മാവൂര്‍: പഞ്ചായത്ത് അഞ്ചാം വാര്‍ഡിൽ ചെറുപുഴയുടെ തീരത്ത് വില്ലേരിത്താഴം ഗ്രാമവനം റോഡ് ചെറുപുഴയിലേക്ക് വീണ്ടും ഇടിഞ്ഞു. സുരക്ഷാഭിത്തിയടക്കം പുഴയിലേക്ക് ഇടിഞ്ഞതിനാൽ വാഹനയാത്ര മുടങ്ങിയിട്ട് കാലമേറെയായി. കാലവർഷത്തിൽ വീണ്ടും ഇടിയുമെന്ന ആശങ്കയിൽ നാട്ടുകാർ ആഴ്ചകൾക്കുമുമ്പ് ആക്ഷൻ കമ്മിറ്റിയുണ്ടാക്കി പ്രക്ഷോഭം തുടങ്ങിയിരുന്നു. ആശങ്കപ്പെട്ടപോലെ റോഡ് കഴിഞ്ഞദിവസം കനത്ത മഴയിൽ വീണ്ടും ഇടിയുകയായിരുന്നു.
2021 നവംബറിലാണ് ആദ്യം ഇടിഞ്ഞത്. ഇതോടെ, 150ലധികം കുടുംബങ്ങള്‍ വസിക്കുന്ന പ്രദേശം തീർത്തും ഒറ്റപ്പെട്ടു. ഇരുചക്രവാഹനയാത്രയും കാൽനടയും മാത്രമാണ് ഇതുവഴിയുള്ളത്. സ്കൂൾ വിദ്യാർഥികളടക്കം കിലോമീറ്റർ ചുറ്റിയാണ് പുറംലോകത്തെത്തുന്നത്.
സുരക്ഷാഭിത്തി കെട്ടണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി ജില്ല കലക്ടറെ സമീപിച്ചിരുന്നു. കോഴിക്കോട് മേജര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ നേരത്തേ സ്ഥലം സന്ദര്‍ശിച്ച് 80 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തു. പ്രവൃത്തി തുടങ്ങാൻ നടപടിയില്ലാത്തതിനാല്‍ മാസങ്ങള്‍ക്കുമുമ്പ് പഞ്ചായത്ത് ഭരണസമിതി മന്ത്രി റോഷി അഗസ്റ്റിനെ ഓഫിസിലെത്തി നേരിട്ട് ബോധ്യപ്പെടുത്തുകയും അനുകൂല നടപടി ഉണ്ടാവുമെന്ന് ഉറപ്പ് ലഭിക്കുകയും ചെയ്തിരുന്നെങ്കിലും നടപടിയുണ്ടായില്ല.
റോഡ് കൂടുതൽ ഇടിഞ്ഞതോടെ ഇരുചക്രവാഹനയാത്ര അടക്കം പാടില്ലെന്നാണ് അധികൃതർ പറയുന്നത്. റോഡ് കൊട്ടിയടക്കാൻ അധികൃതർ എത്തിയെങ്കിലും നാട്ടുകാർ തടഞ്ഞു. റോഡ് വീണ്ടും ഇടിയുമെന്ന ആശങ്ക ഉന്നതതലത്തിലടക്കം അറിയിച്ചെങ്കിലും അടിയന്തര നടപടിയെടുക്കാതെ നിലവിലുള്ള വഴികൂടി കൊട്ടിയടക്കുന്നതിലെ പ്രതിഷേധമാണ് നാട്ടുകാർ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.