നടുവണ്ണൂർ: കുറ്റ്യാടി ജലസേചന വകുപ്പിന്റെ തെരുവത്ത് കടവ് കൈ കനാലിൽ വർഷങ്ങളായി വെള്ളമെത്താത്തതിലും അനുബന്ധ റോഡിന്റേയും അഭാവത്തിലും നാട്ടുകാർ കൈകനാൽ ദൂരം നടന്ന് പ്രതിഷേധിച്ചു. നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ മന്ദങ്കാവ് റോഡു മുതൽ ആതകശ്ശേരി താഴെ വരെ കൈ കനാൽ ഉണ്ടെങ്കിലും 18 വർഷമായി വെള്ള ലഭ്യതയില്ല. വാർഷിക അറ്റകുറ്റ പ്രവൃത്തി നടത്താത്തതിനാൽ മണ്ണു വീണും കാടുകയറിയും ഫലത്തിൽ കനാൽ ഇല്ലാതായിരിക്കുകയാണ്. കക്കോടി ബ്രാഞ്ച് കനാൽ തെരുവത്ത് കടവ് ഡിസ്ട്രിബൂട്ടറിയുടെ ഭാഗമാണ്.
പല ഭാഗത്തും കനാൽ ഇടിഞ്ഞുനിരന്നതിനാൽ റോഡായി രൂപം പ്രാപിച്ച് നാട്ടുകാർ ഗതാഗതത്തിന് ഉപയോഗപ്പെടുത്തിവരുന്നു. കൈ കനാൽ പുനഃസ്ഥാപിക്കണമെന്നും അനുബന്ധ റോഡ് സൗകര്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് വാർഡ് മെംബർ കെ.കെ. സൗദയുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സാമൂഹിക- സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ കനാൽ കടന്നുപോകുന്ന വഴി മുഴുവനും നടന്നു പ്രതിഷേധിച്ചു.
ജലസേചന വകുപ്പിന്റെ ഭാഗത്തുനിന്ന് കനാൽ വീണ്ടെടുക്കുവാനും അനുബന്ധമായി റോഡ് നിർമിക്കുവാനും അനുമതി ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഗ്രാമ പഞ്ചായത്ത് വികസന ഫണ്ടുപയോഗിച്ചും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയും കൈ കനാലും അനുബന്ധ റോഡും പ്രാവർത്തികമാക്കണമെന്ന് ആവശ്യമുന്നയിച്ചു കൊണ്ട് വാർഡ് വികസന സമിതി കൺവീനർ അസ്സൻകോയ മണാട്ട് (ചെയർ.), ലൈജു കീരിക്കുനി (കൺ.) എന്നിവരടങ്ങുന്ന കർമസമിതി രൂപവത്കരിച്ചു.
ഈ ആവശ്യമുന്നയിച്ച് ഗ്രാമപഞ്ചായത്ത് ഭരണസമിതിയേയും ജലസേചന വകുപ്പ് അധികൃതരേയും സമീപിക്കാൻ വാർഡ് മെംബറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. വാർഡംഗം കെ.കെ. സൗദ, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഒ.എം. കൃഷ്ണകുമാർ, മുൻ മെംബർ അസ്സൻകോയ മണാട്ട്, മുൻ മെംബർ അശോകൻ നെരോത്ത്, ലൈജു കീരിക്കുനി, വസന്ത പുളിയത്തിങ്ങൽ, മൂസക്കുട്ടി മണാട്ടേരി, അസ്ലം എടക്കോട്ട്, ഇമ്പിച്ചിമൊയ്തി മണാട്ടേരി താഴം എന്നിവർ പ്രതിഷേധ നടത്തത്തിനു നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.