കോഴിക്കോട്: മോട്ടോർ വാഹന വകുപ്പിൽ പരിഷ്കരണത്തിന് മുഖം തിരിക്കുന്ന ഉദ്യോഗസ്ഥർക്കും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥർക്കുമെതിരെ നടപടികൾ കർശനമാക്കുന്നു. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ട്രാൻസ്പോർട്ട് കമീഷണർ പുറത്തിറക്കി. ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് ഹാജരാകുന്നവരോടുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റമടക്കം സംബന്ധിച്ച നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണിത്. പരാതികളും പെരുമാറ്റദൂഷ്യംമൂലം നടപടി നേരിടുന്ന ഉദ്യോഗസ്ഥരുടെ എണ്ണം വർധിക്കുന്ന സാഹചര്യവും പരിഗണിച്ച് വകുപ്പിന്റെ സൽപേര് വീണ്ടെടുക്കാൻ നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കുകയാണ് ചെയ്യുന്നത്.
സർക്കാർ ജീവനക്കാർ പൂർണ സത്യസന്ധരും സേവന നിരതനും ആയിരിക്കണമെന്നും ഔദ്യോഗിക കൃത്യനിർവഹണത്തിൽ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറരുതെന്നും പുതിയ ഉത്തരവിൽ പറയുന്നു. ഏജന്റുമാർമുഖേനയല്ലാതെ നേരിട്ട് എത്തുന്ന അപേക്ഷകരെ നിസ്സാര കാരണങ്ങൾ പറഞ്ഞും വലിയ തുക പിഴ നൽകിയും ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിക്കുകയാണെന്ന് ആക്ഷേപമുണ്ട്. പല ആർ.ടി.ഒ ഓഫിസുകളിലും ഇത്തരം അനീതി വ്യാപകമായി നടമാടുകയാണ്. ഏജന്റുമാർ മുഖേന കൈക്കൂലി ലഭിക്കുന്നത് നഷ്ടമാകുന്നതിലാണ് ഉദ്യോഗസ്ഥർ അപേക്ഷകരെ പലതവണ ഓഫിസുകളിൽ കയറ്റിയിറക്കുന്നതും അപേക്ഷകൾ നിരസിക്കുന്നതിനും കാരണമാകുന്നത്.
വകുപ്പ് പല പരിഷ്കരണങ്ങൾ കൊണ്ടുവന്നിട്ടും ആർ.ടി.ഒ ഓഫിസുകളിൽ കൈക്കൂലി നൽകാതെ കാര്യങ്ങൾ നടക്കാത്ത അവസ്ഥയാണ് നിലനിൽക്കുന്നതെന്ന ആക്ഷേപവും നടപടികൾ വ്യാപകമായതാണ് പുതിയ നീക്കത്തിന് കാരണം. സേവനങ്ങൾക്കെത്തുന്ന പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്നും വീഴ്ചവരുത്തുന്നവർക്കെതിരെ അച്ചടക്കലംഘന നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ സൂചിപ്പിക്കുന്നു. അച്ചടക്കലംഘനം ശ്രദ്ധയിൽപെട്ടിട്ടും നടപടി സ്വീകരിക്കാത്ത മേലുദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.