മാവൂർ: പഞ്ചായത്തിൽ യു.ഡി.എഫിലെ ധാരണയനുസരിച്ച് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലെ മാറ്റം അനന്തമായി നീളുന്നു. ധാരണപ്രകാരം പ്രസിഡൻറ് പദവി ആദ്യ ഒന്നര വർഷം മുസ്ലിം ലീഗിനും ഒരു വർഷം ആർ.എം.പിക്കും ശേഷിക്കുന്ന രണ്ടര വർഷം കോൺഗ്രസിനുമായിരുന്നു. വൈസ് പ്രസിഡന്റ് പദവി ആദ്യ രണ്ടര വർഷം കോൺഗ്രസിനും ശേഷിക്കുന്ന രണ്ടര വർഷം മുസ്ലിം ലീഗിനുമാണ്. നിലവിൽ ആർ.എം.പിയിലെ ടി. രഞ്ജിത്താണ് പ്രസിഡന്റ്. വൈസ് പ്രസിഡന്റ് കോൺഗ്രസിലെ ജയശ്രീ ദിവ്യപ്രകാശും. വൈസ് പ്രസിഡന്റ് ജൂൺ 30നും പ്രസിഡന്റ് ജൂലൈ 17നും രാജിവെക്കേണ്ടതായിരുന്നു. എന്നാൽ ആഴ്ചകൾ പിന്നിട്ടിട്ടും തീരുമാനമെടുക്കാനാകാത്ത സ്ഥിതിയിലാണ്.
2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 13ാം വാർഡുമായി ബന്ധപ്പെട്ട് കോൺഗ്രസും ലീഗും തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് ജില്ല നേതാക്കൾ ഉണ്ടാക്കിയ ധാരണ അനുസരിച്ച് വാർഡ് 13 ലീഗിനും വാർഡ് 15 കോൺഗ്രസിനും നൽകി. രണ്ട് വർഷത്തിനുശേഷം അംഗങ്ങൾ രാജിവെച്ച് മത്സരത്തിന് പരസ്പരം കൈമാറാനും ധാരണയായിരുന്നു. കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കണ്ട നേതാവിനെ മത്സരിപ്പിക്കുകയെന്ന ഉദ്ദേശ്യംകൂടി ഇതിനുപിന്നിലുണ്ടായിരുന്നു.
എന്നാൽ, യു.ഡി.എഫിന്റെ ഉറച്ച സീറ്റായിരുന്ന 15ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി പരാജയപ്പെട്ടു. ഇതോടെ ഈ ധാരണ ഇല്ലാതായെന്നാണ് ലീഗ് പക്ഷം. ധാരണ നടപ്പിലാക്കണമെന്ന് കോൺഗ്രസും ആവശ്യപ്പെടുന്നു. യു.ഡി.എഫ് ജില്ല നേതാക്കളുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലും തീരുമാനമായില്ല. ഈ സാഹചര്യത്തിൽ നിലവിലുള്ള മെംബർമാരിൽനിന്ന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ട സ്ഥിതിയിലാണ് കോൺഗ്രസെങ്കിലും ഇക്കാര്യത്തിലും തർക്കമാണ്. കോൺഗ്രസിലെ ഗ്രൂപ്പുകളുടെ പിന്തുണയോടെ രണ്ട് പേർ രംഗത്തുവന്നത് വിഷയം സങ്കീർണമാക്കി. തർക്കം രൂക്ഷമായതോടെ തന്ത്രത്തിന്റെ ഭാഗമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റ് രണ്ടുപേരുംകൂടി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.