കോഴിക്കോട്​ 830 ഡോസ് വാക്സിൻ തണുത്തുറഞ്ഞ് ഉപയോഗശൂന്യമായ സംഭവം: അന്വേഷണ റിപ്പോർട്ട് കൈമാറി


മാവൂർ: കോഴിക്കോട്​ മെഡിക്കൽ കോളജ് ആശുപത്രിയുടെ ഹെൽത്ത് യൂനിറ്റായ ചെറൂപ്പ ആശുപത്രിയിൽ 830 ഡോസ് കോവിഷീൽഡ് വാക്സിൻ തണുത്തുറഞ്ഞ് ഉപയോഗശൂന്യമായ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കൈമാറി. വാക്സിൻ കൈകാര്യം ചെയ്യുന്നതിൽ ജീവനക്കാർക്ക് വീഴ്ചയുണ്ടായെന്ന പ്രാഥമിക നിഗമനം റിപ്പോർട്ടിൽ ശരിവെച്ചതായാണ് വിവരം.

ആർ.സി.എച്ച് ഓഫിസർ ഡോ. മോഹൻദാസിനായിരുന്നു അന്വേഷണ ചുമതല. ഇദ്ദേഹം ബുധനാഴ്ച ആശുപത്രിയിലെത്തി അന്വേഷണം നടത്തിയിരുന്നു. വ്യാഴാഴ്ച ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീക്ക് റിപ്പോർട്ട് കൈമാറി. തുടർന്ന് വൈകുന്നേരത്തോടെ ഡി.എം.ഒ, സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.

വിഷയത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ നടപടിയെടുക്കും. വീഴ്ച സംഭവിച്ച ജീവനക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് വിവരം. സംസ്ഥാനത്തുതന്നെ ആദ്യ സംഭവമായതിനാൽ ഉദ്യോഗസ്ഥതലത്തിൽ ആലോചിച്ചായിരിക്കും നടപടി. 830 ഡോസാണ് നശിച്ചത്. ഇതിന് മരുന്നിൻറെ വിലയും ആശുപത്രിയിൽ എത്തിക്കുന്നതിൻറെയും സൂക്ഷിക്കുന്നതിൻറെയും ചെലവടക്കം എട്ട് ലക്ഷം രൂപയോളം മൂല്യമുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

വാക്സിൻ ക്ഷാമം നേരിടുന്ന സമയത്ത് ഇത്രയധികം ഡോസ് നഷ്ടമായത് ഗൗരവമായാണ് ആരോഗ്യ വകുപ്പ് കാണുന്നത്. മാവൂർ, പെരുവയൽ, പെരുമണ്ണ ഗ്രാമ പഞ്ചായത്തുകളിലെ വാക്സിനേഷനുള്ള കോവിഷീൽഡ് വാക്സിനാണ് ചൊവ്വാഴ്ച ചെറൂപ്പ ആശുപത്രിയിൽ കൈകാര്യം ചെയ്യുമ്പോൾ തണുത്തുറഞ്ഞ് ഉപയോഗശൂന്യമായത്. തലേദിവസം എത്തിയ വാക്സിൻ ശീതീകരണിയിലെ നിശ്ചിത താപനിലയുള്ള അറയിൽവെക്കുന്നതിനു പകരം താഴ്ന്ന താപനിലയുള്ള ഫ്രീസറിൽ വെച്ചതാണ് തണുത്തുറഞ്ഞു പോകാൻ ഇടയാക്കിയത്.

Tags:    
News Summary - Investigation report on vaccines damage in kozhikode handed over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.