കോഴിക്കോട്: മെഡിക്കൽ കോളജിൽ കോർപറേഷൻ നിർമിച്ച മലിനജല സംസ്കരണ പ്ലാന്റ് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് കോർപറേഷൻ മേയർ ബീന ഫിലിപ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്രസർക്കാർ സഹായത്തോടെയുള്ള അടൽ മിഷൻ ഫോർ റിജ്യുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ (അമൃത്) പദ്ധതിയിൽ പണി പൂർത്തിയാക്കുന്ന കോർപറേഷന്റെ ആദ്യ പ്ലാന്റാണിത്.
2.1 ദശലക്ഷം ലിറ്റർ ശേഷിയുള്ള ദ്രവമാലിന്യ സംസ്കരണ പ്ലാന്റിന്റെ നിർമാണമാണ് പൂർത്തിയായത്. 14.12 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള ഒരു ദശലക്ഷം ലിറ്റർ ശേഷിയുള്ള പ്ലാന്റിന്റെ പ്രവർത്തനം പുരോഗമിക്കുകയാണ്. പ്ലാന്റ് പ്രവർത്തനം തുടങ്ങുന്നതോടെ മെഡിക്കൽ കോളജിലെ സീറോ- വേയ്സ്റ്റ് മെഡിക്കൽ കോളജ് പദ്ധതിയുടെ മൂന്നാംഘട്ടവും വിജയകരമാകും.
ഇലക്ട്രോലിറ്റിക് ടെക്നോളജി ഉപയോഗിച്ച് ദ്രവമാലിന്യം സംസ്കരിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. മലിനജലത്തിലെ മാലിന്യത്തിന്റെ തോതനുസരിച്ച് മാലിന്യ സംസ്കരണം ഉറപ്പുവരുത്തുന്ന സാങ്കേതിക വിദ്യകളിൽ ഒന്നാണ് ഇലക്ട്രോലിറ്റിക് പ്രക്രിയ. അതിനാൽ സീവേജ് ലഭ്യതയനുസരിച്ച് പ്ലാന്റിന്റെ പ്രവർത്തനം ക്രമീകരിക്കാൻ സാധിക്കും.
18 റിയാക്ടറുകളിൽ ആവശ്യമുള്ളവ മാത്രം പ്രവർത്തിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് പ്ലാന്റ് നിർമിച്ചത്. മെഡിക്കൽ കോളജിൽ നിന്നുള്ള 20 ലക്ഷം ലിറ്റർ ദ്രവമാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നതിനുപുറമെ മെഡിക്കൽ കോളജിന് സമീപമുള്ള വാർഡുകളിൽനിന്ന് ലക്ഷം ലിറ്റർ ശുചിമുറി മാലിന്യം ടാങ്കർ ലോറിവഴി ശേഖരിച്ച് സംസ്കരിക്കുന്നതാണ്.
ആശുപത്രി സമുച്ചയത്തിലെ വിവിധ ഹോസ്റ്റലുകൾ, സ്ഥാപനങ്ങൾ, കാന്റീൻ എന്നിവ ഉൾപ്പെടുന്ന കെട്ടിടങ്ങളിലെ ശുചിമുറി മാലിന്യം ശേഖരിച്ച് സംഭരണിയിൽ എത്തിക്കുന്നതിന് 1400 മീറ്റർ നീളത്തിൽ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ട്. ശുദ്ധീകരിച്ച വെള്ളം മാവൂർ റോഡ് വഴി കനോലി കനാലിലേക്ക് തുറന്നുവിടാനാണ് പദ്ധതി.
പ്ലാന്റ് ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവർ പങ്കെടുക്കും. മെഡിക്കൽ കോളജ് പ്രൻസിപ്പൽ ഡോ. എൻ. അശോകൻ, കോർപറേഷൻ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, സെക്രട്ടറി കെ.യു. ബിനി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.