യാപകമായി മണൽ കടത്തുന്നുണ്ട്. കൽപള്ളി, മണന്തലക്കടവ് എന്നിവിടങ്ങളിലാണ് പ്രധാനമായും മണൽക്കടത്ത് നടക്കുന്നത്. രാത്രി പുലരുന്നതുവരെ മണൽക്കടത്ത് നടക്കുന്നുണ്ടെന്നാണ് വിവരം.
നേരത്തെ മണൽക്കടത്ത് രൂക്ഷമായതിനെ തുടർന്ന് കടവുകൾ അടച്ചുപൂട്ടണമെന്ന് മാവൂർ പൊലീസ് ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഭരണസമിതി യോഗ തീരുമാനപ്രകാരം കടവുകളിൽ കോൺക്രീറ്റ് കാലുകൾ നാട്ടുകയും ചെയ്തു. എന്നാൽ, ചങ്ങലയിട്ട് പൂട്ടുന്നതിനുള്ള നടപടി നീണ്ടുപോയി. കൽപ്പള്ളി കടവിൽ സ്ഥാപിച്ച കോൺക്രീറ്റ് കാലുകൾ ഇപ്പോൾ കാണാനില്ല. ഇത് പിഴുതെറിഞ്ഞ് ലോറികൾ പുഴയിലേക്ക് ഇറക്കിയാണ് ഇവിടെ മണൽക്കടത്ത്. രണ്ടുവർഷം മുമ്പ് ഈ കടവിൽനിന്ന് മണൽതോണികൾ പിടികൂടിയിരുന്നു. ഏറെ വിവാദം ഉയർത്തിയ സംഭവമായിരുന്നു ഇത്.
പിടികൂടിയ ഒരു തോണി പൊലീസ് കടവിൽതന്നെ തകർത്തിട്ടിരുന്നു. ലോറി ഇറങ്ങുന്നതിന് തടസ്സമുണ്ടാക്കുന്നവിധമായിരുന്നു ഇത്. എന്നാൽ, പിന്നീട് ഈ തോണി ഉടമകൾതന്നെ എടുത്തുകൊണ്ടുപോയി. കടവിലേക്ക് ലോറികൾ സുഗമമായി ഇറങ്ങാൻ തെങ്ങോലകൾ നിരത്തിയിട്ടിട്ടുമുണ്ട്. മണന്തലക്കടവിൽ സ്ഥാപിച്ച കോൺക്രീറ്റ് കാലുകൾക്കിടയിലൂടെയാണ് ലോറികൾ ഇറക്കുന്നത്. ചങ്ങലയിടാത്തതിനാൽ വാഹനങ്ങൾ ഇറക്കാനാകും. ഇവിടെയും തെങ്ങോലകൾ നിരത്തിയിട്ടിട്ടുണ്ട്. ഗ്രാമപഞ്ചായത്തോ പൊലീസോ നടപടിയൊന്നും എടുക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.