നാദാപുരം: കാലപ്പഴക്കംകൊണ്ട് ജീർണിച്ചതും പൊതുജനങ്ങളുടെ ജീവനപായപ്പെടുത്തുന്ന തരത്തിൽ അപകടാവസ്ഥയിലായതുമായ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനുള്ള നടപടികൾ ഗ്രാമപഞ്ചായത്ത് ആരംഭിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് അധികൃതർ കഴിഞ്ഞദിവസം കല്ലാച്ചി ടൗണിലെ കെട്ടിടങ്ങളിൽ പരിശോധന തുടങ്ങി. 40 വർഷത്തിലധികം പഴക്കമുള്ള നിരവധി കെട്ടിടങ്ങൾ കല്ലാച്ചി, നാദാപുരം ടൗണിൽ നിലവിലുണ്ട്. ജീർണിച്ച കെട്ടിടത്തിലെ വ്യാപാരവും മറ്റു പ്രവർത്തനങ്ങളും പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ഏറെ ഭീഷണി ഉയർത്തുന്നതാണ്. അതിനാൽ ഇത്തരം കെട്ടിടങ്ങളുടെ വിശദമായ കണക്കെടുപ്പ് നടത്തിയ ശേഷം പൊളിച്ചുനീക്കുന്നതിന് ഉടമകൾക്ക് ദുരന്തനിവാരണ ചട്ടപ്രകാരം നോട്ടീസ് നൽകാനാണ് പഞ്ചായത്തിന്റെ നടപടി. നിലവിൽ ഇത്തരം കെട്ടിടങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങൾ ലൈസൻസോടുകൂടിയാണ് പ്രവർത്തിക്കുന്നത്. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് തുടർന്ന് പുതുക്കി നൽകണോ എന്നുള്ളത് സംബന്ധിച്ച് അടുത്ത ഭരണസമിതി യോഗത്തിൽ ചർച്ച ചെയ്യും. പരിശോധനയിൽ അസി. എൻജിനീയർ ദിനേശ്, ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി ടി. പ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ് ബാബു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.