പാലേരി: വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിൽ കെ.എസ്.ടി.എ നടത്തിയ ഇഫ്താർ വിരുന്നിനെതിരെ സമൂഹ മാധ്യമങ്ങളിൽ പരാമർശം നടത്തിയ കെ.എസ്.ടി.എ ബ്രാഞ്ച് പ്രസിഡന്റ് ആർ. ബിജുവിനെ സംഘടനയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കി.
സംഘടനയുടെ പ്രഖ്യാപിത മതനിരപേക്ഷ നിലപാടിന് വിരുദ്ധമായി നവ മാധ്യമങ്ങളിൽ ശബ്ദസന്ദേശം നൽകിയെന്നാണ് വിശദീകരണം. ബ്രാഞ്ച് യോഗത്തിൽ വൈസ് പ്രസിഡന്റ് കെ.വി. മുനീർ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം സി. സതീശൻ, കുന്നുമ്മൽ ഉപജില്ല സെക്രട്ടറി കെ.പി. ബിജു, പ്രസിഡന്റ് വി. അനിൽ, ഇ. ബിജു എന്നിവർ സംസാരിച്ചു.
പൊതു വിദ്യാലയങ്ങളിൽ ഇഫ്താർ വിരുന്ന് പോലുള്ള മത ചടങ്ങുകൾ നടത്തുന്നത് ശരിയല്ലെന്നും എലത്തൂർ തീവണ്ടി തീവെപ്പ് കേസുകളെല്ലാം ഉണ്ടായ സാഹചര്യത്തിൽ ഇത്തരം മതപ്രീണന നയങ്ങൾ സഖാക്കൾ നടത്തുന്നത് ശരിയല്ല എന്നുമാണ് ബിജുവിന്റെ ശബ്ദസന്ദേശത്തിലുള്ളത്.
ഇത്തരം പരിപാടികൾ വിദ്യാലയങ്ങളിൽ നടത്തുമ്പോൾ കുട്ടികളിൽ മത, ജാതി ചിന്തകൾ കടന്നുവരുമെന്നും അദ്ദേഹത്തിന്റെ ശബ്ദ സന്ദേശത്തിൽ ഉണ്ട്. ഈ സന്ദേശം കെ.എസ്.ടി.എ ഗ്രൂപ്പിൽ നിന്ന് പുറത്തായതോടെ മറ്റ് സമൂഹ മാധ്യമ ഗ്രൂപ്പുകളിലെല്ലാം എത്തി. കെ.എസ്.ടി.എ നേതാവിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് രംഗത്തെത്തി. ഇതോടെയാണ് വളരെ പെട്ടെന്ന് അച്ചടക്ക നടപടി സ്വീകരിച്ചത്.
പാലേരി: കെ.എസ്.ടി.എ നേതാവിന്റെ പ്രസ്താവന മതേതര കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് വെൽഫെയർ പാർട്ടി ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി.
എലത്തൂർ തീവണ്ടി തീവെപ്പ് സംഭവം ഇഫ്താർ സംഗമവുമായി ബന്ധപ്പെടുത്തി വംശീയമായി പരാമർശം നടത്തിയ വടക്കുമ്പാട് ജി.എൽ.പി സ്കൂൾ അധ്യാപകൻ ആർ. ബിജുവിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കുന്നുമ്മൽ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ, കോഴിക്കോട് ഡി.ഡി.ഇ, വടക്കുമ്പാട് ജി.എൽ.പി ഹെഡ്മാസ്റ്റർ, പേരാമ്പ്ര സി.ഐ എന്നിവർക്ക് പാർട്ടി പരാതി നൽകി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. ഖാസിം അധ്യക്ഷത വഹിച്ചു.
സെക്രട്ടറി മൂസ, മണ്ഡലം സെക്രട്ടറി വി. എം. നൗഫൽ, വി. പി. അസീസ്, കെ. പി. റഫീഖ്, അബ്ദുല്ല സൽമാൻ, കെ. പി. ആർ. അഫീഫ് എന്നിവർ സംസാരിച്ചു.
പാലേരി: നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ കൂടി വർഗീയ പരാമർശങ്ങൾ നടത്തുന്ന സി.പി.എം അധ്യാപക സംഘടനയുടെ നീക്കം പ്രതിഷേധാർഹമാണെന്ന് മുസ്ലിം യൂത്ത് ലീഗ് ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി.
ഒരു സ്ഥാപനത്തിൽ നടത്തിയ ഇഫ്താർ സംഗമവുമായി ബന്ധപ്പെട്ട് ഒരു സമുദായത്തെ മുഴുവൻ തീവ്രവാദികളായി ചിത്രീകരിച്ച് കെ.എസ്.ടി.എ ബ്രാഞ്ച് പ്രസിഡന്റ് നടത്തിയ പ്രചാരണം സി.പി.എം-ആർ.എസ്.എസ് ബാന്ധവത്തിന്റെ തെളിവാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
അബ്ദുറഷീദ് കരിങ്ങണ്ണിയിൽ അധ്യക്ഷത വഹിച്ചു. അലി തങ്ങൾ, ശിഹാബ് കന്നാട്ടി, സിദ്ദീഖ് തൊണ്ടിയിൽ, യു. പി. ദിൽഷാദ്, കെ.കെ.സി. സമീർ, വി.പി. ഹാരിസ്, അജ്നാസ് കൊയപ്ര, സി.പി. നസീർ, മിഖ്ദാദ് പുറവൂർ, ശാമിൽ ഗഫൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.