മാവൂർ: കോഴിക്കോട് -ഊട്ടി ഹ്രസ്വദൂര പാതയുടെ ഭാഗമായ എളമരംകടവ്-കൂളിമാട്-പന്നിക്കോട്-എരഞ്ഞിമാവ് റോഡ് നവീകരണത്തിന് സാങ്കേതികാനുമതിയായി. സംസ്ഥാന സർക്കാറിന്റെ മെയിന്റനൻസ് പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തി. 6.900 കി. മീറ്റർ നവീകരണത്തിന് ആറ് കോടി രൂപയാണ് അനുവദിച്ചത്. ബി.എം, ബി.സി നിലവാരത്തിലുള്ള ടാറിങ്, ആവശ്യമുള്ളയിടങ്ങളിൽ ഓവുചാൽ നിർമാണം, ഇന്റർലോക്ക് തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നടക്കുക. എത്രയും പെട്ടെന്ന് ടെൻഡർ നടപടി പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കും.
മാവൂർ മുതൽ എളമരം കടവ് വരെയുള്ള ഭാഗം എളമരം പാലത്തിന്റെ പ്രവൃത്തിയുടെ ഭാഗമായി നവീകരിക്കുന്നുണ്ട്. എളമരംകടവ് മുതൽ കൂളിമാട് വരെ പലഭാഗത്തും നിലവിൽ വീതി കുറവാണ്. ഈ ഭാഗം വീതികൂട്ടുന്നത് പദ്ധതിയിലുൾപ്പെടുത്തിയിട്ടില്ല.
വീതി കൂട്ടുന്നതിന് മറ്റൊരു പദ്ധതിക്കായി നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ നടപടി പുരോഗമിക്കുകയാണെന്ന് പി.ടി.എ. റഹീം എം.എൽ.എയുടെ ഓഫിസിൽനിന്ന് അറിയിച്ചു. പി.എച്ച്.ഇ.ഡി മുതൽ ഏതാനും ഭാഗം വീതികൂട്ടുന്നതിന് വാട്ടർ അതോറിറ്റിയുടെ സ്ഥലം കൂടി ലഭിക്കേണ്ടതുണ്ട്. വാട്ടർ അതോറിറ്റിയുടെ മതിൽ പൊളിച്ച് പുതുക്കിപ്പണിയണം. നിർദേശത്തിന്റെ ഭാഗമായി വാട്ടർ അതോറിറ്റി റിപ്പോർട്ട് തേടിയിട്ടുണ്ട്. വീതിയില്ലാത്ത ഭാഗത്ത് വീതികൂട്ടിയാൽ മാത്രമേ ഊട്ടി ഹ്രസ്വദൂര പാതയിൽ യാത്ര കൂടുതൽ സുഗമമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.