നാദാപുരം: തെരഞ്ഞെടുപ്പ് വിജയാഹ്ലാദം അതിരു കടക്കാതിരിക്കാൻ നാദാപുരത്ത് നിയന്ത്രണമേർപ്പെടുത്തി. നാദാപുപരം ഡിവൈ.എസ്.പിയുടെ ഓഫിസിൽ ചേർന്ന രാഷ്ട്രീയപാർട്ടി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. മണ്ഡലത്തിൽ വിജയിക്കുന്ന കക്ഷിയുടെ ആഹ്ലാദപ്രകടനം വോട്ടെണ്ണൽ ദിവസമായ ജൂൺ നാലിന് വൈകീട്ട് ആറുമണിക്ക് മുമ്പ് അവസാനിപ്പിക്കണം. ദേശീയ തലത്തിൽ വിജയിക്കുന്ന കക്ഷിയുടെ ആഹ്ലാദപ്രകടനം ഫലപ്രഖ്യാപനത്തിന്റെ പിറ്റേ ദിവസം നടത്തി വൈകീട്ട് ആറുമണിക്കുമുമ്പ് അവസാനിപ്പിക്കണം. എല്ലാ ആഹ്ലാദ പ്രകടനങ്ങളിലും മുതിർന്ന പാർട്ടി നേതാക്കളുടെ സാന്നിധ്യം ഉണ്ടായിരിക്കണം. ആഹ്ലാദ പ്രകടനങ്ങളിൽ പൊലീസിന്റെ മുൻകൂർ അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ചാൽ കർശനനടപടി സ്വീകരിക്കും.
ആഹ്ലാദ പ്രകടനങ്ങളിൽ ഡി.ജെ മ്യൂസിക്, തുറന്ന വാഹനങ്ങൾ, മോട്ടോർ സൈക്കിളുകൾ എന്നിവ ഉപയോഗിക്കാൻ പാടില്ല. ആഹ്ലാദപ്രകടനങ്ങൾ നടത്തുന്ന സമയം, സ്ഥലം, പ്രകടനത്തിൽ സാന്നിധ്യമുള്ള നേതാക്കൾ എന്നിവരുടെ വിവരങ്ങൾ സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണം. പ്രകോപനപരമായതോ വ്യക്തികളെ അധിക്ഷേപിക്കുന്ന തരത്തിലു ള്ളതോ ആയ പോസ്റ്റുകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചാൽ നിയമനടപടി സ്വീകരിക്കാനും ആഹ്ലാദ പ്രകടനങ്ങൾക്കിടെ പാർട്ടി ഓഫിസുകൾ, വീടുകൾ, മറ്റു വ്യക്തികൾ എന്നിവർക്ക് പ്രയാസം ഉണ്ടാക്കുന്ന വിധത്തിൽ പടക്കം പൊട്ടിക്കരുതെന്നും യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.