കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ലോകോത്തര നിലവാരത്തോടെ തയാറായ അത്യാഹിത വിഭാഗത്തിലേക്ക് കൂടുതൽ ഡോക്ടർമാരെ നിയമിക്കുന്നതിന് ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി. ഓർത്തോ, സർജറി, അനസ്തേഷ്യ വിഭാഗങ്ങളിലേക്ക് കൂടുതൽ ഡോക്ടർമാരെ നിയമിക്കാൻ നടപടിയായതായി പ്രിൻസിപ്പൽ ഡോ. ഇ.വി ഗോപി പറഞ്ഞു. മെഡി. കോളജ് ആശുപത്രിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലുരോഗ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ അപകടക്കേസുകൾ എത്തുന്നത്. വാഹനാപകടങ്ങൾ പെരുകിയതോടെ കാഷ്വാലിറ്റിയിൽ അസാധാരണ തിരക്കാണ് അനുഭവപ്പെടുന്നത്. പുതിയ അത്യാഹിത വിഭാഗം തുറക്കുന്നതോടെ രോഗികൾക്ക് ഏറ്റവും വേഗത്തിൽ ചികിത്സയും പരിശോധനകളും ഉറപ്പുവരുത്താനാവും. അനസ്തേഷ്യ, സർജറി, ഓർത്തോ വിഭാഗങ്ങളിലാണ് കൂടുതൽ ഡോക്ടർമാർ വേണ്ടത്. ആവശ്യമായ ജീവനക്കാരെയും നിയമിക്കും. ക്ലീനിങ് സ്റ്റാഫ് നിയമനം വൈകാതെ നടക്കും.
പുതുതായി തുടങ്ങുന്ന അത്യാഹിത വിഭാഗത്തിലേക്കുള്ള ഉപകരണങ്ങളെല്ലാം സജ്ജമായിട്ടുണ്ട്. വൈകാതെ ഉദ്ഘാടനം ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.
മെഡി. കോളജിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതിയാണ് 195 കോടി ചെലവിൽ തയാറായത്. ഏഴ് നിലകളുള്ള പുതിയ അത്യാഹിത വിഭാഗം കോപ്ലംക്സിന് 16, 263 ചതുരശ്ര അടി വിസ്തീർണമുണ്ട്. ആധുനിക അത്യാഹിത വിഭാഗം, തിയറ്റർ കോംപ്ലക്സ് തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് കെട്ടിടം. അത്യാഹിത വിഭാഗം, സർജിക്കൽ സൂപ്പർ സ്പെഷാലിറ്റികളായ ന്യൂറോ സര്‍ജറി, കാര്‍ഡിയാക് സര്‍ജറി, സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്‍ട്രോളജി, യൂറോളജി, അനസ്തേഷ്യ, പ്ലാസ്റ്റിക് സര്‍ജറി എന്നിവയാണ് പുതിയ കെട്ടിടത്തിലേക്ക് മാറുക. 430 കട്ടിലുകളാണ് ആദ്യഘട്ടത്തിൽ ഒരുക്കുന്നത്. എം.ആര്.ഐ അടക്കമുള്ള സംവിധാനങ്ങള്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന താഴെ നിലയിൽ തന്നെയുണ്ടാകും. ലാബ്, ഇ.സി.ജി, സ്കാനിങ് എന്നിവയും ഒരുങ്ങി. കൂടാതെ, അത്യാഹിത വിഭാഗത്തില്‍ ഇ.എന്‍.ടി, ഓര്‍ത്തോ തുടങ്ങിയവക്ക് കൂടുതൽ അടിസ്ഥാന സൗകര്യവുമുണ്ടാകും.
2016 ലാണ് പ്രധാൻമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനാ പദ്ധതി പ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഫണ്ട് ഉപയോഗിച്ച് പദ്ധതി ആരംഭിച്ചത്. നിർമാണം പൂർത്തീകരിച്ചെങ്കിലും കോവിഡ് വ്യാപിച്ചതോടെ തൽക്കാലം കോവിഡ് ആശുപത്രിയായി പ്രവർത്തിച്ചു. കഴിഞ്ഞ മേയ് മാസത്തോടെ രോഗികളെ ഇവിടെ നിന്ന് ഒഴിവാക്കി മിനുക്കുപണികൾ ആരംഭിച്ചു. എച്ച്.എൽ.എൽ ആണ് പി.എം.എസ്.എസ്.വൈയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. നിലവിൽ കാഷ്വാലിറ്റിയിൽ താങ്ങാനാവുന്നതിലേറെ രോഗികൾ എത്തുന്നത് ഗുരുതരമായ പ്രതിസന്ധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.