പാലേരി: ജനകീയ ജീപ്പ് സർവ്വീസ് നിലച്ചതോടെ കടിയങ്ങാട് - കല്ലൂർ - പേരാമ്പ്ര റൂട്ടിലെ നിരവധി യാത്രക്കാർ ദുരിതത്തിലായി. സ്കൂൾ തുറക്കുന്നതോടെ യാത്രാദുരിതം രൂക്ഷമാവും. ഈ റൂട്ടിലെ യാത്രാക്ലേശത്തെ തുടർന്ന് മൂന്ന് വർഷം മുമ്പാണ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ മൂന്ന് ജീപ്പുകൾ എടുത്ത് സർവ്വീസ് ആരംഭിച്ചത്. 75 പേരാണ് ഓഹരികളെടുത്തത്. കാലത്ത് ആറു മണിക്ക് ആരംഭിക്കുന്ന സർവ്വീസ് വൈകീട്ട് 8 മണിയോടെയാണ് അവസാനിക്കുക. എന്നാൽ കോവിഡും അതിനെ തുടർന്നുള്ള ലോക്ഡൗണും കാരണം ഒന്നര വർഷത്തോളമായി സർവ്വീസ് നിലച്ചു. ഇതിനെ തുടർന്ന് ജീപ്പുകളും ഒഴിവാക്കി.
ജീപ്പ് സർവ്വീസ് നടത്തുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ട് ഏറെ നാളായി.കല്ലോട്, നടുപ്പറമ്പിൽ താഴെ, കല്ലൂർ കാവ്, പാറക്കടവ്, പുളിക്കൂൽ, മാണികൊത്ത്, സ്റ്റേഡിയം, കുന്നുമ്മൽ താഴെ തുടങ്ങിയ മേഖലകളിലും റോഡ് കുണ്ടുംകുഴിയുമായിരിക്കയാണ്. കോവിഡിനെ കൂടാതെ റോഡിന്റെ ശോച്യാവസ്ഥയും അടിക്കടിയുള്ള ഇന്ധന വില വർധനവ് ഈ ജനകീയ സർവ്വീസിന്റെ തകർച്ചക്ക് കാരണമായിട്ടുണ്ട്. റോഡ് തകർന്നതോടെ ഓട്ടോ- ടാക്സികൾ ഈ റോഡിലൂടെ സർവ്വീസ് നടത്താൻ വിസ്സമ്മതിക്കുകയാണ്. റോഡ് താൽക്കാലികമായി അറ്റക്കുറ്റ പ്രവൃത്തി നടത്തി ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തൊട്ടിൽപ്പാലത്ത് നിന്നും കല്ലൂർ വഴി കോഴിക്കോട്ടേക്ക് കെ.എസ്.ആർ.ടി സി ബസ് അനുവദിക്കണമെന്ന് കല്ലൂർ ജനകീയ സമിതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.