പേരാമ്പ്ര: ചെറുവണ്ണൂരില്‍ ലൈഫ് പദ്ധതിയില്‍ തങ്ങളെ അവഗണിക്കുന്നു എന്നാരോപിച്ച് വീട്ടമ്മ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ കക്കറമുക്ക് റോഡില്‍ കുതിരപ്പെട്ടി ഭാഗത്ത് കുന്നത്ത് മീത്തല്‍ ഷെര്‍ലി (46) ആണ് പത്ത് വയസ്സുകാരനായ മകനോടൊപ്പം കുത്തിയിരിപ്പ് സമരം നടത്തിയത്.
അർഹരെ തഴഞ്ഞ് ലൈഫ് ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കിയതായി ഷെര്‍ലി ആരോപിച്ചു. ഗ്രാമപഞ്ചായത്തില്‍ മെച്ചപ്പെട്ട വീടുള്ളവര്‍ക്കും ജോലിയുള്ളവര്‍ക്കും ജോലിയുള്ള മക്കളുള്ളവര്‍ക്കും ആദ്യപരിഗണന നല്‍കി. എന്നാൽ, തന്നെയും മറ്റുള്ളവരെയും പിന്തള്ളി തന്റെ വയസ്സ് കുറച്ചാണ് പട്ടികയിൽ കാണിച്ചിരിക്കുന്നതെന്നും ലൈഫ് പദ്ധതിക്ക് പരിഗണിക്കുമ്പോള്‍ വയസ്സും ഒരു ഘടകമായതിനാല്‍ അതും തനിക്ക് പ്രതികൂലമായെന്നും ഷെര്‍ലി പറഞ്ഞു.
15 വര്‍ഷത്തോളമായി വീടിന് അപേക്ഷിച്ച് അധികൃതരുടെ പിന്നാലെ നടക്കുന്നു. പല കാരണങ്ങള്‍ പറഞ്ഞ് ഇതുവരെ വീട് അനുവദിച്ചുകിട്ടിയില്ലെന്നും ഇവർ ആരോപിച്ചു. ബാങ്കില്‍നിന്ന് ലോണെടുത്ത് സ്ഥലം വാങ്ങുകയായിരുന്നു. അത് ജപ്തിനടപടികള്‍ വരെയെത്തി. പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കൂരയിലാണ് ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവർ കഴിയുന്നത്. വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ സമരത്തിന് പിന്തുണയര്‍പ്പിച്ചു. ബി.ജെ.പി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ്, ആര്‍.എം.പി.ഐ പേരാമ്പ്ര എരിയ ചെയര്‍മാന്‍ എം.കെ. മുരളീധരന്‍, എസ്.ടി.യു സംസ്ഥാന കമ്മിറ്റി അംഗം സി.പി. കുഞ്ഞമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. ബുധനാഴ്ച മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ഷെര്‍ലി വാർത്തസമ്മേളനത്തിൽ അറിയിച്ചു. എന്നാല്‍, ക്ലേശഘടകങ്ങള്‍ അനുസരിച്ച് തയാറാക്കിയ ലിസ്റ്റില്‍ ഷെര്‍ലി ഉള്‍പ്പെട്ടിട്ടുണ്ടെന്നും മുന്‍ഗണനാക്രമം അനുസരിച്ച് അവര്‍ക്ക് വീട് ലഭിക്കുമെന്നും ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.