ചാത്തമംഗലം: ഭൂപടം വികലമാക്കി പ്രദർശിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച വിദ്യാർഥിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും സമൂഹ മാധ്യമങ്ങളിൽ അപമാനിക്കുകയും ചെയ്തതിന് എൻ.ഐ.ടിയിലെ 10 വിദ്യാർഥികൾക്കെതിരെ കേസ്.
ഭൂപടത്തിനെതിരെ പ്രതിഷേധിച്ചതിന് സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥി വൈശാഖ് പ്രേംകുമാറാണ് കുന്ദമംഗലം പൊലീസിൽ പരാതി നൽകിയത്. ‘ഇന്ത്യ രാമരാജ്യമല്ല’ എന്ന പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ച വൈശാഖിനെ സംഘ്പരിവാർ അനുകൂല വിദ്യാർഥികൾ മർദിച്ചിരുന്നു.
സംഭവത്തിനിടെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നാണ് പരാതി.
സയൻസ് ആൻഡ് സ്പിരിച്വാലിറ്റി ക്ലബിന്റെ നേതൃത്വത്തിലായിരുന്നു പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് കാവിഭൂപടം പ്രദർശിപ്പിക്കുകയും ആഘോഷം സംഘടിപ്പിക്കുകയും ചെയ്തത്. ഇതിൽപ്പെട്ട വിദ്യാർഥികളാണ് വൈശാഖിനെ മർദിച്ചത്. കൂടാതെ, സമൂഹ മാധ്യമങ്ങളിൽ വൈശാഖിന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് തീവ്രവാദിയാക്കി ചിത്രീകരിച്ച് പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെയുമാണ് പരാതി നൽകിയത്. കണ്ടാലറിയാവുന്ന 10 പേർക്കെതിരെയാണ് കേസ്. കൈലാസ് നാഥ് എന്ന വിദ്യാർഥിയുടെ പരാതിയിലും കഴിഞ്ഞദിവസം കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.