കോഴിക്കോട്: ഉറങ്ങാതെ കാത്തിരുന്ന നഗരത്തിലേക്ക് പുതുവർഷം എത്തി. ചൊവ്വാഴ്ച പുതുവർഷ രാവിന്റെ ആഘോഷങ്ങൾക്ക് ഉച്ചമുതൽ തന്നെ നഗരത്തിൽ തിരക്ക് തുടങ്ങി. മാനാഞ്ചിറയിലും കടപ്പുറത്തും ആയിരങ്ങളെത്തി. രാവിലെ മുതൽ കുടുംബത്തോടൊപ്പം നിരവധി പേർ എത്തിയതോടെ തിരക്കേറി. അതിരുവിടാതിരിക്കാൻ സിറ്റി പൊലീസ് വിപുലമായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കി. സിറ്റിയിൽ 750ഓളം പൊലീസുദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു.
കോഴിക്കോട് ബീച്ച്, ഭട്ട് റോഡ് ബീച്ച്, വരക്കൽ ബീച്ച്, ബേപ്പൂർ ബീച്ച്, പുലിമുട്ട്, മാളുകൾ, ബാർ ഹോട്ടലുകൾ, ബിയർ പാർലറുകൾ, റിസോർട്ടുകൾ, ഫ്ലാറ്റുകൾ, അപ്പാർട്മെന്റുകൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പൊലീസ് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തി. ജില്ല അതിർത്തികളിൽ വാഹന പരിശോധനയും നടന്നു.
വൈകീട്ട് അഞ്ച് മുതൽ ഗാന്ധി റോഡ് മുതൽ വലിയങ്ങാടി ജങ്ഷൻ വരെ ഭാഗങ്ങളിൽ വാഹനഗതാഗതം അനുവദിക്കില്ലെന്ന് നേരത്തേ തന്നെ അറിയിച്ചിരുന്നു. വൈകീട്ട് മൊഫ്യൂസിൽ സ്റ്റാൻഡിൽനിന്ന് വടകര, കണ്ണൂർ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾ പുതിയറ കാരപ്പറമ്പ് വഴിയാണ് പോയത്.
കടപ്പുറത്ത് വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടായെങ്കിലും ആഘോഷത്തിന് കുറവുണ്ടായില്ല. ബാൻഡ് മേളവും പടക്കങ്ങളും ആഘോഷങ്ങൾക്ക് അകമ്പടിയായി. ഇരുചക്ര വാഹനങ്ങളിൽ അമിത വേഗത്തിലും രണ്ടിലധികം പേരെ കയറ്റിയും മറ്റും വന്ന വാഹനങ്ങൾ പൊലീസ് തടഞ്ഞു. മാനാഞ്ചിറയിലെ ടൂറിസം വകുപ്പ് ദീപാലങ്കാരത്തിന് ചുറ്റും വൻ തിരക്കായിരുന്നു.
മാനാഞ്ചിറയിൽ പാതകൾ ഗതാഗതക്കുരുക്കിലമർന്നു. മിഠായി തെരുവിലും മാനാഞ്ചിറയിലും സെൽഫിയെടുക്കുന്നവരും ഏറെയെത്തി. ഷോപ്പിങ് മാളുകളിലും കടകൾക്ക് മുന്നിലും നല്ല തിരക്കായിരുന്നു. രാത്രി നഗരത്തിൽ റസിഡന്റ് അസോസിയേഷനുകളടക്കം വിവിധ കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ ആഘോഷം നടന്നു. ഏറ്റവും കൂടുതൽ ആളുകളെത്തിയ ബീച്ചിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ച് ബ്ലൂടൂത്ത് സെറ്റുമായി വന്ന യുവാക്കളെ പൊലീസ് തടഞ്ഞ് തിരിച്ചയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.