ഓമശ്ശേരി: വിവാഹ സർട്ടിഫിക്കറ്റിനായി ഗ്രാമപഞ്ചായത്ത് ഓഫിസിലെത്തിയ യുവതിയെ സെക്രട്ടറിയുടെ നേതൃത്വത്തിൽ അവഹേളിച്ചതായി പരാതി. അമ്പലക്കണ്ടി പുറായിൽ സുബൈറിെൻറ ഭാര്യ ഉമ്മുഹബീബക്കാണ് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫിസിൽനിന്ന് ദുരനുഭവമുണ്ടായത്. ഇതുസംബന്ധിച്ച് ഉമ്മുഹബീബ ആരോഗ്യമന്ത്രി കെ.കെ. ശൈലജക്ക് പരാതി നൽകി.
താൻ ഗർഭിണിയും അവശയുമായിരുന്നെന്നും വാർഡ് അംഗം മുഖേന അസുഖം സംബന്ധിച്ചു വിവരം പഞ്ചായത്ത് ഒാഫിസിൽ നേരത്തേ അറിയിച്ചിരുന്നെന്നും പരാതിയിൽ പറയുന്നു. വിവാഹ സർട്ടിഫിക്കറ്റിനാവശ്യമായ രേഖകൾ ഭർത്താവ് പ്രസ്തുത ദിവസം ഉച്ചയോടെ ഹാജരാക്കി വെരിഫൈ ചെയ്തിരുന്നു. നാലേകാലോടെ വരാനും പറഞ്ഞു.4.20 ഓടെ എത്തിയ യുവതിയെയും ഭർത്താവിനെയും 5.10 വരെ പുറത്ത് നിർത്തിച്ചു. അസുഖ വിവരം അറിയിച്ചതിനെതുടർന്ന് ഫ്രണ്ട് ഓഫിസിലേക്ക് വിളിപ്പിച്ചു. അവിടെ പത്തോളം ജീവനക്കാർ കൂടി നിൽക്കുന്നുണ്ടായിരുന്നു. ഒപ്പിടാൻ സെക്രട്ടറി അബ്ദുൽ ബഷീർ ആവശ്യപ്പെട്ടതിനു പിന്നാലെ ഗർഭിണിയാണെന്ന് നുണ പറഞ്ഞ് സർട്ടിഫിക്കറ്റ് ഒപ്പിടീക്കുകയാണോ എന്ന് അശ്ലീല-പരിഹാസ ചുവയോടെ ചോദിച്ചു. കൂടി നിന്ന ജീവനക്കാർ ചിരിച്ചു. ഏറെ അപമാനിതയായാണ് മടങ്ങേണ്ടി വന്നത്.
പൊതുസമൂഹം സമക്ഷം സ്ത്രീത്വത്തെ അവഹേളിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, അവമതിപ്പുണ്ടാക്കൽ, സ്ത്രീയെ ശരീരഭാഗങ്ങളുടെ പേരു പറഞ്ഞു പൊതുയിടത്തിൽ പരിഹസിക്കൽ, വ്യാജ പ്രചാരണം നടത്തൽ എന്നിവ നേരിടേണ്ടി വന്നു. മോശമായി അധിക്ഷേപിച്ച പഞ്ചായത്ത് സെക്രട്ടറി റഷീദ്, സ്റ്റാഫ് ശംസുദ്ദീൻ, അധിക്ഷേപത്തിൽ പങ്കാളികളായ ജീവനക്കാർ എന്നിവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു.
പരാതിയെക്കുറിച്ച് അന്വേഷിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. സക്കീന പറഞ്ഞു. സംഭവം ജീവനക്കാർ നിഷേധിച്ചിട്ടുണ്ട്. അതേസമയം, പൊതുജനങ്ങളുമായി നല്ലനിലയിൽ വർത്തിക്കുന്നതിനു പ്രത്യേക യോഗം വിളിച്ചു ജീവനക്കാർക്കു കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.