കോഴിക്കോട് : പുതുവത്സരാഘോഷം കണക്കിലെടുത്ത് ഞായറാഴ്ച കോഴിക്കോട് നഗരപരിധിയിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് അസി. കമീഷണർ എ.ജെ. ജോൺസൺ അറിയിച്ചു. സാധാരണ പോലെ യാതൊരുവിധ ചരക്കുവാഹനങ്ങൾക്കും കോഴിക്കോട് നഗരത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. മറ്റ് യാത്രക്കാരില്ലാതെ ഡ്രൈവർ മാത്രമായി യാത്ര ചെയ്യുന്ന, കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടായിരിക്കും.
ഇത്തരം വാഹനങ്ങൾ നഗരപരിധിക്ക് പുറത്ത് പാർക്കിംഗ് ചെയ്യണം. പുതുവത്സരാഘോഷം സുഗമമാക്കുന്നതിനുവേണ്ടി വൈകീട്ട് മൂന്ന് മണിക്ക് ശേഷം ബീച്ച് ഭാഗത്തേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും. സൗത്ത് ബീച്ച് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ യാതൊരുവിധ പാർക്കിംഗും അനുവദിക്കുന്നതല്ല. അനധികൃത പാർക്കിംഗ് യഥാസമയങ്ങളിൽ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്ത് പിഴ ഈടാക്കും. ലഹരി വസ്തുക്കൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവർക്കെതിരായി നടപടികൾ സ്വീകരിക്കുന്നതിനായി നഗരത്തിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് 10 സബ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ കർശന പരിശോധന നടത്തുമെന്ന് ട്രാഫിക് അസി. കമീഷണർ പറഞ്ഞു.
നിയമലംഘകരുടെ ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതുമാണ്. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന തരത്തിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനങ്ങളും മറ്റും നടത്തുന്നവരുടെ പേരിൽ കർശന നടപടികൾ സ്വീകരിക്കും. പുതുവത്സരാഘോഷങ്ങൾ സുഗമമാക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുമായി പൊതുജനങ്ങൾ പരമാവധി സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു.
താമരശ്ശേരി ചുരത്തിലും പുതുവത്സരാഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി പൊലീസ്. ചുരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമാണ് ഞായറാഴ്ച വൈകിട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ വരെ താമരശ്ശേരി ചുരത്തില്‍ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന പ്രധാന ചുരത്തില്‍ പലപ്പോഴായി ഗതാഗത കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടി. താമരശ്ശേരി ചുരത്തിൽ ഇന്ന് വൈകുന്നേരം മുതൽ തിങ്കളാഴ്ച രാവിലെ വരെ വാഹനത്തിൽ നിന്നും പുറത്തിറങ്ങിയുള്ള ആഘോഷങ്ങൾ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. വാഹനങ്ങൾ ചുരത്തിൽ പാർക്കു ചെയ്യാനും അനുവദിക്കില്ല.
ചുരത്തിലെ കടകൾ ഇന്ന് വൈകിട്ട് ഏഴ് മണിക്ക് അടയ്ക്കാനും താമരശ്ശേരി പൊലീസ് വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കി. വാഹനത്തില്‍നിന്നിറങ്ങി ചുരത്തില്‍നിന്നും ഫോട്ടോ എടുക്കാനും അനുവദിക്കില്ല. അതേസമയം, ചുരത്തിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങളില്ല. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഇത്തരമൊരു നടപടിയെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ക്രമസമാധാനം ഉറപ്പാക്കാനും വാഹനതിരക്ക് നിയന്ത്രിക്കാനും ഇന്ന് വൈകിട്ട് മുതല്‍ ചുരത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്നും താമരശ്ശേരി ഇന്‍സ്പെക്ടര്‍ സായൂജ് കുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.