കോഴിക്കോട്: കോതിയിലും ആവിക്കൽ തോടിലും മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കുന്ന പദ്ധതിയിൽനിന്ന് കോർപറേഷൻ പിന്മാറുന്നുവെന്ന വാർത്ത തെറ്റാണെന്ന് മേയർ ഡോ. ബീന ഫിലിപ്പ്. പദ്ധതി ഒരു കാരണവശാലും ഉപേക്ഷിക്കില്ലെന്നും തെറ്റായ വാർത്തകൾ നൽകി ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതിൽനിന്നും മാധ്യമങ്ങൾ പിന്മാറണമെന്നും മേയർ പറഞ്ഞു.
സ്വന്തം ചേംബറിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലായിരുന്നു മേയറുടെ വിശദീകരണം. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോതിയിലും ആവിക്കൽ തോടിലും മാലിന്യ സംസ്കരണ പ്ലാന്റ് നിർമിക്കുന്നത്.
കോടതിയിൽ കേസ് നിലനിൽക്കുന്നതിനാലും പ്രാദേശികമായ എതിർപ്പുകൾ കാരണവും 2023 മാർച്ച് 31ന് അവസാനിക്കുന്ന അമൃത് 1ൽ പദ്ധതി നടപ്പാക്കാനാവില്ല എന്നാണ് ചില മാധ്യമങ്ങളോട് പറഞ്ഞത്. അമൃത്-2ൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് കോർപറേഷൻ ഉദ്ദേശിക്കുന്നതെന്ന് മേയർ വിശദീകരിച്ചു.
മാർച്ച് 31നകം പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്ന ആശങ്ക ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്റ്റേറ്റ് ഹൈപവർ സ്റ്റിയറിങ് കമ്മിറ്റിയെയും അഡീഷനൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല ടെക്നിക്കൽ കമ്മിറ്റിയെയും കോർപറേഷൻ അറിയിച്ചിട്ടുണ്ട്.
ഈ രണ്ട് പദ്ധതികളും അമൃത് രണ്ടിലേക്ക് മാറ്റുന്നതിന് അമൃത് കോർ കമ്മിറ്റി തീരുമാനമെടുത്ത് സർക്കാർ അംഗീകാരത്തിനായി അയക്കാൻ കൗൺസിൽ മുമ്പാകെ സമർപ്പിച്ചിരിക്കുകയാണെന്നും മേയർ പറഞ്ഞു. പദ്ധതി അമൃത് ഒന്നിൽ നിന്ന് അമൃത് രണ്ടിലേക്ക് മാറ്റുന്നുവെന്ന വാർത്തയാണ്, കോർപറേഷൻ പദ്ധതിയിൽനിന്ന് പിന്മാറുന്നുവെന്ന മട്ടിൽ വളച്ചൊടിച്ചതെന്ന് മേയർ ആരോപിച്ചു.
പദ്ധതി നടപ്പാക്കുമെന്ന നിലപാടിൽനിന്ന് കോർപറേഷൻ പിന്നോട്ട് പോയിട്ടില്ല. നിലവിൽ കോടതിയിൽ കേസുള്ളതുകൊണ്ടാണ് പ്രവൃത്തി നടക്കാത്തത്. കോതിയിൽ നാലു കേസും ആവിക്കൽതോടിൽ ഒരു കേസുമാണ് നിലവിലുള്ളത്. രണ്ട് കേസുകളിൽ വിധി കോർപറേഷന് അനുകൂലമാണ്. ഇപ്പോൾ എതിർക്കുന്ന നാട്ടുകാർ തന്നെ പദ്ധതിയുടെ ഗുണം മനസ്സിലാക്കി അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പാണെന്നും മേയർ പറഞ്ഞു.
പദ്ധതി പൂർണമായും കേന്ദ്ര പദ്ധതിയല്ല. പകുതി മാത്രമാണ് കേന്ദ്രത്തിന്റേത്. അതുകൊണ്ട് അമൃത് രണ്ടിൽ പദ്ധതി ഉൾപ്പെടുത്താനാവുമെന്നും ഫണ്ട് പാഴാകാതിരിക്കാൻ കോർപറേഷന് പ്രത്യേകം ‘പ്ലാൻ’ ഉണ്ടെന്നും മേയർ പറഞ്ഞു. വാർത്തസമ്മേളനത്തിൽഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ് പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.