സാമൂഹിക സുരക്ഷക്കായി ‘ഒപ്പം’കൂട്ടാം; കാമ്പയിന് തുടക്കം

കോ​ർ​പ​റേ​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന ‘ഒ​പ്പം’ കാ​മ്പ​യി​നി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ കാ​മ്പ​യി​ന് അ​നു​ഭാ​വം പ്ര​ഖ്യാ​പി​ച്ച് ഒ​പ്പു​വെ​ക്കു​ന്നു. മേ​യ​ർ ബീ​ന ഫി​ലി​പ്പ് സ​മീ​പം

സാമൂഹിക സുരക്ഷക്കായി ‘ഒപ്പം’കൂട്ടാം; കാമ്പയിന് തുടക്കം

കോഴിക്കോട്: നഗരത്തിലെ പാർശ്വവത്കൃതരെ ഒപ്പംകൂട്ടി മുന്നോട്ടുപോവാൻ ലക്ഷ്യമിട്ടുള്ള ‘ഒപ്പം’ കാമ്പയിൻ കോർപറേഷൻതല ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. അടിസ്ഥാന സൗകര്യവും അവകാശങ്ങളും നിഷേധിക്കപ്പെട്ടവർക്ക് മെച്ചപ്പെട്ട സേവനം എത്തിച്ചാലേ സർവതല സ്പർശിയായ വികസനമുണ്ടാവുകയുള്ളൂവെന്നും രാഷ്ട്രീയ, മത ഭിന്നതകൾ മാറ്റിവെച്ച് ഇതിനായി ഒന്നിക്കണമെന്നും മന്ത്രി പറഞ്ഞു.

പ്രാദേശിക പദ്ധതികളിലെ ദാരിദ്ര്യ നിർമാർജന, സ്ത്രീ ശാസ്ത്രീകരണ നടപടികളിൽ വലിയൊരു പങ്ക് കുടുംബശ്രീകൾ വഴിയാണ് നടക്കുന്നത്. സ്ത്രീ ജീവിതത്തിന്റെ സർവമണ്ഡലത്തിലും ഇടപെടുന്ന ജനകീയ പ്രസ്ഥാനമായി അത് മാറി. സ്ത്രീകൾക്കും സമൂഹത്തിലെ കാര്യങ്ങളിൽ ഇടപെടാമെന്ന ബോധ്യം അതുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.എം.എ.വൈ, ലൈഫ് തുടങ്ങി വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായവരടക്കമുള്ളവരെ ഒന്നിപ്പിച്ച് ജീവനോപാധിയടക്കം കണ്ടെത്തുകയാണ് ലക്ഷ്യം. അതോടൊപ്പം അതിദാരിദ്ര്യത്തിൽപെട്ടതായി കണ്ടെത്തിയവരെ ജീവിതോന്നതിയിലെത്തിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തുക, കുടുംബശ്രീയിലെ 78,000ത്തിലേറെയുള്ള അംഗങ്ങളിൽ പിന്നാക്കം നിൽക്കുന്നവർക്ക് ജീവനോപാധിയുണ്ടാക്കുക എന്നിവയും ലക്ഷ്യങ്ങളാണ്.

ഫെബ്രുവരി 28 വരെയുള്ള കാമ്പയിൻ വഴി ബോധവത്കരണവും വിശദമായ കർമപദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യും. അടുത്ത ദിവസം വാർഡുതല പരിപാടികൾ ആരംഭിക്കും. ദാരിദ്ര്യത്തിലും ബുദ്ധിമുട്ടിലും കഴിയുന്നവരില്ലാത്ത നഗരമാണ് ലക്ഷ്യമെന്ന്, സ്വാഗതം പറഞ്ഞ കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി. ദിവാകരൻ പറഞ്ഞു. മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷരായ പി.സി. രാജൻ, കൃഷ്ണകുമാരി, പി.കെ. നാസർ, സി. രേഖ, കൗൺസിലർമാരായ ഒ. സദാശിവൻ, ടി. റനീഷ്, കോർപറേഷൻ സെക്രട്ടറി കെ.യു. ബിനു, കുടുംബശ്രീ കോർപറേഷൻ പ്രോജക്ട് ഓഫിസർ ടി.കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - oppam campaign begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.