കോഴിക്കോട്: നാൽപത് കൊല്ലം കഴിഞ്ഞ മാവൂർ റോഡ് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ നിയമ ലംഘനവും അസൗകര്യങ്ങളും നാൾക്കുനാൾ കൂടുന്നു. ടൈലുകളും സ്ലാബുകളും പൊളിഞ്ഞ സ്റ്റാൻഡിൽ യാത്രക്കാർക്ക് ബസ് കാത്തുനിൽക്കാനുള്ള സ്ഥലം നാൾക്കുനാൾ കച്ചവടക്കാർ കവരുന്നു. സ്റ്റാൻഡിലെ കടകളിൽ നിന്നുള്ള സാധനങ്ങൾ ബസ് കാത്തിരിക്കാനുള്ള ഭാഗത്തേക്ക് നീങ്ങിവരുന്നു. ബസ് കാത്തിരിക്കുന്നയിടത്ത് മുഴുവൻ തെരുവ് കച്ചവടക്കാർ നിരന്നിരിക്കുന്ന സ്ഥിതിയാണ്. നഗരത്തിലേക്കെത്തുന്ന സ്വകാര്യ ബസുകളിൽ ഭൂരിഭാഗവും വരുന്ന സ്ഥലമാണെങ്കിലും ബസ് കാത്തിരിക്കുന്നവർക്കുള്ളത് പേരിന് കുറച്ച് ഇരിപ്പിടങ്ങൾ മാത്രം. ഉള്ളവതന്നെ പലതും പൊളിഞ്ഞു. സീലിങ് കാലപ്പഴക്കം കാരണം അടർന്നു തുടങ്ങി. സ്റ്റാൻഡിന്റെ മുകൾ നിലയിലേക്കുള്ള പടികളും പൊളിഞ്ഞുതുടങ്ങി.
സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് വാഹനങ്ങൾ നിർത്തിയിടാൻ സൗകര്യമില്ല. സ്റ്റാൻഡിനോട് ചേർന്നുള്ള കടകളിൽ വരുന്നവർക്കുള്ള പാർക്കിങ് കേന്ദ്രമായി മുറ്റം മാറി. ടൈലുകളും പെയിൻറുമൊക്കെ ഇളകിയ സ്റ്റാൻഡിൽ തുടക്കത്തിൽ കടകൾ ലേലത്തിലെടുത്തവരല്ല ഇപ്പോൾ കച്ചവടം ചെയ്യുന്നവരിൽ ഭൂരിപക്ഷവും. മതിയായ പാർക്കിങ് സൗകര്യവും വഴികളുമില്ലാത്തതിനാൽ കച്ചവടം കുറഞ്ഞ സ്റ്റാൻഡിൽ മുമ്പുണ്ടായിരുന്ന റെഡിമെയ്ഡ് കടകളധികവും ഇപ്പോൾ ലോട്ടറിക്കടകളായി മാറി. സ്റ്റാൻഡിൽ യാത്രക്കാർക്കുള്ള വഴികളിലെല്ലാം ബസുകളിൽ കയറ്റിയയക്കാനുള്ള പാർസലുകൾ നിരന്നിരിക്കുകയാണ്. മുകളിൽ ഷീറ്റിട്ട് കൊണ്ടുള്ള സ്റ്റാൻഡിന്റെ ഒരു ഭാഗത്തെ നിർമാണം കാരണം സ്ഥലം ഉപയോഗപ്പെടുത്താനാവാതെ ലക്ഷങ്ങളുടെ വരുമാനക്കമ്മിയുണ്ടാവുന്നു. രണ്ട് ഘട്ടങ്ങളിലായി പണിതീർത്ത കെട്ടിടത്തിന്റെ അവസാന ഘട്ടം സംസ്ഥാനത്തെ ആദ്യ വനിതാ മേയറായിരുന്ന ഹൈമവതി തായാട്ടിന്റെ കാലത്ത് 1988ൽ ശിലയിട്ട് 1993ലാണ് തുറന്നുകൊടുത്തത്. നേരത്തേ നവീകരണ റിപ്പോർട്ട് തയാറാക്കാൻ ശ്രമം നടന്നിരുന്നുവെങ്കിലും കാര്യമായി മുന്നോട്ടുപോയില്ല.
മാവൂർ റോഡ് ബസ് സ്റ്റാൻഡ് പൊളിച്ചുമാറ്റി ആധുനിക സൗകര്യമുള്ള ബസ് സ്റ്റേഷൻ പണിയാൻ കോർപറേഷൻ 45 കോടി രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ട്. കൂടുതൽ ബസുകൾക്കും കാർ പാർക്കിങ്ങിനും സൗകര്യമുണ്ടാവും. ഇരുചക്ര വാഹന പാർക്കിങ്, കൂടുതൽ വാണിജ്യ കേന്ദ്രങ്ങൾ എന്നിവയുമുണ്ടാവും. നഗരത്തിന്റെ അടയാളമെന്ന നിലയിലുള്ള ക്ലോക് ടവറും നിർമിക്കും.
ഈ കൊല്ലം ഇതിനായുള്ള പ്രാഥമിക പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപയാണ് കോർപറേഷൻ ബജറ്റിൽ നീക്കിവെച്ചത്. പദ്ധതി നടപ്പാവാൻ ഇനിയും വർഷങ്ങളെടുക്കും. മുമ്പും പലതവണ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും നടപടികൾ നീളുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.