ഡോക്ടർമാരില്ല; കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയകൾ വൈകുന്നു

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് ശസ്ത്രക്രിയകളെ ബാധിക്കുന്നു. കോവിഡ് കാലത്ത് നീട്ടിവെച്ച ശസ്ത്രക്രിയകളും പുതിയ കേസുകളുമെല്ലാം ചേർന്ന് നടക്കാനുള്ള ശസ്ത്രക്രിയകളുടെ എണ്ണം കൂടി കിടക്കുകയാണ്. നേരത്തേ നിരവധി ശസ്ത്രക്രിയകൾ നടന്നിരുന്ന മെഡിക്കൽ കോളജിൽ കോവിഡ് വന്നതോടെ അടിയന്തര ശസ്ത്രക്രിയകൾ ഒഴികെയുള്ളവയെല്ലാം ഒന്നര വർഷത്തോളം നീട്ടിവെക്കേണ്ടി വന്നു.

കോവിഡ് മാറിയപ്പോൾ ഈ കേസുകളെല്ലാം ഒരുമിച്ച് വന്നത് തിരക്ക് വർധിപ്പിച്ചിരിക്കുകയാണ്.

മെഡിക്കൽ കോളജ് സർജറി വിഭാഗത്തിൽനിന്ന് മൂന്ന് യൂനിറ്റുകളുടെ മേധാവിമാരടക്കം നാല് ഡോക്ടർമാരാണ് മറ്റ് ആശുപത്രികളിലേക്ക് സ്ഥലം മാറിപ്പോയത്. നേരത്തേതന്നെ ആവശ്യത്തിന് ഡോക്ടർമാരില്ലാതെ വലയുന്ന, അതേസമയം, തിരക്കേറിയ വിഭാഗമാണ് സർജറി. അവിടെനിന്ന് സ്ഥലം മാറ്റിയ നാല് ഡോക്ടർമാർക്ക് പകരം ഒരാൾ പോലും നിയമിതനായിട്ടില്ല.

രോഗികളുടെ എണ്ണം വളരെ കൂടുതലാണെന്നും ജൂലൈ വരെ എല്ലാ ദിവസങ്ങളിലേക്കുമുള്ള ശസ്ത്രക്രിയ തീരുമാനിച്ചെന്നും ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. ഇ.വി. ഗോപി പറഞ്ഞു. ശസ്ത്രക്രിയക്ക് എത്ര നീട്ടി തീയതി നൽകിയാലും സ്വകാര്യ ആശുപത്രികളെ സമീപിക്കാൻ സാധിക്കാത്തവർ അതിനായി കാത്തിരിക്കുകയാണ്.

ഇത് പലപ്പോഴും ഗുരുതരാവസ്ഥയിലേക്ക് രോഗികളെ എത്തിക്കുകയും ചെയ്യുന്നുണ്ട്. കോവിഡ് കാലത്ത് മാറ്റിവെച്ച ശസ്ത്രക്രിയകൾ പോലും പൂർണമായി ചെയ്തുതീർക്കാൻ കഴിഞ്ഞിട്ടില്ല. ഇനിയും നിരവധി പേർ കാത്തിരിപ്പ് തുടരുകയാണ്. കൂടുതൽ ഡോക്ടർമാരെ നിയമിച്ചാൽ തിരക്ക് കുറക്കാനും ശസ്ത്രക്രിയകൾ വേഗത്തിൽ ചെയ്തുതീർക്കാനും സാധിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് സന്ദർശിച്ച ആരോഗ്യ മന്ത്രിയുടെ മുമ്പാകെ ജീവനക്കാരുടെ ക്ഷാമത്തെക്കുറിച്ച് അധികൃതർ അറിയിച്ചിരുന്നു. ആശുപത്രിയിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാമെന്ന് മന്ത്രി ഉറപ്പും നൽകിയിട്ടുണ്ട്. തസ്തിക കൂടുതൽ ലഭിക്കുകയും നിയമനം നടക്കുകയും ചെയ്താൽ തിരക്ക് കുറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ. 

Tags:    
News Summary - No doctors; Surgery is delayed at Kozhikode Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.