മാവൂർ: പുറമ്പോക്കുഭൂമിയിൽനിന്ന് മാവൂർ ഗ്വാളിയർ റയൺസ് (ഗ്രാസിം) ഫാക്ടറിക്ക് സൗജന്യമായി 5.94 ഏക്കർ സ്ഥലം നൽകിയിട്ടുണ്ടെന്ന് വ്യവസായമന്ത്രി പി. രാജീവ്. എന്നാൽ, ഈ സ്ഥലം മറ്റാവശ്യങ്ങൾക്കുവേണ്ടി തിരിച്ചെടുക്കുന്ന വിഷയത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
ഗ്വാളിയർ റയൺസിന്റെ ഭൂമി വർഷങ്ങളായി വെറുതെ കിടക്കുന്നതുസംബന്ധിച്ച് പി.ടി.എ. റഹീം എം.എൽ.എ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മാവൂരിൽ ഗ്വാളിയർ റയൺസിന്റെ കൈവശം ആകെ 320.78 ഏക്കർ ഭൂമിയുണ്ട്. ഇതിൽ 238.41 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്ത് വ്യവസായ ആവശ്യത്തിനുവേണ്ടി നൽകിയതാണെന്നും മന്ത്രിസഭയെ അറിയിച്ചു.
ഏറ്റെടുത്തുനൽകിയ ഭൂമി വ്യവസായാവശ്യത്തിന് ഉപയോഗപ്പെടുത്താത്ത സാഹചര്യത്തിൽ ഇത് തിരിച്ചെടുക്കുന്നതിന് നടപടി സ്വീകരിച്ചിരുന്നു. എന്നാൽ, ഇതിനെതിരെ കമ്പനി അധികൃതർ ഹൈകോടതിയിൽ റിട്ട് ഹരജി ബോധിപ്പിച്ച സാഹചര്യത്തിൽ ഭൂമി തിരിച്ചെടുക്കുന്നതിൽ നിയമപരമായ തടസ്സമുണ്ട്.
പ്രസ്തുത കേസ് പെട്ടെന്ന് തീർപ്പാക്കുന്നതിന് നടപടിയെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി മേയ് 17ന് ജില്ല നിയമ ഓഫിസർ അറ്റോണി ജനറലുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് ഹൈകോടതിയിൽ ഈ കേസ് പരിഗണനക്കെടുത്തതായും മന്ത്രി സഭയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.