നടുവണ്ണൂർ: വെള്ളാർ മല സ്കൂളിലെ മാഗസിനിൽ ‘വെള്ളാരം കല്ലുകൾ’ എന്ന പ്രവചന സ്വഭാവമുള്ള കഥയെഴുതി കേരളത്തിന്റെ നൊമ്പരമായ ഒമ്പതാം ക്ലാസുകാരി ലയക്ക് നടുവണ്ണൂരിൽ വീടിന് സ്ഥലമായി. ചൂരൽമല ഉരുൾപൊട്ടലിൽ പ്രിയതമനെ നഷ്ടമായ സന്ധ്യാ ദാസിനും പറക്കുമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങൾക്കുമാണ് നടുവണ്ണൂരിൽ കാരുണ്യനിധികളുടെ സ്നേഹപൂർവമുള്ള ഇടപെടലിനെ തുടർന്ന് വീടിന് സ്ഥലമായത്.
ഓഗസ്റ്റ് 13ന് സ്വന്തം ഭർത്താവിന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം ചൂരൽമല തന്റെ സ്വന്തം വീടിരിക്കുന്ന സ്ഥലത്തേക്ക് എത്തിയതായിരുന്നു സന്ധ്യയും മൂന്ന് കുഞ്ഞുങ്ങളും. മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ സ്വന്തം വീടിന്റെ അവശിഷ്ടങ്ങൾ നോക്കി പൊട്ടിക്കരഞ്ഞു നിൽക്കുന്ന സന്ധ്യയുടെയും മൂന്നു മക്കളുടെയും സങ്കടം കേട്ട നടുവണ്ണൂരിലെ പൊതുപ്രവർത്തകൻ സിറാജ് നടുവണ്ണൂർ ആണ് സന്ധ്യക്ക് വീടിന് സ്ഥലം ഒരുക്കികൊടുത്തത്. സന്ധ്യയുടെ പ്രയാസം മനസ്സിലാക്കിയ സിറാജ് ഉടൻ ഉറ്റസുഹൃത്തും പ്രവാസിയുമായ താഴെ പരപ്പിൽ ഷമീറിനെ ബന്ധപ്പെട്ടു. നടുവണ്ണൂർ അങ്ങാടിയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്ത് ഷമീറിന്റെ ഉടമസ്ഥതയിലുള്ള ആറ് സെന്റ് സ്ഥലം നൽകാമെന്ന് ഷമീർ ഉറപ്പുനൽകുകയായിരുന്നു. ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷപ്പെട്ട ഒരു കുടുംബത്തിന് വീട്ടുസാധനങ്ങൾ നൽകാനാണ് സിറാജ് വയനാട്ടിൽ എത്തിയത്.
മൂന്ന് ദിവസത്തിന് ശേഷം ആഗസ്റ്റ് 17ന് ശനിയാഴ്ച ഉച്ചക്ക് നടുവണ്ണൂർ സബ് രജിസ്റ്റർ ഓഫിസിൽ ആറ് സെന്റ് സ്ഥലത്തിന്റെ ആധാരം സന്ധ്യയുടെ പേരിൽ രജിസ്റ്റർ ചെയ്തു. പത്തനംതിട്ട റാന്നി താലൂക്കിലെ അങ്ങാടി പഞ്ചായത്ത് സ്വദേശിയായ സന്ധ്യയെ വയനാട് ചൂരൽ മലയിലേക്ക് കല്യാണം കഴിച്ചുകൊണ്ടുവന്നതാണ് ഭർത്താവ് ലെനിൻ. ചൂരൽമല ഉരുൾപൊട്ടലിൽ ലെനിനെ സന്ധ്യക്ക് നഷ്ടമായി. ഇപ്പോൾ മേപ്പാടിയിൽ വാടകവീട്ടിലാണ് താമസം. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ലയ, ഏഴുവയസ്സുള്ള ലക്ഷ്മി, രണ്ടര വയസ്സുള്ള വിഗ്നേഷ് എന്നിവരാണ് സന്ധ്യയുടെ മക്കൾ.
മൂത്തമകൾ ലയ വെള്ളാർ മല സ്കൂൾ ലിറ്റിൽ കൈറ്റ് പ്രസിദ്ധപ്പെടുത്തിയ സ്കൂൾ മാഗസിനിൽ ‘വെള്ളാരം കല്ലുകൾ’ എന്ന കഥ എഴുതിയിരുന്നു. വെള്ളാർ മല വെള്ളച്ചാട്ടം ആസ്വദിക്കാനായി രണ്ട് കുട്ടികൾ എത്തുന്നതും ഇവിടെ വലിയൊരു ആപത്ത് വരാൻ പോകുന്നുവെന്ന് പറഞ്ഞ് ആ കുട്ടികളെ അവിടെ നിന്ന് ഒരു കിളി തിരിച്ചയക്കുന്നതുമായിരുന്നു കഥയുടെ പ്രമേയം.
പണ്ട് വെള്ളച്ചാട്ടത്തിൽ മരിച്ച അമൃത എന്ന പെൺകുട്ടിയാണ് കിളിയായി കുട്ടികളെ രക്ഷപ്പെടുത്തിയത് എന്നായിരുന്നു കഥ. കേരളം ഏറെ നോവോടുകൂടിയാണ് ഈ കഥ വായിച്ചത്. ശനിയാഴ്ച സന്ധ്യയും മകൾ ലയയും നടുവണ്ണൂർ സബ് രജിസ്റ്റർ ഓഫിസിലെത്തിയിരുന്നു. പേരാമ്പ്ര ഡിഗ്നിറ്റി ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥികൾ സ്വരൂപിച്ച തുകകൊണ്ട് സ്ഥലത്ത് ഇതിനകം കുഴൽക്കിണർ നിർമിച്ച് മോട്ടോർ സ്ഥാപിച്ചിട്ടുണ്ട്. വീട് നിർമാണത്തിനും സന്നദ്ധ സംഘങ്ങളുമായി ആലോചനകൾ നടക്കുകയാണ്. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസത്തിനുള്ള സൗകര്യവും ഒരുക്കുമെന്ന് പൊതുപ്രവർത്തകനും ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ സജീവ സാന്നിധ്യവുമായ സിറാജ് നടുവണ്ണൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.