മുക്കം: റിട്ട. എക്സൈസ് ഉദ്യോഗസ്ഥനും കിഫ ഷൂട്ടേഴ്സ് ക്ലബ് അംഗവും എംപാനൽ ഷൂട്ടറുമായ കച്ചേരി സി.എം. ബാലന്റെ അപകടമരണം കർഷകർക്കും നാടിനും തീരാനഷ്ടമാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കാരശ്ശേരി പഞ്ചായത്തിലെ ഓടത്തെരുവിൽ കാട്ടുപന്നി കൃഷിയിടത്തിലിറങ്ങിയ വിവരം ലഭിച്ചതിനെ തുടർന്ന് സി.എം. ബാലൻ കൃഷിയിടത്തിലേക്കു പോവുകയായിരുന്നു.
ഇവിടെ കാട്ടുപന്നികൾ വരുന്നതും കാത്തിരിക്കുന്നതിനിടെ റോഡിൽ വാഹനമിടിച്ച് കാട്ടുപന്നി ചത്തതായി അറിഞ്ഞതോടെ അവിടെയെത്തി റോഡിൽ കിടക്കുന്ന പന്നിയുടെ ജഡം മറ്റുള്ളവരുടെ സഹായത്തോടെ മാറ്റുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു. പിറകിലേക്കു വീണ ബാലന്റെ തലക്ക് സാരമായി പരിക്കേറ്റു. തുടർന്ന് ചികിത്സയിലിരിക്കെയാണ് ഞായറാഴ്ച മരിച്ചത്.
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിൽ നാട്ടുകരുടെ പ്രിയപ്പെട്ട ഷൂട്ടർ ആത്മാർഥമായി പ്രവർത്തിച്ചിരുന്നു. മുക്കം നഗരസഭയിലും കാരശ്ശേരി, മാവൂർ, ചാത്തമംഗലം, കുന്ദമംഗലം പഞ്ചായത്തുകളിലും കോഴിക്കോട് കോർപറേഷനിലുമായി കൃഷിയിടത്തിലിറങ്ങിയ നൂറിലധികം കാട്ടുപന്നികളെ അദ്ദേഹം വകവരുത്തിയിട്ടുണ്ട്.
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ അനുമതിയുള്ള എംപാനൽ ഷൂട്ടറായി 2020ലാണ് സി.എം. ബാലനെ സർക്കാറിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയത്. അന്നുമുതൽ രാപ്പകൽ വ്യത്യാസമില്ലാതെ കർഷകർക്ക് കാട്ടുപന്നികളിൽനിന്ന് സംരക്ഷണം നൽകാൻ ഒറ്റയാൾപ്പോരാട്ടവുമായി ഇദ്ദേഹം രംഗത്തുണ്ടായിരുന്നു.
ദുർഘടമായ കൃഷിയിടങ്ങളിൽ കൂരിരുട്ടിൽ ഇഴജന്തുക്കളുടെയും കാട്ടുമൃഗങ്ങളുടെയുമൊക്കെ ആക്രമണസാധ്യത മറികടന്നാണ് ഇദ്ദേഹം കാട്ടുപന്നിവേട്ട നടത്തിയിരുന്നത്. കഴിഞ്ഞവർഷം തൊണ്ടയാട് വെടിവെക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഇദ്ദേഹത്തിന് പരിക്കേറ്റിരുന്നു. ചെറിയ ശബ്ദമോ അനക്കമോ ഉണ്ടായാൽ പന്നിക്കൂട്ടം സ്ഥലംവിടും. ഉറക്കമിളച്ച് മണിക്കൂറുകൾ കാത്തിരുന്നത് പാഴാവും.
വെടിവെച്ചുവീഴ്ത്തിയാൽ ബന്ധപ്പെട്ട അധികൃതരെത്തി മറവുചെയ്യുന്നതുവരെ സ്ഥലത്ത് കാത്തിരിക്കണം. ചിലപ്പോൾ മറവുചെയ്യുന്ന ജോലിയും ഏറ്റെടുക്കേണ്ടിവന്നിട്ടുണ്ട്. ഏറെ സാഹസം നിറഞ്ഞ ഉദ്യമമാണെങ്കിലും കർഷകർ ഏതു പാതിരാത്രി വിളിച്ചാലും ബാലൻ ഓടിയെത്തുമായിരുന്നു. കിഫയുടെ പ്രഥമ ജിം കോർബറ്റ് അവാർഡ് ജേതാവുകൂടിയാണ് അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.