നടുവണ്ണൂർ: ഒരുപാട് കാലത്തെ പ്രതീക്ഷയും സ്വപ്നവുമായിരുന്ന ഗ്രാമീണ റോഡുകൾ ഒരു സുപ്രഭാതത്തിൽ ഇല്ലാതാവുന്നത് ഹൃദയവേദനയോടെ നോക്കിക്കാണുകയാണ് ജൽ ജീവൻ മിഷൻ കടന്നുപോകുന്ന വഴികളിലെ കുടുംബങ്ങൾ. പലരുടെയും കാലുപിടിച്ച് തൊഴിലുറപ്പ് പദ്ധതിയിലും മറ്റും ഫണ്ട് പാസാക്കി നിർമിച്ച റോഡുകളാണ് ഗതാഗതത്തിനുപോലും സൗകര്യമില്ലാതെ വെള്ളത്തിന്റെ ചാലൊഴുക്കായത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ സ്ഥിരം വിഷയമായി എല്ലാ പാർട്ടികളും മുന്നോട്ടുവെക്കുന്ന റോഡുകൾ എങ്ങനെയൊക്കെയോ ഫണ്ട് പാസായി കോൺക്രീറ്റ് ചെയ്തു ഗതാഗതത്തിന് തുറന്നുകൊടുത്തപ്പോഴാണ് ജലപദ്ധതിയുടെ മറ്റൊരാവശ്യത്തിനായി കീറിമുറിച്ചത്. റോഡും വെള്ളവും രണ്ടും അത്യാവശ്യമായതുകൊണ്ട് തന്നെ വെള്ളം കിട്ടാത്ത പ്രദേശങ്ങളിലെ ആളുകൾ മനസ്സില്ലാമനസ്സോടെയാണ് റോഡ് കീറുന്നതിന് സമ്മതം കൊടുക്കുന്നത്.
റോഡ് കീറിമുറിക്കുമ്പോൾ പ്രദേശത്തെ ഗുണഭോക്താക്കളുടെ യോഗം നടത്തണമെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട് പറയുന്നുണ്ടെങ്കിലും പലപ്പോഴും ഇത് സംഭവിക്കുന്നില്ല. അതുകൊണ്ടുതന്നെ ഗുണഭോക്താക്കളുടെ പ്രതിഷേധങ്ങൾക്ക് ഗ്രാമീണ റോഡുകൾ സാക്ഷിയാവുകയും ചെയ്യുന്നു. നടുവണ്ണൂർ പഞ്ചായത്തിൽ എലങ്കമൽ പ്രദേശത്ത് ഇത്തരത്തിലുള്ള പ്രതിഷേധമുണ്ടായിരുന്നു.
ജൽ ജീവൻ കുടിവെള്ള വിതരണ പദ്ധതിക്കായി അശാസ്ത്രീയ റോഡ് കീറൽ നാട്ടുകാർ തടഞ്ഞിരുന്നു. നടുവണ്ണൂർ പഞ്ചായത്ത് 16ാം വാർഡിൽ കഴിഞ്ഞ ദിവസമാണ് സംഭവം. എലങ്കമൽ ചെമ്മലപ്പുറം ജങ്ഷനിൽനിന്ന് പുത്തൻ പള്ളി, സി.പി ഓയിൽ മിൽ ഭാഗത്തേക്ക് പോകുന്ന റോഡിന് കുറുകെ, തുരുത്തിമുക്ക് ഭാഗത്തേക്ക് പോകുന്ന പൈപ്പ് ലൈനുമായി ബന്ധിപ്പിക്കാൻ വീതിയിൽ കുഴിയെടുത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. നിരവധി വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നതിനാൽ ഗതാഗത തടസ്സമില്ലാതെ ഉടൻ ടാറിങ് വേണമെന്നതായിരുന്നു നാട്ടുകാരുടെ ആവശ്യം.
ഇത്തരത്തിൽ റോഡ് കുറുകെ മുറിച്ച ഒട്ടേറെ സ്ഥലങ്ങളിൽ ഒരു വർഷത്തോളമായിട്ടും ടാറിങ് നടന്നിട്ടില്ലെന്നും മഴക്കാലമായതോടെ കുഴിയെടുത്ത ഗട്ടറിൽ വാഹനങ്ങൾ വീണ് അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ പറഞ്ഞു. പിന്നീട് വാർഡ് മെംബർ ടി. നിസാറിന്റെ മധ്യസ്ഥ ചർച്ചയിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. രാരിച്ചൻകണ്ടി-ചെമ്മലപ്പുറം റോഡിന്റെ തുടക്കത്തിലെ അവസ്ഥ ഇപ്പോഴും ശോചനീയമാണ്. മഴ പെയ്തതോടെ വെള്ളക്കെട്ടും നിത്യസംഭവമായി. മസ്ജിദുൽ ഇസ്ലാഹ് പരിസരത്തെ റോഡരികും പൂർവസ്ഥിതിയിലാക്കിയിട്ടില്ല. നടുവണ്ണൂർ അങ്ങാടിയിൽ വൈറ്റു കെ തെരുവിൽ പൈപ്പിടലുമായി ബന്ധപ്പെട്ട വലിയ കുഴിയിൽ വെള്ളക്കെട്ട് നിലനിൽക്കുകയാണ്.
ഇത് കൊതുകുവളർത്തു കേന്ദ്രം കൂടിയായി. നടുവണ്ണൂർ രജിസ്ട്രാർ ഓഫിസ് ബസ് സ്റ്റാൻഡിൽനിന്ന് തുടങ്ങുന്ന അമ്പലക്കുളം ചെങ്ങോട്ടുപാറ റോഡിന്റെ ഒരു ഭാഗം കിലോമീറ്ററുകളോളം തകർന്ന നിലയിലാണ്. ഇവിടെ റോഡ് സംസ്ഥാന പാതയിലേക്ക് കയറുന്ന ഭാഗത്ത് മഴക്കാലമായതോടെ വലിയ ചാൽ രൂപപ്പെട്ടിരിക്കുകയാണ്. മഴക്കാലം രൂക്ഷമാവുകയും മഴവെള്ള ചാലുകൾ വലിയ ശക്തിയിൽ ഒഴുകുകയും ചെയ്താൽ ഈ റോഡുകളുടെയെല്ലാം സ്ഥിതി ഇനിയും ശോചനീയമാകും.
കോഴിക്കോട്: ജൽ ജീവൻ പദ്ധതിയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് മുറിച്ച റോഡുകൾ പൈപ്പ് ലൈൻ ചെയ്ത കരാറുകാരൻ പുനരുദ്ധാരണം നടത്തേണ്ടതുണ്ടെന്നും ഇക്കാര്യം റോഡ് റെസ്റ്ററേഷൻ പ്രവൃത്തിയുടെ ടെൻഡറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു. തകരാറിലായ റോഡുകൾ ഗതാഗതയോഗ്യമാക്കാൻ പ്രവൃത്തിയുടെ കരാറുകാർക്ക് നിർദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.പി. കുഞ്ഞമ്മത്കുട്ടി എം.എൽ.എയാണ് ഇതുസംബന്ധിച്ച് ചോദ്യം ഉന്നയിച്ചത്.
ഓമശ്ശേരി: ജൽ ജീവൻ മിഷൻ റോഡ് പ്രവൃത്തി നടത്താത്തതുമൂലം തിരുവമ്പാടി റോഡിലെ ഓമശ്ശേരി പഞ്ചായത്ത് ഭാഗത്തെ പ്രവൃത്തി നടന്നില്ല. ഓമശ്ശേരി -തിരുവമ്പാടി മെയിൻ റോഡിലെ ഓമശ്ശേരി ടൗൺ ഭാഗത്തെ പ്രവൃത്തിയാണ് മുടങ്ങിയത്. ഒരു വർഷം മുമ്പ് റോഡ് പൊളിച്ച് ജൽ ജീവൻ മിഷൻ അധികൃതർ പൈപ്പ് സ്ഥാപിച്ചിരുന്നു. എന്നാൽ, ഈ ഭാഗം അവർ പൂർവസ്ഥിതിയിലാക്കിയിരുന്നില്ല. ഈ ഭാഗം ഉൾപ്പെടെ പൊതുമരാമത്ത് നവീകരണത്തിന് കരാർ നൽകിയെങ്കിലും ഇവിടെ ഒഴിവാക്കിയാണ് ഇപ്പോൾ പ്രവൃത്തി നടത്തുന്നത്. ഓമശ്ശേരി പഞ്ചായത്തിലുൾപ്പെട്ട ഭാഗം വലിയ കിടങ്ങായി അവശേഷിക്കുകയാണ്.
ഈ ഭാഗത്ത് നിരവധി അപകടങ്ങളാണ് ഇതിനകം ഉണ്ടായത്. അരഡസൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു കുട്ടികൾ നടന്നുപോകുന്ന വഴിയാണിത്. റോഡ് പ്രവൃത്തിക്കായി നാട്ടുകാർ നിരവധി തവണ പരാതി നൽകിയെങ്കിലും അധികൃതർ അനങ്ങിയിട്ടില്ല. ജൽജീവൻ മിഷൻ ഓഫിസിനു മുന്നിൽ പഞ്ചായത്തിലെ റോഡുകളുടെ പ്രവൃത്തിക്കായി ഭരണസമിതി അംഗങ്ങൾ സമരം ഉൾപ്പെടെ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.