കോ​ർ​പ​റേ​ഷ​ൻ ബീ​ച്ചി​ൽ അ​നു​വ​ദി​ക്കു​ന്ന പെ​ട്ടി​ക്ക​ട​ക​ളു​ടെ മാ​തൃ​ക

കോഴിക്കോട് കടപ്പുറത്തെ പെട്ടിക്കടകൾ ഇനി മിന്നും

കോഴിക്കോട്: കടപ്പുറത്തെ പെട്ടിക്കടകൾക്ക് ഇനി ആധുനിക രൂപം. ബീച്ചിൽ നിലവിൽ ലൈസൻസുള്ള 92 കച്ചവടക്കാർക്ക് ഒരേ രൂപത്തിലുള്ള ആധുനിക പെട്ടിക്കടകൾ നൽകി ഫ്രീഡം സ്ക്വയറിനോട് ചേർന്ന 450ലേറെ മീറ്റർ ഭാഗം പ്രത്യേക രീതിയിൽ രൂപകൽപന ചെയ്ത് വെണ്ടിങ് സോണാക്കി മാറ്റുന്നതിനുള്ള 4.08 കോടി രൂപ ചെലവുള്ള വിശദ പദ്ധതിരേഖയാണ് മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗം അംഗീകരിച്ചത്.

ഓരോ പെട്ടിക്കടക്കും ചെലവുവരുന്ന 1.38 ലക്ഷം രൂപ കേരള ബാങ്ക് വഴി വായ്പയായി കച്ചവടക്കാർക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി. പലിശ ഇളവുകളോടെയാവും വായ്പ. കച്ചവടക്കാരുമായി ചർച്ച നടത്തിയ ശേഷമാണ് പദ്ധതി തയാറാക്കിയത്.

ഉന്തുവണ്ടിയുടെ ഉള്ളിൽനിന്ന് കച്ചവടം ചെയ്യാനാവണമെന്നും കടപ്പുറത്തെ ഉപ്പുകാറ്റിൽ തുരുമ്പെടുക്കാത്ത കടകൾ വേണമെന്നുമുള്ള അവരുടെ ആവശ്യം പരിഗണിച്ചതായി ക്ഷേമകാര്യ സ്ഥിരം സമിത അധ്യക്ഷൻ പി. ദിവകാരൻ പറഞ്ഞു.

വെള്ളം നൽകാൻ കോർപറേഷന്റെ ‘തീർഥം’ പദ്ധതിയിൽ കടകളിൽ ശുദ്ധമായ വെള്ളം ഉറപ്പുവരുത്തും. കടകളിൽ സൗരോർജ വിളക്ക് ലഭ്യമാക്കാനാണ് ഉദ്ദേശിച്ചതെങ്കിലും പ്രായോഗികമല്ലെന്ന് കണ്ട് വൈദ്യുതി ലഭ്യമാക്കാനാണ് പദ്ധതി.

പാചകം ചെയ്യുന്ന ഭാഗം, കഴുകാനുള്ള ഭാഗം എന്നിവയുള്ള പെട്ടിക്കടയിൽനിന്ന് വെള്ളം മലിന ജല സംസ്കകരണ പ്ലാന്റ് വഴി ശുദ്ധീകരിച്ചാണ് പുറത്തുവിടുക. ഓരോ കടകൾക്കുമുള്ള നമ്പർ കച്ചവടക്കാർക്ക് ഇന്ന നമ്പറിൽ ഇന്ന സാധനങ്ങൾ കിട്ടുമെന്ന രീതിയിൽ മാർക്കറ്റ് ചെയ്യാനാവും.

ബീച്ച് റോഡ് നടപ്പാത കഴിഞ്ഞ് കടപ്പുറത്ത് ആറ് മീറ്റർ വീതിയിൽ ടൈലിട്ട പ്രത്യേക ഭാഗമുണ്ടാക്കി അവിടെയാണ് പെട്ടിക്കടകൾ നിശ്ചിത അകലത്തിൽ സ്ഥാപിക്കുക. ഓരോ ഗ്രൂപ്പായി വെക്കുന്ന കടകൾക്കിടയിലൂടെ ബീച്ചിലേക്ക് തടസ്സമില്ലാതെ പ്രവേശിക്കാനാവും.

ഇതോടെ കടലിനോട് ചേർന്നുള്ള ഭാഗങ്ങൾ മുഴുവൻ സന്ദർശകർക്കുപയോഗിക്കാനാവും. കടലിനോട് ചേർന്നുള്ള പൂഴിയിൽ കച്ചവടം അനുവദിക്കില്ല. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതിയെന്ന് ഡി.പി.ആർ തയാറാക്കിയ ആർക്കിടെക്ചർമാരുടെ കൂട്ടായ്മയായ ഡി.എർത് അവകാശപ്പെട്ടു.

പദ്ധതി നടപ്പാക്കുമ്പോൾ തുറമുഖമടക്കം എല്ലാ വകുപ്പുകളുടെയും അനുമതി ഉറപ്പാക്കണമെന്നും അല്ലെങ്കിൽ കിഡ്സൺ കെട്ടിടം പൊളിക്കാനായി വ്യാപാരികൾക്കുണ്ടാക്കിയ ഷെഡ്ഡ് പോലെ പൊളിച്ചുമാറ്റേണ്ടി വരുമെന്നും എസ്.കെ. അബൂബക്കർ പറഞ്ഞു. 25 കൊല്ലമായുള്ള നഗരത്തിന്റെ ആവശ്യമാണ് യാഥാർഥ്യമാവുന്നതെന്ന് സി.പി. സുലൈമാൻ പറഞ്ഞു.

Tags:    
News Summary - New infrastructure for licensed vendors of Kozhikode beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.