മാവൂർ: സ്റ്റാൻഡിൽ നിർത്തിയിട്ട സ്വകാര്യ ബസ് ഉരുണ്ട് മുന്നോട്ടുനീങ്ങി കടയിലേക്ക് ഇടിച്ചുകയറി. നിർത്തിയിട്ട സ്കൂട്ടറും ഇടിച്ചുതകർത്തു. മാവൂർ-കോഴിക്കോട് റൂട്ടിലോടുന്ന സിറാജുദ്ദീൻ ബസാണ് വ്യാഴാഴ്ച രാവിലെ 5.45ഓടെ അപകടത്തിൽപെട്ടത്.
അപകടത്തിൽ ആർക്കും പരിക്കില്ല. രാത്രി മാവൂർ സ്റ്റാൻഡിന്റെ വടക്കേ അറ്റത്ത് പഞ്ചായത്ത് ഓഫിസ് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തോടു ചേർന്ന് ബേയിൽ നിർത്തിയിട്ടതായിരുന്നു. സ്റ്റാൻഡിലൂടെ 50 മീറ്ററോളം ഉരുണ്ട് റോഡിനു കുറുകെ നീങ്ങി എതിർവശത്തെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
കെട്ടിടത്തിലെ അബൂബക്കർ സിദ്ദീക്കിന്റെ ഉടമസ്ഥതയിലുള്ള ‘ലൈക്ക്’ റെഡിമെയ്ഡ് ഷോപ്പാണ് തകർന്നത്. കടയുടെ ഷട്ടർ, മുൻവശത്തെ വിലകൂടിയ ഗ്ലാസ്, സീലിങ്, നെയിംബോർഡ് തുടങ്ങിയവ തകർന്നു. സമീപത്തെ മൊബൈൽ ഷോപ്പിന്റെ മുൻഭാഗത്തെ സീലിങ്ങും തകർന്നിട്ടുണ്ട്.
ഈ കെട്ടിടത്തിന്റെ മുന്നിൽ റോഡരികിൽ നിർത്തിയിട്ട ചെറുവാടി സ്വദേശിയുടെ ആക്ടിവ സ്കൂട്ടറാണ് ബസിനടിയിൽപെട്ട് തകർന്നത്. പുലർച്ചെയായതിനാൽ സ്റ്റാൻഡിലും റോഡിലും വാഹനങ്ങളോ ആളുകളോ ഇല്ലാത്തതിനാൽ കൂടുതൽ അപകടം ഒഴിവായി.
രാത്രി ട്രിപ് കഴിഞ്ഞ് നിർത്തിയിട്ട ബസ് രാവിലെ ഉരുണ്ടുനീങ്ങിയതെങ്ങനെയെന്ന് വ്യക്തമല്ല. അപകടത്തിനുമുമ്പ് ബസിനകത്ത് ആളുണ്ടായിരുന്നതായി സംശയമുണ്ട്. മാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.