കോഴിക്കോട്: കോവിഡ് കാലത്ത് ബാങ്കിങ് ഉൾപ്പെടെ ഓൺലൈൻ ഇടപാടുകൾ വലിയതോതിൽ കൂടിയത് സൈബർ തട്ടിപ്പു സംഘങ്ങൾക്ക് ചാകരയാകുന്നു. ഇതുവരെയില്ലാത്തവിധമാണ് ൈസബർ കുറ്റകൃത്യങ്ങൾ വർധിച്ചത്. ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ഈ വർഷം 329 പരാതികളാണ് സിറ്റി സൈബർ സെല്ലിൽ മാത്രം ലഭിച്ചത്. റൂറൽ പരിധിയിലെ കണക്കുകൂടി പരിഗണിച്ചാൽ പരാതികൾ അഞ്ഞൂറ് കവിയും. എട്ടിരട്ടിയോളമാണ് പരാതികളുടെ വർധന. നഗരത്തിൽ 2020ൽ 71ഉം 2019ൽ 12ഉം പരാതികളാണുണ്ടായിരുന്നത്. ഓൺലൈൻ തട്ടിപ്പ് കേസുകൾ ലോക്കൽ പൊലീസും സൈബർ െസല്ലിന് കൈമാറുകയാണ് െചയ്യുന്നത്. ബാങ്ക് അക്കൗണ്ടിലെ പണം ചോർത്തൽ, വ്യാജ ഇ-മെയിൽ വിലാസമുണ്ടാക്കിയുള്ള തട്ടിപ്പ്, ഓൺലൈൻ ലോട്ടറി തട്ടിപ്പ്, വിവിധ ആപ്പുകളും ഗെയിമുകളും വഴിയുള്ള തട്ടിപ്പ് എന്നിവയാണ് പ്രധാനമായും നടക്കുന്നത്. പലപ്പോഴും ഉപഭോക്താക്കളുടെ അജ്ഞത ചൂഷണം ചെയ്താണ് തട്ടിപ്പെന്ന് സൈബർ സെൽ ഇൻസ്പെക്ടർ പി. രാജേഷ് 'മാധ്യമ'ത്തോട് പറഞ്ഞു. അതിനാൽ ജാഗ്രത പുലർത്തുകയേ വഴിയുള്ളൂ. ഒാൺലൈൻ ഗെയിമുകളുടെപോലും യൂസർ നെയിമും പാസ്വേഡും ആർക്കും കൈമാറരുത്. ഇടപാടുകളിൽ പണം നഷ്ടപ്പെട്ടാൽ ഗൂഗ്ളിൽ തിരഞ്ഞ് കസ്റ്റമർ കെയർ നമ്പറെടുക്കുന്ന രീതിയും ഒഴിവാക്കണം.
ഔദ്യോഗിക വെബ്സൈറ്റിലെ കസ്റ്റമർ കെയർ നമ്പറിൽ മാത്രമേ വിളിക്കാവൂ. ഗൂഗ്ളിൽ കസ്റ്റമർ കെയർ നമ്പറായി നൽകിയതിലധികവും തട്ടിപ്പുകാരുടേതാണ്. നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടാൻ എ.ടി.എം കാർഡിെൻറ പിൻ നമ്പർ നൽകരുതെന്നും അദ്ദേഹം പറഞ്ഞു.ഫിഷിങ് തട്ടിപ്പിൽ പ്രവാസി വ്യവസായിയുടെ 52 ലക്ഷവും ഓൺൈലൻ ലോട്ടറി തട്ടിപ്പിൽ റിട്ട. ബാങ്ക് മാനേജറുടെ 75 ലക്ഷം രൂപ നഷ്ടമായതാണ് ജില്ലയിൽ വലിയ കേസുകൾ.
സ്കൂൾ വിദ്യാർഥികളുെട ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് അധ്യാപകർ നൽകുന്ന ഗൂഗ്ൾമീറ്റിലെ ലിങ്കുകൾ പോലും കൈമാറുന്നതിനാൽ ക്ലാസ് നടക്കവെ അജ്ഞാതർ കയറി അശ്ലീലം പറയുന്നതടക്കം നിത്യസംഭവമാണ്. എനിഡെസ്ക് പോലുള്ള സൗജന്യ ആപ്പുകൾ വഴിയും പണം നഷ്ടമാവുന്ന സ്ഥിതിയുണ്ട്. ബി.എസ്.എൻ.എല്ലിെൻറ സിം ആക്ടിവേറ്റ് െചയ്യുന്നതിെൻറ മറവിലും ഓൺലൈൻ വ്യാപാരപോർട്ടലുകളിൽ നിന്ന് സാധനം വാങ്ങുേമ്പാൾ വൻതുക സമ്മാനമായി ലഭിച്ചെന്ന് വിശ്വസിപ്പിച്ചും തട്ടിപ്പു നടക്കുന്നുണ്ട്.
സൈബർ കുറ്റകൃത്യങ്ങൾ അനവധി
സൈബർ കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുന്നത് ഇവയാണ്:
കമ്പ്യൂട്ടറുകളിലേക്കും മറ്റു നെറ്റ്വർക്കുകളിലേക്കും നുഴഞ്ഞുകയറൽ, ജി-മെയിലും ഫേസ്ബുക് അക്കൗണ്ടും ഹാക്ക് െചയ്യൽ, ഇലക്ട്രോണിക് രൂപത്തിലുള്ള േഡറ്റകളുടെ മോഷണം, വൈറസ് അറ്റാക്ക്, ലോജിക് അറ്റാക്ക്, ഇ-മെയിൽ ബോംബിങ്, സലാമി അറ്റാക്ക്, ഇൻറർനെറ്റ് സമയം കവരൽ, ഓൺലൈൻ വഞ്ചന, വിശ്വസനീയമായ ഐ.പി അഡ്രസിൽ നിന്നെന്ന വ്യാജേന കമ്പ്യൂട്ടറുകളിലേക്ക് അതിക്രമിച്ചു കടക്കൽ (ഐ.പി സ്പൂഫിങ്), ഇലക്ട്രോണിക് കമ്യൂണിക്കേഷൻ വഴി ആളുകളുടെ പാസ്വേഡും യൂസർനെയിമും ക്രെഡിറ്റ് കാർഡ് വിവരങ്ങളും ചോർത്തൽ (ഫിഷിങ്), സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം, മൊബൈൽ ഫോണും കമ്പ്യൂട്ടറും ഇൻറർനെറ്റുമായി ബന്ധപ്പെട്ട എല്ലാ തട്ടിപ്പുകളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.