കോഴിക്കോട്: ഞെളിയൻ പറമ്പിലെ ബയോമൈനിങ്, കാപിങ് പ്രവൃത്തിയിൽ അനിശ്ചിതാവസ്ഥയുണ്ടെന്നും കരാറുകാരായ സോണ്ട ഇൻഫ്രാടെക് കമ്പനിയെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കോർപറേഷൻ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത, മുൻ കൗൺസിലർ എസ്.വി. സയ്യിദ് മുഹമ്മദ് ഷമീൽ തങ്ങൾ എന്നിവർ നൽകിയ പരാതിയിൽ ജൂൺ 27ന് കോർപറേഷൻ സെക്രട്ടറി ഹാജരാവണമെന്ന് മനുഷ്യാവകാശ കമീഷൻ അംഗം ജസ്റ്റിസ് കെ. ബൈജുനാഥ് നിർദേശം നൽകി.
പരാതിയിൽ കോർപറേഷൻ നൽകിയ വിശദീകരണം കൂടി പരിഗണിച്ച ശേഷമാണ് കമീഷൻ നിർദേശം. കോർപറേഷന്റെ മറുപടി തൃപ്തികരമല്ലെന്ന് ഹരജിക്കാർ വാദിച്ചു. കോർപറേഷൻ സെക്രട്ടറിയുടെ മറുപടി കമീഷനെ തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനമില്ലാത്തതുമാണ്.
വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല മറുപടിയിൽ പറയുന്നത്. സോണ്ട കമ്പനിയുമായി കഴിഞ്ഞ നാലു വർഷമായുള്ള കരാർ നിലനിൽക്കുന്നതല്ല. 7.7 കോടി രൂപയുടെ കരാറിൽ 50 ശതമാനത്തോളം തുക കോർപറേഷൻ നൽകിക്കഴിഞ്ഞു. ഏക വർഷ കരാറിൽ ഒപ്പുവെച്ച കോർപറേഷൻ അവിഹിതമായി കമ്പനിയെ സഹായിച്ച് പൊതുഖജനാവിൽനിന്ന് കോടികൾ നൽകിയത് അന്വേഷണവിധേയമാക്കണം.
സാങ്കേതിക പരിചയമില്ലാത്ത സോണ്ട കമ്പനിക്ക് രാഷ്ട്രീയ സ്വാധീനത്തിൽ നൽകിയ കരാർ അടിസ്ഥാനമില്ലാതെ പണം നൽകി വീണ്ടും നീട്ടിക്കൊണ്ടുപോവുകയാണ്. ഇതിന് പിന്നിൽ നടക്കുന്ന ഇടപാടുകളെക്കുറിച്ചും അന്വേഷിക്കണം.
മാലിന്യം നീക്കം ചെയ്ത് മാലിന്യത്തിൽനിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയിൽ പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്, വാഹനം കടന്നുപോകാൻ സൗകര്യം ചെയ്തിട്ടുണ്ട് എന്നെല്ലാമുള്ള സെക്രട്ടറിയുടെ മറുപടി ശരിയല്ലെന്നും കെ.സി. ശോഭിത ഹരജിയിൽ പറഞ്ഞു. 2021ന് നൽകിയ പരാതി പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് മുഹമ്മദ് ഷമീലിന്റെ അപേക്ഷയിൽ പറയുന്നു.
ഞെളിയൻ പറമ്പിൽ മാലിന്യം ഇപ്പോഴും കുന്നുകൂടി. തൊട്ടടുത്ത ശാരദ മന്ദിരത്തിൽ സ്വകാര്യ ഗോഡൗണിൽ മാലിന്യത്തിന് തീ പിടിച്ച സംഭവം രണ്ട് വർഷം പിന്നിട്ടു. ഇതുവരെ മാലിന്യം നീക്കിയിട്ടില്ല. ഞെളിയൻ പറമ്പിൽ മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയുടെ പ്രവൃത്തി ആരംഭിച്ചിട്ടില്ല.
രണ്ട് വർഷംമുമ്പ് മുഖ്യമന്ത്രി തറക്കല്ലിട്ട് പ്രവൃത്തി ഉദ്ഘാടനം ചെയ്തതല്ലാതെ തുടർനടപടി ഉണ്ടായിട്ടില്ല. കാലവർഷത്തിൽ മലിന ജലം പരന്നൊഴുകി പ്രദേശത്തെ ജനങ്ങൾക്ക് വലിയ പ്രയാസമാണുണ്ടാവുക. തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് ഉണ്ടാവുന്നതെന്നും എസ്.വി. സയ്യിദ് മുഹമ്മദ് ഷമീലിന്റെ അപേക്ഷയിലുണ്ട്.
കോഴിക്കോട്: കോർപറേഷൻ ഹരിതകർമ സേനക്ക് പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം നൽകാത്ത വീട്ടുകാർക്കും സ്ഥാപനങ്ങൾക്കും നഗരസഭ നോട്ടീസ് നൽകിത്തുടങ്ങി. കഴിഞ്ഞ ഒക്ടോബർ മുതൽ ഹരിത കർമസേനയിൽ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടായിരുന്നു. എന്നിട്ടും നഗരത്തിൽ 36,000 വീടുകളെങ്കിലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് കണ്ടെത്തൽ.
ഇവർക്കാണ് നോട്ടീസ് നൽകിത്തുടങ്ങിയത്. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തിന്റെ സാഹചര്യത്തിൽ ഖര മാലിന്യപരിപാലന ചട്ടം 2016 പ്രകാരം മാലിന്യ സംസ്കരണം നടപ്പാക്കുന്നതിന് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് നടപടി.
കോർപറേഷൻ പരിധിയിലുള്ള എല്ലാ സ്ഥാപനങ്ങളിൽ നിന്നും തരംതിരിച്ച അജൈവമാലിന്യം ശേഖരിക്കുന്നതിനാണ് ഹരിത കർമസേനയെ നിയോഗിച്ചത്. ഇതിന് നിയമപ്രകാരം യൂസർ ഫീ നൽകണം. ഇല്ലെങ്കിൽ നിയമ നടപടിയുണ്ടാവും. 10,000 രൂപയിൽ കുറയാത്തതും 50,000 രൂപ വരെ ആകാവുന്നതുമായ പിഴയോ ആറുമാസത്തിൽ കുറയാത്തതും മൂന്നുവർഷം വരെ ആകാവുന്നതുമായ തടവോ രണ്ടും കൂടിയോ ആണ് ശിക്ഷ കിട്ടുക.
ശിക്ഷിച്ചതിനു ശേഷവും ലംഘനം തുടർന്നാൽ 1000 രൂപയിൽ കുറയാത്ത പിഴ ഒടുക്കണം. ഹരിത കർമസേനക്ക് യൂസർഫീ നൽകാത്തവരിൽനിന്ന് തുക വസ്തുനികുതി കുടിശ്ശികയായി കണക്കാക്കി 2023 ഏപ്രിൽ ഒന്നുമുതൽ ഈടാക്കുമെന്നും അറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.