കോഴിക്കോട്: വാക്കും പ്രവൃത്തിയും എഴുത്തും എന്തിന് ജീവിതംതന്നെ പോരാട്ടമാണ് പി. അംബികക്ക്. പാർശ്വവത്കരിക്കപ്പെടുന്ന മനുഷ്യരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ സമരപോരാട്ടങ്ങളുടെ മുൻനിരയിൽ അംബികയുണ്ടാവും. നീതിനിഷേധത്തിന്റെ നിജസ്ഥിതി ‘മറുവാക്കി’ൽ പ്രസിദ്ധീകരിച്ച് അത് എത്തേണ്ട ഇടങ്ങളിലെല്ലാം എത്തിക്കും. ഇത്രയും ചെയ്തില്ലെങ്കിൽ എങ്ങനെയാണ് മനസ്സമാധാനത്തോടെ ഉറങ്ങുകയെന്നാണ് അംബികയുടെ പക്ഷം.
കോഴിക്കോട്ടുനിന്ന് സംസ്ഥാനമാകെ കത്തിപ്പടർന്ന മൂത്രപ്പുര സമരത്തിന് നേതൃത്വം നൽകിയത് അംബികയും വിജിയുമായിരുന്നു. ഈ സമരം പിന്നീട് കേരളം ഏറ്റെടുത്തു. കടകളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ അവകാശപോരാട്ടങ്ങൾക്ക് ഒരു പ്ലാറ്റ്ഫോം രൂപവത്കരിക്കാൻ അസംഘടിത തൊഴിലാളി യൂനിയൻ രൂപവത്കരിക്കുന്നതിന് ചുക്കാൻപിടിച്ചു.
ഡിഗ്രി പഠനകാലത്തുതന്നെ ദലിത് സ്ത്രീകളുടെ വിഷയത്തിൽ ഇടപെട്ടുതുടങ്ങിയ അംബിക സഹകരണ വകുപ്പിൽ താൽക്കാലിക ഓഡിറ്ററായി നിയമം ലഭിച്ചപ്പോൾ ആദിവാസികളുടെ പ്രശ്നങ്ങൾ പഠിക്കാനായി അട്ടപ്പാടിയിലേക്ക് ട്രാൻസ്ഫർ ചോദിച്ചുവാങ്ങി. പിന്നീട് ഐ.ആർ.ടി.സി പഠനസംഘത്തിൽ ചേരുകയും അട്ടപ്പാടിയിൽ ചെലവഴിക്കപ്പെട്ട ഭീമമായ തുകയുടെ ഒരു ഗുണവും ഗോത്രവർഗ വിഭാഗത്തിന് ലഭിച്ചിട്ടില്ല എന്ന് തിരിച്ചറിയുകയും ചെയ്തു.
ഇത്തരം അവകാശ നിഷേധങ്ങൾ പൊതുജനമധ്യത്തിലെത്തിക്കണമെന്ന് നിശ്ചയിച്ച അംബിക അതിനായി പിന്നീട് മറുവാക്ക് മാസിക തുടങ്ങി. അട്ടപ്പാടി ഭൂമി വിഷയമായിരുന്നു മറുവാക്കിന്റെ ആദ്യവാക്ക്. മൂലധനമില്ലാതെ മാസിക പുറത്തിറക്കൽ പ്രതിസന്ധിയായപ്പോൾ മാധ്യമപ്രവർത്തനം നടത്തി ആ ശമ്പളം അതിനായി നീക്കിവെച്ചു.
പ്ലാച്ചിമട സമരം, മാവോവാദി വേട്ടകൾ, ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീകൾ നടത്തിയ സമരം, പൗരത്വസമരങ്ങൾ, മധു വധക്കേസ്, നിലമ്പൂരിലെ ആദിവാസി ഭൂസമരം തുടങ്ങിയ സമരങ്ങളിൽ അംബിക സ്ഥിരംസാന്നിധ്യമായി.
മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചുമത്തി തടവിലിട്ടപ്പോൾ കാപ്പൻ ഐക്യദാർഢ്യ സമിതിയുണ്ടാക്കി വിഷയം പൊതുജനശ്രദ്ധയിൽ സജീവമാക്കിനിർത്താൻ ചുക്കാൻപിടിച്ചു. കമ്യൂണിസ്റ്റുകാരനായ പിതാവ് രാമനുണ്ണി മൂസ്സതിൽനിന്നാണ് അംബികയിലെ പോരാട്ടനായികയുടെ ഉദയം. ഭർത്താവ് പി. സുരേന്ദ്രന്റെ പിന്തുണയും പോരാട്ടവഴികളിൽ അംബികക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.