കോഴിക്കോട്: തിരുവോണം ചൊവ്വാഴ്ചയാണ്... പക്ഷേ, ആഘോഷം വെള്ളിയാഴ്ച തന്നെ കൊട്ടിക്കയറി... നാടും നഗരവും കേരളീയ വേഷത്തിൽ ഉടുത്തൊരുങ്ങി നിൽക്കുന്ന മനോഹരമായ കാഴ്ച... വെറുപ്പുപരത്തി അകറ്റിനിർത്താൻ കോപ്പുകൂട്ടുന്നവർക്ക് ഒരുമയുടെ ആഘോഷാവേശത്തിൽ പുതുതലമുറയുടെ പൂത്തുലഞ്ഞ മറുപടി...
സ്കൂളുകളും കോളജ് കാമ്പസുകളും ഓഫിസങ്കണങ്ങളുമെല്ലാം പൂവിളിയും പൂക്കളങ്ങളും നൃത്തച്ചുവടുകളും കൊണ്ട് നിറഞ്ഞ ദിവസമായിരുന്നു വെള്ളിയാഴ്ച. പത്തുനാളും നീളുന്ന ഓണാഘോഷത്തിനായി കലാലയങ്ങൾ അടക്കുന്ന ദിവസം കൂടിയായിരുന്നു. കാമ്പസ് മുറ്റത്ത് പൂക്കളങ്ങൾ വിരിഞ്ഞു.
വിഭവങ്ങൾ നിറഞ്ഞ ഗംഭീരമായ സദ്യ വിളമ്പി... പിന്നെ പാട്ടും ഡാൻസും മെഗാ തിരുവാതിരയും... വടംവലി, ഉറിയടി തുടങ്ങിയ മത്സരങ്ങളുടെ ആവേശം... ഓണപ്പുടവയുടുത്ത് പെൺകുട്ടികൾ ആഘോഷത്തിന്റെ മലയാളിത്തത്തെ ഉത്സവമാക്കി.. ഒരേ നിറത്തിലുള്ള കുപ്പായങ്ങളും വേഷ്ടിയുമുടുത്ത് ആൺകുട്ടികളും ഉത്സവം ‘കളറാ’ക്കി. കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രളയവും കോവിഡും മഴയുമെല്ലാം അപഹരിച്ച ഓണക്കാലങ്ങളുടെ കടംവീട്ടിയായിരുന്നു ഇക്കുറി ‘ന്യൂജെൻ’ ഓണമാഘോഷിച്ചത്.
അടുത്തകാലത്തെങ്ങും ഇല്ലാത്ത ഉണർവ് ഇക്കുറി ഓണവിപണിയിലും ദൃശ്യമാണ്. വഴികളിൽ ഓണം പൂത്തുതുടങ്ങി. മിക്കയിടങ്ങളിലും പ്രദർശന വിപണന മേളകൾ ഉഷാറായിവരുന്നു. സ്റ്റേഡിയം ഗ്രൗണ്ടിൽ രണ്ട് മേളകളാണ് നടക്കുന്നത്. കൈത്തറി വസ്ത്രങ്ങളുടെ മേളയും സിവിൽ സപ്ലൈസ് മേളയും.
കൈത്തറി മേളയിൽ നല്ല തിരക്കാണിപ്പോൾ. മിഠായിത്തെരുവിലെ ഖാദി ഗ്രമോദ്യോഗ് എമ്പോറിയം, ചെറൂട്ടി റോഡിലെ ജില്ല ഖാദി ഗ്രാമവ്യവസായ കേന്ദ്രം, ഹാൻവീവ്, ഹാൻടെക്സ് ഷോറൂമുകളിലെല്ലാം പ്രത്യേക മേളകൾ സജീവമാണ്. 20 ശതമാനം മുതൽ സർക്കാർ റിബേറ്റ് കച്ചവടത്തിന് പ്രോത്സാഹനമാകുന്നു.
ബീച്ചിൽ വനിത സംരംഭകർക്കായി വനിത വികസന കോർപറേഷൻ നടത്തുന്ന ‘എസ്കലേറ’ പ്രദർശന വിപണന മേളയിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മുതലക്കുളത്ത് കുടുംബശ്രീ പ്രദർശന വിപണനമേളയിലും ജനപങ്കാളിത്തമുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ കിഡ്സൻ കോർണറിൽ കെ.ടി.ഡി.സി നടത്തിയിരുന്ന പായസമേള ഇക്കുറി ബീച്ചിലേക്ക് മാറ്റിയിട്ടുണ്ട്.
കിഡ്സൺ കോർണറിലെ കെട്ടിടം പൊളിക്കുന്നതിനാലാണ് സ്ഥലംമാറ്റം. പാലട, പ്രഥമൻ, പൈനാപ്പിൾ, മാമ്പഴം തുടങ്ങി പായസങ്ങളുടെ വെറൈറ്റിയുത്സവമാണ് പായസമേളയിൽ. മുതലക്കുളത്തും എസ്കലേറയിലും മുളയരി പായസമാണ് ‘പ്രഥമൻ’.
മാനാഞ്ചിറക്കു ചുറ്റും പാവമണി റോഡിലും ഡി.ഡി ഓഫിസിനും കമീഷണറാഫിസിനും സമീപങ്ങളിൽ വസ്ത്ര വ്യാപാരത്തിനുള്ള താൽക്കാലിക പന്തലുകൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. സാധാരണക്കാരന്റെ ഓണസ്വപ്നങ്ങൾ ഈ വഴിയോരത്താണ് പൂത്തുലയുക.
കോഴിക്കോട്: എം.ഇ.എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് 150 കേന്ദ്രങ്ങളിൽ ഓണ സൗഹൃദ സദസ്സ് സംഘടിപ്പിക്കുമെന്ന് പ്രസിഡൻറ് ഡോ. പി.എ. ഫസൽ ഗഫൂർ പറഞ്ഞു. വിവിധ മേഖലകളിലെ പ്രമുഖ മതേതര ചിന്താഗതിക്കാരായ വ്യക്തികൾ പരിപാടികളിൽ പങ്കെടുക്കും.
കോഴിക്കോട്: വനിത വികസന കോര്പറേഷന് വനിത സംരംഭകര്‍ക്കായി നടത്തുന്ന എസ്കലേറ പ്രദര്‍ശന വിപണന മേള ഇന്ന് അവസാനിക്കും. കടപ്പുറത്ത് വൈകീട്ട് 5.30ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ അധ്യക്ഷത വഹിക്കും.
സിനിമതാരം നിർമല്‍ പാലാഴി മുഖ്യാതിഥിയാകും. രാഗവല്ലി മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ നൈറ്റും അരങ്ങേറും. സ്ത്രീ സംരംഭകര്‍ക്ക് മുന്നില്‍ പുതിയ വിപണി സാധ്യത തുറന്നിട്ടാണ് ഏഴുദിവസത്തെ മേള അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.