കോഴിക്കോട്: ഇടവപ്പാതി കഴിഞ്ഞിട്ടും കനത്ത ചൂടിൽ പൊള്ളിനിന്ന നഗരത്തിൽ ബുധനാഴ്ച മൂന്നോടെ കാലവർഷമെത്തി. ഇടിയും മിന്നലുമായി തുടങ്ങിയ മഴയിൽ നഗരത്തിൽ പലയിടത്തും ഓവുചാലുകളടഞ്ഞ് വെള്ളം കയറി. മാനാഞ്ചിറ പബ്ലിക് ലൈബ്രറിക്ക് സമീപവും മിഠായിത്തെരുവിലും എൽ.ഐ.സി കോർണറിലും വെള്ളം കയറി. മാവൂർ റോഡിൽ വിവിധ ഭാഗങ്ങളിലും കോർപറേഷൻ സ്റ്റേഡിയത്തിന് സമീപവും പതിവിൻപടി വെള്ളം കയറി. മാവൂർ റോഡ് ജങ്ഷനിലും വെള്ളക്കെട്ടുണ്ടായി.
മിഠായിത്തെരുവിൽ ഓട നവീകരണം നടക്കുന്ന ഭാഗത്ത് വെള്ളക്കെട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള മാവൂർ റോഡ്, റാം മോഹൻ റോഡ്, പാവമണി റോഡ്, ഫ്രാൻസിസ് റോഡ്, പാളയം റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിലെ ഓവുചാലുകളിൽ മഴക്കാലപൂർവ വൃത്തിയാക്കൽ നടന്നിരുന്നു.
സ്ഥിരം വെള്ളം കെട്ടിനിൽക്കുന്ന റെയിൽവേ സ്റ്റേഷൻ റോഡിലും പി.വി.എസ് ഹോസ്പിറ്റലിന് മുന്നിലൂടെയുള്ള ഡ്രെയിനേജിലുമാണ് വെള്ളക്കെട്ട്. പി.വി.എസ് ഹോസ്പിറ്റലിന് എതിർവശത്ത് റെയിലിന് പടിഞ്ഞാറ് വശത്തെ എ.ജി റോഡിലൂടെയുള്ള ഓവുചാൽ ചെമ്മങ്ങാട് പൊലീസ് സ്റ്റേഷന് മുന്നിലൂടെ കല്ലായിപ്പുഴയിലേക്ക് എത്തിയാലേ ഈ ഭാഗത്ത് വെള്ളക്കെട്ടിന് ശമനമുണ്ടാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.