തെരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനപ്പെരുമഴ പെയ്യുന്ന വടകരയിൽ പദ്ധതികൾ എങ്ങുമെത്താത്ത അവസ്ഥയിലാണ്. കെ.കെ. രമ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ തുടങ്ങിയ ഭരണ- പ്രതിപക്ഷ പോര് വികസനമുരടിപ്പിന്റെ പ്രധാന കാരണമാണ്. സി.പി.എമ്മും ആർ.എം.പിയും തമ്മിലുള്ള കുടിപ്പക വികസനരംഗത്ത് മുഴച്ചുനിൽക്കുകയാണ്.
മണ്ഡലത്തിലെ പ്രധാന സർക്കാർ കോളജായ മടപ്പള്ളി ഗവ. കോളജിനെ ഉന്നത നിലവാരത്തിലെത്തിക്കാൻ ആവശ്യമായ നടപടികൾ എങ്ങുമെത്തിയില്ല. കെട്ടിടങ്ങളൊരുക്കുകയല്ലാതെ അക്കാദമിക നിലവാരം ഉയർത്തി പുതുതലമുറ കോഴ്സുകൾ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. സിവിൽ സർവിസ് പരീക്ഷക്കുൾപ്പെടെ മികച്ച പഠനകേന്ദ്രങ്ങൾ വടകരക്ക് അന്യമാണ്.
ജില്ല ആശുപത്രി പേരിനു മാത്രം
മലയോര മേഖലയിലെ അനേകരുടെ ആശ്രയകേന്ദ്രമായ വടകര ജില്ല ആശുപത്രിയെ മികച്ച നിലവാരത്തിലേക്കുയർത്തണം. കോടികൾ മുടക്കി കെട്ടിട സമുച്ചയ നിർമാണം മാത്രമാണ് പൂർത്തീകരിച്ചത്. സ്പെഷലിസ്റ്റ് ഡോക്ടർമാർ ഉൾപ്പെടെ ആശുപത്രിക്ക് അന്യമാണ്.
ജില്ല പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രിക്ക് കേന്ദ്ര-സംസ്ഥാന ഫണ്ടിൽ 83.9 കോടി രൂപ ചെലവിൽ വീണ്ടും പുതിയ കെട്ടിടം പണിയുന്നുണ്ട്. ആറു നിലകളിലായി പുതിയ കെട്ടിടസമുച്ചയം വരുന്നതോടെ ആശുപത്രിയുടെ മുഖച്ഛായ മാറുമെന്നാണ് അധികൃതരുടെ വാദം.
ടൂറിസം മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനുതന്നെ വഴിതെളിക്കുന്ന നിരവധി സ്ഥലങ്ങൾ വടകരയിലുണ്ടെങ്കിലും വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. കളരി പരിശീലന കേന്ദ്രങ്ങള്, വടകര സാൻഡ് ബാങ്ക്സ്, തച്ചോളി മാണിക്കോത്ത്, പയംകുറ്റിമല, സിദ്ധാശ്രമം, കുഞ്ഞിപ്പള്ളി എന്നിങ്ങനെ പഴമയുടെയും പുതുമയുടെയും കഥപറയുന്ന നിരവധി കേന്ദ്രങ്ങളുണ്ട്. പതിറ്റാണ്ടുകളായുള്ള വടകര മാഹി-കനാല് ജലപാത സ്വപ്നം യാഥാര്ഥ്യമായിട്ടില്ല. പുഴയോര ടൂറിസം പദ്ധതികൾക്ക് ഏറെ സാധ്യതയുള്ള നാട്ടിൽ ഇത്തരത്തിലുള്ള ഒരു പദ്ധതിയും നടപ്പായിട്ടില്ല.
ദേശീയപാത വികസനം എങ്ങുമെത്താത്തത് യാത്രാ ക്ലേശം രൂക്ഷമാക്കിയിട്ടുണ്ട്. റോഡുകൾ പലയിടങ്ങളിലും ഉഴുതുമറിച്ചതും ആവശ്യത്തിന് സുരക്ഷ ഒരുക്കാതെയുള്ള നിർമാണ പ്രവർത്തനവും മൂലം അപകടം പതിവാണ്. ദേശീയപാത 66ൽ അഴിയൂർ-വെങ്ങളം റീച്ചിൽ 40.8 കിലോ മീറ്ററിൽ ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമാണ് പണി നടക്കുന്നത്. മൂരാട് പാലം മുതല് പാലോളിപ്പാലം വരെ ആറു വരിയാക്കുന്ന ജോലി അവസാനഘട്ടത്തിലാണ്.
മാലിന്യനിർമാർജനത്തിൽ വടകര നഗരസഭയിലെ ഹരിയാലി ഹരിതകർമസേന വേറിട്ട മാതൃകയാണ്. മാലിന്യങ്ങൾ സംസ്കരിക്കുക എന്നതിലുപരി പുനരുപയോഗ സാധ്യതകൂടി പരിശോധിച്ചാണ് പ്രവർത്തനം. തുടക്കത്തിൽ 60 പേരുണ്ടായിരുന്ന സംഘം ഇപ്പോൾ 90 അംഗങ്ങളുള്ള പ്രസ്ഥാനമായി വളർന്നു.
കാർഷിക മേഖലക്ക് പ്രാധാന്യമുള്ള മേഖലയാണ് നാദാപുരത്തെ വിവിധ പഞ്ചായത്തുകൾ. വാണിമേൽ, വളയം, നരിപ്പറ്റ മലയോരങ്ങളിൽ ഗുണനിലവാരമുള്ള നാളികേരം കൃഷി ചെയ്തുവരുന്നു. നാളികേരം ഉപയോഗിച്ചുള്ള മൂല്യവർധിത ഉൽപന്ന നിർമാണത്തിനും ശാസ്ത്രീയസംസ്കരണത്തിനും ഒരു പദ്ധതിയും മേഖലയിൽ ഇതുവരെ ആരംഭിച്ചിട്ടില്ല. മലയോരത്തെ വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം വേണമെന്ന ആവശ്യവും ഇതുവരെ നടപ്പായിട്ടില്ല.
40 വർഷത്തോളമായി മലയോര മേഖലയിലെ ജനങ്ങൾ ആവശ്യപ്പെടുന്ന പദ്ധതിയാണിത്. നിരവധി ജനകീയ സമരങ്ങൾ ഇതിനായി നടന്നെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. റിസർവ് വനത്തിലൂടെ റോഡ് വെട്ടേണ്ടതിനാൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയാണ് പ്രധാന തടസ്സം. ആദിവാസി മേഖലയായ വിലങ്ങാട് ചിറ്റാരി മുതൽ കണ്ടിവാതുക്കൽ മലയിലേക്ക് റോഡ് നിർമാണം ആരംഭിച്ചിട്ട് 10 വർഷത്തോളമായെങ്കിലും പാതിവഴിയിലാണ്.
83 കോടി ഫണ്ടനുവദിച്ച ചേലക്കാട്-വില്യാപ്പള്ളി-വടകര റോഡ് വികസനം കർമസമിതിയുടെ ഇടപെടൽ കാരണം അനിശ്ചിതത്വത്തിലാണ്. റോഡ് വികസനവുമായി മുന്നോട്ടുപോകുമ്പോഴാണ് കർമസമിതിയുടെ പേരിൽ ചിലർ കോടതി വ്യവഹാരവുമായി രംഗത്തിറങ്ങിയത്. മാർച്ച് 31നകം ഫണ്ട് വിനിയോഗിച്ചില്ലെങ്കിൽ പദ്ധതി ഉപേക്ഷിക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
2019ൽ വിലങ്ങാട്ടെ പ്രളയവും ഉരുൾപൊട്ടലും കാരണം ഭീഷണിയിലായ 69 ആദിവാസി കുടുംബങ്ങളുടെ പുനരധിവാസം അനിശ്ചിതമായി നീളുകയാണ്. സർക്കാർ ഭൂമി വിലക്കെടുത്ത് വീട് നിർമാണം ആരംഭിച്ചെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല.
നാദാപുരം പഞ്ചായത്തിൽ പ്രാഥമികാരോഗ്യകേന്ദ്രമില്ല. താലൂക്ക് ആശുപത്രിയെയാണ് രോഗികൾ ആശ്രയിക്കുന്നത്. ഇവിടെ നിരവധി സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. കിടത്തിച്ചികിത്സ പേരിനു മാത്രമാണ്. രണ്ട് ഓപറേഷൻ തിയറ്ററുകൾ വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്.
ആവശ്യത്തിന് സീറ്റില്ലാത്തതിനാൽ ഓരോ വർഷവും പ്ലസ് വൺ പ്രവേശനം സങ്കീർണമാവുകയാണ്. മേഖലയിൽ മൂന്നു സർക്കാർ സ്കൂളും സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന അഞ്ചു ഹയർ സെക്കൻഡറികളുമാണുള്ളത്.
ഉന്നത വിദ്യാഭ്യാസത്തിന് ഒരു സർക്കാർ കോളജ് മാത്രമാണുള്ളത്. തെരുവംപറമ്പിൽ പ്രവർത്തിക്കുന്ന നാദാപുരം ഗവ. കോളജ് കെട്ടിടം പണി പൂർത്തിയായിട്ടും തുറന്നുകൊടുത്തിട്ടില്ല. ആദിവാസി മേഖലയിലും വിദ്യാർഥികൾ തുടർപഠനത്തിന് പ്രയാസം അനുഭവിക്കുന്നു. യു.പി തലം മുതലുള്ള പഠനം വെല്ലുവിളിയാണ്. കിലോമീറ്ററുകൾ ദൂരെയുള്ള സ്കൂളിലാണ് ഇവർക്ക് പഠനത്തിന് സൗകര്യം ലഭിക്കുന്നത്. വിലങ്ങാട് മേഖലയിൽ മാത്രം ഏഴ് ആദിവാസി കോളനികളുണ്ട്.
നാദാപുരത്തെ മാലിന്യസംസ്കരണ കേന്ദ്രം കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്തുണ്ടായ ജനകീയ സമരം മൂലം അടഞ്ഞുകിടക്കുകയാണ്. ടൗണുകളിലെ മാലിന്യസംസ്കരണത്തിന് ശാസ്ത്രീയസംവിധാനമില്ല. മേഖലയിലെ ആറോളം പഞ്ചായത്തിലും മാലിന്യസംസ്കരണ സംവിധാനമില്ല.
കാർഷിക മേഖലയായ കുറ്റ്യാടിയിൽ നാളികേര വിലയിടിവാണ് കർഷകർ നേരിടുന്ന പ്രധാന പ്രശ്നം. നാളികേരം, അടക്ക, നെല്ല് എന്നിവയാണ് പ്രധാന കൃഷി. സർക്കാറിന്റെ തേങ്ങ സംഭരണം കാര്യക്ഷമമല്ല. നാളികേരം മുഴുവൻ തമിഴ്നാട്ടിലേക്ക് കയറ്റി അയക്കുകയാണ്. ജലസേചന സൗകര്യം കുറവായതും വെല്ലുവിളിയാണ്. വേളം, ആയഞ്ചേരി പഞ്ചായത്തുകളിലാണ് നെൽവയലുകൾ ഏറെയുള്ളത്. കുറ്റ്യാടി ആസ്ഥാനമായി താലൂക്ക് രൂപവത്കരിക്കണമെന്ന ആവശ്യവും ശക്തമാണ്.
രോഗികളുടെ പ്രധാന ആശ്രയമായ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ല. ഒ.പിയിൽ ദിവസവും ആയിരത്തോളം പേരെത്തുന്നുണ്ട്. പ്രസവ വാർഡ് ഒരു വർഷത്തോളമായി അടഞ്ഞുകിടക്കുന്നു. മണ്ഡലത്തിലെ മറ്റിടങ്ങളിൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മാത്രമാണുള്ളത്. കിടത്തിച്ചികിത്സയില്ല. കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയതോടെ ഉച്ചക്കുശേഷം ഒ.പിയുണ്ട്. സ്വന്തമായി കെട്ടിടങ്ങളുണ്ട്. ഹോമിയോ, ആയുർവേദ ആശുപത്രികൾക്ക് സ്വന്തം കെട്ടിടങ്ങളുണ്ട്.
സ്ഥലം ഏറ്റെടുക്കൽ നടക്കാത്തതിനാൽ റോഡ് വികസനമില്ല. കുറ്റ്യാടി ടൗണിൽ വൻ ഗതാഗതക്കുരുക്കാണ്.
എല്ലാ പഞ്ചായത്തിലും ഹയർ സെക്കൻഡറി സ്കൂളുണ്ടെങ്കിലും ഓരോ വർഷവും 10ാം ക്ലാസ് പാസാകുന്ന പകുതി പേർക്കേ പ്ലസ്ടു പ്രവേശനം ലഭിക്കുന്നുള്ളൂ. ഉന്നത വിദ്യാഭ്യാസത്തിന് മൊകേരി ഗവ. കോളജാണ് പ്രധാന ആശ്രയം. മികച്ച കെട്ടിടമുണ്ടെങ്കിലും കോഴ്സുകൾ പരിമിതം.
മാലിന്യനിർമാർജനത്തിന് ശാശ്വത പരിഹാരം കാണാൻ ഇതുവരെ കഴിയാത്തതാണ് പേരാമ്പ്രയുടെ പ്രധാന പ്രശ്നം. അരിക്കുളം ഉൾപ്പെടെ പഞ്ചായത്തുകളിൽ മാലിന്യസംസ്കരണകേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാർ ശക്തമായ സമരം നയിക്കുന്നുണ്ട്. മൂന്നുമാസം മുമ്പ് ടൗണിലെ മാലിന്യസംസ്കരണകേന്ദ്രത്തിൽ തീപിടിച്ചത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
മറ്റൊരു നീറുന്ന പ്രശ്നമാണ് കീഴരിയൂർ, തുറയൂർ പഞ്ചായത്തുകളിലെ തങ്കമല ക്വാറിയും ക്രഷറും. ഏക്കർകണക്കിന് സ്ഥലത്തെ ക്വാറി, ക്രഷർ പ്രവർത്തനം നാട്ടുകാർ ശക്തമായി എതിർത്തിട്ടും തുടരുകയാണ്. പ്രദേശത്തെ നിരവധി വീടുകൾക്ക് വിള്ളൽ വീണിട്ടുണ്ട്. ക്വാറിയിൽനിന്ന് വരുന്ന രാസലായനികൾ ജലസ്രോതസ്സുകൾ മലിനമാക്കുന്നുമുണ്ട്.
പൂഴിത്തോട്-പടിഞ്ഞാറത്തറ വയനാട് ബദൽ റോഡ് യാഥാർഥ്യമായാൽ പേരാമ്പ്ര മണ്ഡലത്തിൽ വികസനക്കുതിപ്പുണ്ടാക്കും. കാൽ നൂറ്റാണ്ട് മുമ്പ് പടിഞ്ഞാറത്തറ റോഡ് പ്രവൃത്തി തുടങ്ങിയെങ്കിലും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാൽ നിലച്ചു.
നിലവിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അനുമതി നേടിയെടുക്കാൻ ശ്രമം തുടരുന്നു. പേരാമ്പ്ര-ചെമ്പ്ര റോഡ് നവീകരണം ഇഴയുന്നത് ജനങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്. കടിയങ്ങാട്-പൂഴിത്തോട് റോഡ് നവീകരണത്തിൽ നാട്ടുകാർ ക്രമക്കേട് ആരോപിക്കുന്നുണ്ട്.
മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്. ജൽജീവൻ പദ്ധതി നടപ്പാക്കിയാൽ ഒരു പരിധിവരെ പ്രശ്നം പരിഹരിക്കപ്പെടും. ചക്കിട്ടപാറ, നൊച്ചാട് പഞ്ചായത്തുകളിൽ വേനലിൽ ജലക്ഷാമമുണ്ട്. മണ്ഡലത്തിൽ സമ്പൂർണ വൈദ്യുതീകരണം നടത്തിയിട്ടുണ്ട്.
ഭൂമി ഉണ്ടെങ്കിലും പട്ടയം ലഭിക്കാതെ പ്രയാസമനുഭവിക്കുന്നവർ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ജാനകിവയലിലുണ്ട്. ഭവനരഹിതരും മണ്ഡലത്തിലുണ്ട്. ലൈഫ് ഭവനപദ്ധതിയിൽ പേര് നൽകി കാത്തിരിക്കുന്ന നിരവധി പേരുണ്ട്. സർക്കാർ ഭവന പദ്ധതിയിലെ വീട് നിർമാണം പാതിവഴിയിൽ നിലച്ച അവസ്ഥയുമുണ്ട്.
താലൂക്ക് ആശുപത്രിക്ക് വേണ്ട ഡോക്ടർമാരോ ജീവനക്കാരോ ഇല്ല. ആശുപത്രി വികസനത്തിന് സി.കെ.ജി ഗവ. കോളജിന്റെ കൈവശമുള്ള ഭൂമി വിട്ടുകൊടുത്തിട്ടുണ്ട്. ആശുപത്രിയോട് ചേർന്ന് ജനകീയ കൂട്ടായ്മയോടെ ഡയാലിസിസ് സെന്റർ നല്ല നിലയിലാണ് പ്രവർത്തിക്കുന്നത്.
മണ്ഡലത്തിൽ 11 ഹയർ സെക്കൻഡറി സ്കൂളുകളുണ്ട്. എങ്കിലും പ്ലസ് വൺ സീറ്റ് ക്ഷാമമുണ്ട്. 300 കുട്ടികൾക്ക് പ്ലസ് വൺ പ്രവേശനം ലഭിച്ചില്ല. ഏക സർക്കാർ കോളജായ സി.കെ.ജി.എം കോളജിൽ ബിരുദ കോഴ്സുകൾ ഇനിയും വർധിപ്പിക്കേണ്ടതുണ്ട്. മേപ്പയൂരിൽ ഒരു സർക്കാർ കോളജ് കൂടി തുടങ്ങണമെന്ന ആവശ്യം ഉയരുന്നുണ്ട്.
മണ്ഡലത്തിലെ കാർഷിക മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കോഴിക്കോടിന്റെ നെല്ലറയെന്നറിയപ്പെടുന്ന ആവള പാണ്ടിയും കരുവോട് ചിറയുമെല്ലാം ഭൂരിഭാഗവും തരിശായി കിടക്കുകയാണ്. കനാൽ ചോർച്ചയും ഉപ്പുവെള്ളം കയറുന്നതുമെല്ലാം നെൽകൃഷി നിലക്കാൻ കാരണമായി. കാട്ടുമൃഗശല്യം കാരണം നിരവധി കർഷകരാണ് കൃഷി ഉപേക്ഷിച്ചത്.
മണ്ഡലത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് പെരുവണ്ണാമൂഴി. സോളാർ ബോട്ടിങ് ഉൾപ്പെടെ സൗകര്യങ്ങൾ ഇവിടെയുണ്ട്. കുട്ടികളുടെ പാർക്ക്, പൂന്തോട്ടം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇനിയും വികസന പദ്ധതികൾ വേണം. ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രവും മണ്ഡലത്തിനോട് ചേർന്നാണ്. ചക്കിട്ടപാറയിലെ മീൻതുള്ളി പാറ കയാക്കിങ് കേന്ദ്രമാണ്. ഇത് വികസിപ്പിച്ചാൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.